X
    Categories: MoreViews

ഐക്യമഹാസാഗരം സാക്ഷി; മുജാഹിദ് ഐക്യം യാഥാര്‍ത്ഥ്യം

ലുഖ്മാന്‍ മമ്പാട്

കോഴിക്കോട്: ഒന്നര പതിറ്റാണ്ടിന്റെ വിടവ് തീര്‍ത്ത് ആദര്‍ശ ബന്ധുക്കള്‍ ഒന്നായപ്പോള്‍ നവോത്ഥാനങ്ങളുടെ ചരിത്ര ഭൂമികയില്‍ ഇതിഹാസം പിറന്നു.
ഒന്നും ഒന്നും ഇമ്മിണിബല്ല്യ ഒന്നാണെന്ന് പറഞ്ഞ ബേപ്പൂര്‍ സുല്‍ത്താന്റെ നാട്ടില്‍, നീണ്ട പതിനഞ്ച് വര്‍ഷത്തിന് ശേഷം ഇസ്‌ലാഹി പ്രസ്ഥാനങ്ങള്‍ ഒന്നായിചേരുന്നതിന് സാക്ഷ്യം വഹിക്കാനെത്തിയവര്‍ ജനസാഗരം തീര്‍ത്തു.
മുജാഹിദ് ഐക്യ മഹാസമ്മേളനത്തിന് ഐക്യദാര്‍ഢ്യവുമായി മലബാറിന്റെ ആസ്ഥാന നഗരിയിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. കാലത്തിന്റെ ചുവരെഴുത്ത് വായിച്ച് ആദര്‍ശപരവും സംഘടനാപരവുമായ യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തി ഒന്നായപ്പോള്‍ ഐക്യ മഹ്ാ സമ്മേളനം കരുത്തിന്റെ വിളംബരമായി മാറി.
മുജാഹിദുകളുടെ ഐക്യം പൊതുസമൂഹം ഹൃദയപൂര്‍വ്വം സ്വീകരിച്ചതിന്റെ അടയാളം കൂടിയായിരുന്നു കോഴിക്കോട് കടപ്പുറത്തെ ജനമുന്നേറ്റം. മുജാഹിദ് ഐക്യം ശാഖാതലങ്ങളില്‍വരെ ഉണര്‍വ് പകര്‍ന്നുവെന്ന വിളംബരമായിരുന്നു ഒഴിവുദിനമല്ലാതിരുന്നിട്ടുകൂടി സമ്മേളനത്തിനെത്തിയ വന്‍ജനാവലി. സംസ്ഥാനത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും പണ്ഡിതരും നേതാക്കളും സാധാരണക്കാരും ഉച്ചയോടെതന്നെ സമ്മേളന നഗരിയിലെത്തി. വൈകിട്ട് നാലോടെ സൂചികുത്താനിടമില്ലാത്തവിധം കടപ്പുറം മറ്റൊരു ജനസാഗരമായി.
ലോകമാനവിക ഐക്യ ദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മഹാസംഗമമായി സമ്മേളനം മാറി. മുത്തലാഖിന്റെ മറവില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കം ചെറുക്കണമെന്നും മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും നിരപരാധികളായ മതപ്രഭാഷകരെയും പണ്ഡിതരെയും അകാരണമായി യു.എ.പി.എ ചുമത്തി ജയിലിലടച്ച് പീഡിപ്പിക്കുന്ന നിലപാടില്‍ നിന്ന് ബന്ധപ്പെട്ടവര്‍ മാറി നില്‍ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
രാവിലെ മുജാഹിദ് സെന്ററില്‍ ചേര്‍ന്ന സംയുക്ത സംസ്ഥാന കൗണ്‍സിലില്‍ ആഗോള-ദേശീയ- പ്രാദേശിക വിഷയങ്ങളില്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍, നവോത്ഥാന പ്രസ്ഥാനത്തെ ഇകഴ്ത്താനും തമസ്‌കരിക്കാനുമുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ ആഹ്വാനം നല്‍കി. സിറിയയിലെ അലപ്പോയിലും മ്യാന്മറിലെ അരാക്കാനിലും ക്രൂരമായ വംശീയ ഉന്മൂലനത്തിന് വിധേയമാകുന്ന മുസ്‌ലിം സഹോദരങ്ങള്‍ക്ക് വേണ്ടി ഐക്യമഹാസമ്മേളനത്തില്‍ പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു. കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. സി.പി ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു.

chandrika: