തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ നിലവില്‍ വന്ന ശേഷം മോട്ടോര്‍ വാഹന വകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ പ്രമോഷന്‍ ഇല്ലാതാക്കി ഉത്തരവിറക്കി സര്‍ക്കാര്‍. നാലു കേസുകളില്‍ നിലവിലുള്ള സ്റ്റേ ഉത്തരവു പോലും മാനിക്കാതെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സുപ്രീം കോടതി അംഗീകരിച്ച സ്‌പെഷ്യല്‍ റൂളാണ്, ഇപ്പോള്‍ നിയമ വിരുദ്ധമായി എക്‌സിക്യുട്ടീവ് ഉത്തരവിറക്കി തിരുത്തിയത്.

യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ പ്രമോഷന്‍ ഇല്ലാതാക്കിയ ഉത്തരവു പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളാ മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസ്സോസിയേഷന്‍ രംഗത്തുവന്നു. നിയമവിരുദ്ധമായി ജീവനക്കാരുടെ പ്രമോഷന്‍ ഇല്ലാതാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പണിമുടക്ക് അടക്കമുള്ള സമരത്തിലേക്ക് നീങ്ങുവാനാണ് അസോസിയേഷന്റെ തീരുമാനം.

സമരത്തിന്റെ ഭാഗായി മോട്ടോര്‍ വാഹന വകുപ്പിലെ കേരളത്തിലെ മുഴുവന്‍ ഓഫീസുകളിലെയും ജീവനക്കാര്‍ കറുത്ത ബാഡ്ജും കറുത്ത മാക്‌സും ധരിച്ച് ഇന്നലെ കരിദിനം ആചരിച്ചു. മാര്‍ച്ച് 29, 30, 31 തിയ്യതികളില്‍ പണിമുടക്ക് നടത്തുന്നതിന്
നോട്ടീസ് നല്‍കും. ഓണ്‍ ലൈനായി നടന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. സെബാസ്റ്റ്യന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വിനോദ് പി.എസ്, സംസ്ഥാന ഭാരവാഹികളായ പ്രതീഷ് എ.കെ, വിനോദ്കുമാര്‍.കെ, ഹനീഫ പി.വി, മനോജ് മോഹന്‍, മനുരാജ്. ആര്‍, ഹരിലാല്‍ എസ്, സലിം പി.എം, മേഴ്‌സിക്കുട്ടി സാമുവേല്‍, സജീഷ് പറമ്പത്ത്, മനോജ് ടി.ടി, നിശാന്ത് പി.ജി., അര്‍ച്ചന.വി, ജോണ്‍ സി.എഫ്., ബിനോയ് ചാക്കോ, ബിന്ദു.പി.എ എന്നിവര്‍ സംസാരിച്ചു.