തിരുവനന്തപുരം: അഴിമതിയുടെ ശരശയ്യയില്‍ കിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റിയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഏത് നിമിഷവും ജയിലില്‍ പോകുമെന്ന അവസ്ഥയിലുള്ള പിണറായി പ്രതിപക്ഷ നേതാക്കളെ തെരഞ്ഞു പിടിച്ച് സ്വഭാവഹത്യ നടത്താന്‍ ശ്രമിക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

പ്രതികാര നടപടികളിലൂടെ പ്രതിപക്ഷത്തെ അശക്തരാക്കാന്‍ സാധിക്കില്ല. പിണറായി സര്‍ക്കാരിന്റെ അഴിമതി തുറന്നു കാട്ടിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ഇടതു മുന്നണി നാല് തവണ അന്വേഷിച്ച് ക്ലീന്‍ ചിറ്റ് കൊടുത്ത കേസാണ് വീണ്ടും അന്വേഷിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സോളാര്‍, ബാര്‍കോഴ കേസുകള്‍ വീണ്ടും സജീവമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് മുല്ലപ്പള്ളി ആഞ്ഞടിച്ചത്.

ബാര്‍കോഴ കേസില്‍ ജോസ് കെ മാണിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ എന്തു കൊണ്ട് അന്വേഷണം നടക്കുന്നില്ലെന്ന് മുല്ലപ്പള്ളി ചോദിച്ചു. രണ്ട് മന്ത്രിമാര്‍ക്ക് മഹാരാഷ്ട്രയില്‍ ബിനാമി ഭൂമിയുണ്ടെന്ന ആരോപണം എന്തുകൊണ്ട് മുഖ്യമന്ത്രി അന്വേഷിക്കാത്തതെന്ന് മുല്ലപ്പള്ളി ചോദിച്ചു. ഈ മന്ത്രിമാര്‍ ആരാണെന്ന് വ്യക്തമായ സൂചനയുണ്ട്. കൂടുതല്‍ തെളിവുകള്‍ ആവശ്യമുള്ളതിനാല്‍ അവരുടെ പേരുകള്‍ ഇപ്പോള്‍ പറയുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ്ഗ് ജില്ലയില്‍ രണ്ട് മന്ത്രിമാര്‍ക്ക് കണ്ണൂര്‍ സ്വദേശിയായ ബിനാമിയുടെ പേരില്‍ 200 ഏക്കര്‍ ഭൂമിയുണ്ടെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.