X

52-ാം ദേശീയ ദിനത്തില്‍ 52 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി എംഎസ്എസ് യുഎഇ ഫെസ്റ്റ് ഡിസംബര്‍ 3ന്

ദുബൈ: ദുബൈ ഗവണ്‍മെന്റിന്റെ കമ്യൂണിറ്റി ഡെവലപ്‌മെന്റ് അഥോറിറ്റി(സിഡിഎ)യുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന മോഡല്‍ സര്‍വീസ് സൊസൈറ്റി (എംഎസ്എസ്) യുഎഇയുടെ 52-ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ 52 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ‘എംഎസ്എസ് യുഎഇ ഫെസ്റ്റ് 2023’ ഡിസംബര്‍ 3ന് ഞായറാഴ്ച മുഹൈസ്‌ന ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ സംഘടിപ്പിക്കും.

കെജി മുതല്‍ പ്‌ളസ് 2 വരെയുള്ള ക്‌ളാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് രാവിലെ 10 മുതല്‍ രാത്രി 8 മണി വരെ ഫെസ്റ്റ് ഒരുക്കുന്നതെന്ന് സംഘാടകര്‍ എംഎസ്എസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
8 മുതല്‍ 12 വരെ ക്‌ളാസ്സുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് നടത്തുന്ന
ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരവും സയന്‍സ് എക്‌സിബിഷനും ഇതിലെ പ്രധാന ആകര്‍ഷണങ്ങളാണ്. കൂടാതെ, എംഎസ്എസ് ലേഡീസ് വിംങ് സ്ത്രീകള്‍ക്കായി ഒരുക്കുന്ന ഹെന്ന, കുക്കറി മല്‍സരങ്ങളുമുണ്ടാകും.

ഇന്റര്‍ സ്‌കൂള്‍ ക്വിസ് പ്രോഗ്രാമില്‍ 52 സ്‌കൂളുകളിലെ മിടുക്കരായ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രാഥമിക റൗണ്ടില്‍ വിജയിച്ച മല്‍സരാര്‍ത്ഥികള്‍ ഫൈനല്‍ റൗണ്ടില്‍ ലൈവായി മാറ്റുരയ്ക്കും.പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സര്‍ഗവാസനകള്‍ പ്രകടിപ്പിക്കാന്‍ ഉത്തമ വേദിയാകുമിതെന്നും, നാട്ടിലെ സംസ്ഥാന യൂത്ത് ഫെസ്റ്റിവലിന്റെ പ്രതീതി ജനിപ്പിക്കുന്ന വിധത്തില്‍ മികച്ച നിലയിലായിരിക്കും ഇതിന്റെ സംഘാടനമെന്നും എംഎസ്എസ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ്, ജന.സെക്രട്ടറി ഷജില്‍ ഷൗക്കത്ത്, പ്രോഗ്രാം സെക്രട്ടറി നസീര്‍ അബൂബക്കര്‍ തുടങ്ങിയവര്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി എംഎസ്എസ് നടത്തുന്ന ഇത്തരം മല്‍സരങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം വര്‍ധിച്ചു വരുന്നത് ഈ പ്രോഗ്രാമിന്റെ സ്വീകാര്യത ബോധ്യപ്പെടുത്തുന്നതാണ്. ഇക്കൊല്ലം 1,300 പേര്‍ കളറിംങ്, പെന്‍സില്‍ ഡ്രോയിംങ്, പ്രസംഗ മത്സരം, ഖുര്‍ആന്‍ പാരായണം, മോണോ ആക്റ്റ്, ദേശീയ ഗാനം, സ്‌റ്റോറി ടെല്ലിംഗ് ഇനങ്ങളില്‍ മത്സരിക്കും. കൂടുതല്‍ പോയിന്റുകള്‍ നേടുന്ന സ്‌കൂളിന് ഓവറോള്‍ ട്രോഫിയായി 10,000 ദിര്‍ഹം വിലയുള്ള സമ്മാനങ്ങള്‍ നല്‍കും. ക്വിസ് മല്‍സര വിജയികള്‍ക്ക് സ്വര്‍ണ നാണയങ്ങളും നല്‍കുന്നതാണ്.

എംഎസ്എസ് യുഎഇ ഫെസ്റ്റ് 2023ന്റെ സമാപന ചടങ്ങില്‍ ദുബൈ പൊലീസ്, ദുബൈ മുനിസിപ്പാലിറ്റി, ദുബൈ ഹെല്‍ത് അതേഥാറിറ്റി തുടങ്ങിയ ഗവണ്‍മെന്റ് സ്ഥാപനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും സംബന്ധിക്കും.

മൂന്നു പതിറ്റാണ്ടിലധികമായി യുഎഇയിലെ സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ-ബോധവത്കരണ മേഖലകളില്‍ ലാഭേഛയില്ലാതെ സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് മോഡല്‍ സര്‍വീസ് സൊസൈറ്റി. ജനോപകാരപ്രദമായ എണ്ണമറ്റ പ്രവര്‍ത്തനങ്ങളാണ് ഈ സംഘടന നാളിതുവരെയായി നിര്‍വഹിച്ചു വരുന്നത്.

ഇതിന് ഒട്ടേറെ ബഹുമതികളും ഈ കൂട്ടായ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. എംഎസ്എസ് യുഎഇ ഫെസ്റ്റ് 2023ലേക്ക് സൗജന്യമായാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. ഫെസ്റ്റിലേക്ക് ഏവരെയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. പ്രോഗ്രാം കണ്‍വീനര്‍ സിതിന്‍ നാസര്‍, ഫിനാന്‍സ് കണ്‍വീനര്‍ ഫയ്യാസ് അഹ്മദ്, പ്രേം (ജലീല്‍ ഹോള്‍ഡിംങ്) എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

webdesk13: