X
    Categories: CultureNewsViews

റഫാല്‍: സി.എ.ജി റിപ്പോര്‍ട്ട് ഇന്ന് രാഷ്ട്രപതിക്കു സമര്‍പ്പിക്കും

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധ വിമാന ഇടപാട് ഉള്‍പ്പെടെ സമീപ വര്‍ഷങ്ങളില്‍ നടന്ന പ്രതിരോധ ഇടപാടുകളെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് ഇന്ന് രാഷ്ട്രപതിക്കു സമര്‍പ്പിക്കും. റഫാല്‍ ഇടപാടില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നേരിട്ട് അഴിമതി ആരോപണം ഉന്നയിച്ച പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ നിര്‍ണായകമാകും. അതേസമയം മോദിയെ രക്ഷിക്കാന്‍ സി.എ.ജി വഴിവിട്ട ശ്രമം നടത്തിയിട്ടുണ്ടെന്നും നിലവിലെ സി.എ.ജി രാജീവ് മെഹ്‌റിഷി ഓഡിറ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയതില്‍ നിക്ഷിപ്ത താല്‍പര്യമുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
റഫാല്‍ ഇടാപടു നടക്കുമ്പോള്‍ മോദി സര്‍ക്കാറില്‍ ധനകാര്യ സെക്രട്ടറിയായിരുന്നു രാജീവ് മെഹ്‌റിഷി. ധനകാര്യ സെക്രട്ടറി എന്ന നിലയില്‍ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളില്‍ നേരിട്ട് പങ്കാളിയായ ആളാണ് മെഹ്‌റിഷി. കരാര്‍ നടപടികളില്‍ പങ്കാളിയായ ആള്‍ തന്നെ ഓഡിറ്ററായി വരുന്നത് വിരുദ്ധ താല്‍പര്യം സൃഷ്ടിക്കുന്നതാണെന്നും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വ്യക്തമാക്കി.
സര്‍ക്കാറിനെ പൂര്‍ണമായി രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് സി.എ.ജി നടത്തുന്നത്. ധനകാര്യ സെക്രട്ടറി എന്ന നിലയില്‍ രാജീവ് മെഹ്‌റിഷിയുടെ മേല്‍നോട്ടത്തിലാണ് റഫാല്‍ ഇടപാട് പൂര്‍ണമായും നടന്നത്. അദ്ദേഹം തന്നെ ഓഡിറ്ററാവുന്നത് സി.എ.ജി റിപ്പോര്‍ട്ടില്‍ നിക്ഷിപ്ത താല്‍പര്യം കടന്നുകൂടാന്‍ ഇടയാക്കും. അഴിമതി ആരോപണം സംബന്ധിച്ച് നിഷ്പക്ഷ അന്വേഷണം നടക്കണമെന്നിരിക്കെ ധനകാര്യ സെക്രട്ടറിയായിരുന്നയാള്‍ തന്നെ എങ്ങനെ ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സിബല്‍ ചോദിച്ചു. സങ്കീര്‍ണവും ക്രമക്കേടുകള്‍ നിറഞ്ഞതുമാണ് റഫാല്‍ ഇടപാട്. സി.എ.ജി നടത്തുന്ന ഓഡിറ്റ് നടപടികളില്‍നിന്ന് രാജീവ് മെഹ്‌റിഷി സ്വമേധയാ മാറി നില്‍ക്കണം. വിമാനത്തിന്റെ വില നിര്‍ണയം, പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ ഒഴിവാക്കി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കിയത് എന്നിവയില്‍ കൃത്യമായ അഴിമതി നടന്നിട്ടുണ്ടെന്നും സിബല്‍ ആരോപിച്ചു.
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടതിന് മാധ്യമങ്ങളിലൂടെ തെളിവുകള്‍ പുറത്തു വന്നതിനു തൊട്ടു പിന്നാലെ സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിലും ദുരൂഹതയുണ്ട്. മാധ്യമ വാര്‍ത്തകളോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും പ്രതിരോധത്തിലായിരുന്നു. ഇത് മറികടക്കാന്‍ സി.എ.ജി റിപ്പോര്‍ട്ട് ആയുധമാക്കാനാണ് ബി.ജെ.പി നീക്കമെന്ന് സൂചനയുണ്ട്. പൊതുതെരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം ശിഷിക്കെയാണ് രാജ്യത്തെ പിടിച്ചുലച്ച പ്രതിരോധ ഇടപാടിലെ സി.എ.ജി റിപ്പോര്‍ട്ട് പുറത്തു വരുന്നത്. അഴിമതി ആരോപണങ്ങള്‍ ശരിവെച്ചാല്‍ പ്രതിപക്ഷവും തള്ളിക്കളഞ്ഞാല്‍ ഭരണപക്ഷവും സി.എ.ജി റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പില്‍ ആയുധമാക്കുമെന്ന് ഉറപ്പാണ്.
”രാഷ്ട്രപതിക്കു സമര്‍പ്പിക്കുന്നതിനായി റിപ്പോര്‍ട്ട് തയ്യാറായിക്കഴിഞ്ഞു. ഇതിന്റെ ഒരു പകര്‍പ്പ് കേന്ദ്ര സര്‍ക്കാറിനും കൈമാറും. രാഷ്ട്രപതിക്കു ലഭിക്കുന്ന റിപ്പോര്‍ട്ട് ലോക്‌സഭാ സ്പീക്കര്‍ക്കും രാജ്യസഭാ ചെയര്‍മാനും അയക്കുകയും അവരത് പാര്‍ലമെന്റിന്റെ മേശപ്പുറത്തു വെക്കുന്നതുമാണ് കീഴ്‌വഴക്ക”മെന്ന് പേരു വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയോടെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
പതിനാറാം ലോക്‌സഭയുടെ അവസാന സമ്മേളനത്തിലെ അവസാന ദിനമായ ബുധനാഴ്ച റിപ്പോര്‍ട്ട് സഭയില്‍ വെച്ചേക്കുമെന്നാണ് വിവരം. റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചര്‍ച്ചയാകുന്നത് ഒഴിവാക്കുന്നതിനാണ് അവസാന നിമിഷത്തിലേക്ക് നീട്ടിവെക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: