ഭോപ്പാല്‍: മധ്യപ്രദേശില്‍ വാഹനങ്ങള്‍ ഒന്നൊന്നായി കയറിയിറങ്ങിയ നിലയില്‍ 75കാരന്റെ മൃതദേഹം കണ്ടെത്തി. വസ്ത്രവും ഏതാനും അസ്ഥികഷ്ണങ്ങളും മാത്രമാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

റാവ ജില്ലയിലാണ് സംഭവം. രണ്ടു ദിവസം മുന്‍പാണ് അപകടം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കണ്ടെന്ന് വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് എത്തിയ പൊലീസ് ഏതാനും അസ്ഥികഷ്ണങ്ങളാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. 75 വയസുകാരനായ സമ്പത്‌ലാലിന്റെ മൃതദേഹമാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

മകളെ കാണാന്‍ വ്യാഴാഴ്ച പോയതാണ് സമ്പത്‌ലാല്‍. വീട്ടില്‍ തിരിച്ച് എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ 75കാരനെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അപകടം നടന്ന ഹൈവേയുടെ അരികില്‍ വൈദ്യുതി വെളിച്ചം ഇല്ല. അതിനാല്‍ വാഹനങ്ങള്‍ തുടര്‍ച്ചയായി മൃതദേഹത്തില്‍ കയറിയിറങ്ങിയത് കൊണ്ടാകാം ഏതാനും ശരീരാവിശിഷ്ടങ്ങള്‍ മാത്രം അവശേഷിച്ചതെന്ന് പൊലീസ് പറയുന്നു.