X

ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റും

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരണപ്പെട്ട കേസില്‍ ഐഎഎസ് ഓഫീസറും സര്‍വ്വേ വകുപ്പ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

ശ്രീറാമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്നതിനായി പൊലീസ് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ എത്തി്. കോടതി റിമാന്‍ഡ് ചെയ്തിട്ടും ശ്രീറാം വെങ്കിട്ടരാമന്‍ പിതാവിനൊപ്പം സ്വകാര്യ ആശുപത്രിയിലെ ആഡംബര മുറിയില്‍ തുടരുന്നത് വിവാദമായ സാഹചര്യത്തിലാണ് പൊലീസിന്റെ ഇടപെടല്‍.

റിമാന്‍ഡ് തടവിലുള്ള ശ്രീറാമിനെ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ആശുപത്രിയില്‍ കിടത്തി ചികിത്സിക്കുന്നതിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ബഷീറിന്റെ കുടുംബം പരാതിയുമായി രംഗത്തുവരികയും ചെയ്ത സാഹചര്യത്തിലാണ് ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനുള്ള നടപടി ആരംഭിച്ചത്.

ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നേരിട്ട് പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നുവെന്നാണ് വിവരം. ശ്രീറാമിനെ മെഡിക്കല്‍ കോളേജിലെ സെല്ലിലേക്ക് മാറ്റുകയാണ് എന്നു കാണിച്ച് കിംസ് അധികൃതര്‍ക്ക് കേസ് അന്വേഷിക്കുന്ന മ്യൂസിയം പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഇരുപതാം വാര്‍ഡിലാണ് സെല്‍ വാര്‍ഡ്. ഇവിടേക്കാവും ഇനി ശ്രീറാമിനെ കൊണ്ടു പോകുക.

web desk 3: