X

സംവരണ അട്ടിമറിക്കും വിദ്യാഭ്യാസ അവകാശ നിഷേധങ്ങള്‍ക്കുമെതിരെ എംഎസ്എഫ് സമരജാഥകള്‍ക്ക് തുടക്കമായി

മലപ്പുറം: സംവരണ അട്ടിമറിക്കെതിരെയും വിദ്യാഭ്യാസ അവകാശ നിഷേധങ്ങള്‍ക്കെതിരെയും എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സമരജാഥകള്‍ക്ക് തുടക്കമായി. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എ.എസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമരജാഥകള്‍ നടക്കുന്നത്. പതാക കൈമാറ്റ ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെപിഎ മജീദ്, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, എംഎസ്എഫ് സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു.

സംവരണത്തിന്റെ ഭരണഘടനാ ലക്ഷ്യങ്ങള്‍ അട്ടിമറിച്ചുള്ള മുന്നാക്ക സംവരണം ന്യൂനപക്ഷ വിരുദ്ധമാണെന്നും സിപിഎമ്മിന്റെ കപട ന്യൂനപക്ഷ സ്‌നേഹമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും എംഎസ്എഫ് നേതാക്കള്‍ പറഞ്ഞു. സാമൂഹിക പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന സംവരണത്തിന്റെ അടിസ്ഥാന ലക്ഷ്യം മറച്ചു വെച്ച് സാമ്പത്തിക സുരക്ഷ എന്ന തെറ്റായ സന്ദേശമാണ് മുന്നാക്ക സംവരണം വഴി ഇടതു പക്ഷം ലക്ഷ്യം വെക്കുന്നത്. ചരിത്രപരവും, സാമൂഹ്യപരവുമായ കാരണങ്ങളാല്‍ പിന്നിലാക്കപ്പെട്ട അധഃസ്തിത, പിന്നോക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരാനും ഭരണനിര്‍വഹണത്തില്‍ ജനസംഖ്യാനുപാതികമായ പ്രാധിനിധ്യം ഉറപ്പ് വരുത്താനുമായി നടപ്പില്‍ വരുത്തിയതാണ് സംവരണം. സാമ്പത്തിക പിന്നോക്കാവസ്ഥ മാനദണ്ഡമാക്കി മുന്നാക്ക സംവരണം നടപ്പിലാക്കപ്പെടുമ്പോള്‍ തകര്‍ക്കപ്പെടുന്നത് സംവരണ തത്വങ്ങളാണെന്നും എംഎസ്എഫ് നേതാക്കള്‍ പറഞ്ഞു.

മലബാറിലേക്ക് ആവശ്യമായ പ്ലസ് വണ്‍ സീറ്റുകള്‍ അനുവദിക്കാത്തതിനും മുന്നോക്ക സംവരണം നടപ്പിലാക്കി സംവരണത്തിന്റെ യഥാര്‍ത്ഥ അവകാശികളായ ദലിത് ന്യൂനപക്ഷ വിഭാഗങ്ങളെ വെല്ലു വിളിക്കുന്ന പിണറായി ഗവണ്‍മെന്റിന്റെ ജന വഞ്ചനക്കും എതിരെയാണ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ അവകാശ സംരക്ഷണ റാലി സംഘടിപ്പിക്കുന്നത്.

web desk 1: