X

വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം : എം എസ് എഫ്

കോഴിക്കോട് : ഓപ്പണ്‍ സര്‍വ്വകലാശാലയുടെ മറവില്‍ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ ജനറല്‍ സെക്രട്ടറി എം പി നവാസ് എന്നിവര്‍ ആവശ്യപ്പെട്ടു. ഓപ്പണ്‍ സര്‍വ്വകലാശാലകളുടെ കൂടെ തന്നെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നടപ്പിലാക്കുന്നതിന് യുജിസി അനുമതി നല്‍കും എന്നിരിക്കെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണ്.

റെഗുലര്‍ കോളേജുകളില്‍ ഡിഗ്രിക്ക് അഡ്മിഷന്‍ ലഭ്യമാകാത്ത ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ചും മലബാര്‍ മേഖലയില്‍ ബിരുദം പഠിക്കാനുള്ള അവസരമാണ് പാരലല്‍ കോളേജുകളും വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളും നല്‍കുന്നത് . ഡിസ്റ്റന്‍സ് ആയി ഡിഗ്രി, പി ജി കോസ്‌സുകള്‍ക്ക് വിദ്യാര്‍ഥികള്‍ കൂടുതല്‍ രജിസ്‌ട്രേഷന്‍ നടത്തുന്നത് കാലിക്കറ്റ് സര്‍വകലാശാലയില്‍ ആയതിനാല്‍ ഓപ്പണ്‍ സര്‍വകലാശാല ആസ്ഥാനം മലബാര്‍ മേഖലയില്‍ സ്ഥാപിക്കാന്‍ ആണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ തീരുമാനിച്ചത്.

മലബാര്‍ മേഖലയില്‍ തന്നെ സ്ഥാപിക്കുമെന്നു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ ആദ്യം അറിയിച്ചിരുന്നുവെങ്കിലും ഇപ്പോള്‍
ഓപ്പണ്‍ സര്‍വകലാശാല തെക്കന്‍കേരളത്തില്‍ രൂപീകരിക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഓപ്പണ്‍ സര്‍വകലാശാല തെക്കന്‍ജില്ലകളില്‍ രൂപീകരിക്കുകയും വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്യുകയാണെങ്കില്‍ മലബാര്‍ മേഖലയിലെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ബിരുദ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി നേരിടും.

വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നതിലൂടെ ഇതര സംസ്ഥാന വിദ്യാഭ്യാസ ലോബികളുടെ താല്‍പര്യത്തിനനുസരിച്ച് മലയാളി വിദ്യാര്‍ത്ഥികളെ അവരുടെ സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനു സഹായകരമാകുന്ന നിലപാടാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഡിസ്റ്റന്‍സ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടി ആവാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ ശക്തമായ സമരങ്ങള്‍ക്ക് എംഎസ്എഫ് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു. സര്‍വകലാശാല തലത്തില്‍ പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്ത് സമര പരിപാടികളുമായി എം എസ് എഫ് മുന്നോട്ടു പോവുമെന്നും അറിയിച്ചു

web desk 3: