X

“സി.കെ. മേനോന്‍ മത സൗഹാര്‍ദ്ദത്തിന്റെ അംബാസഡര്‍”; മുനവ്വറലി ശിഹാബ് തങ്ങള്‍ ഓര്‍ക്കുന്നു ..

സി.കെ. മേനോന്‍ രാജ്യം കണ്ട ഏറ്റവും വലിയ മനുഷ്യ സ്‌നേഹിയും മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകവുമായിരുന്നു.
പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായും അറിയപ്പെടുന്ന പത്മശ്രീ സി.കെ. മേനോന്റെ മറ്റൊരു മുഖം കൂടുതലാര്‍ക്കും അറിയാനിടയില്ല.

പത്ത് പേര്‍ക്ക് മാത്രം നിസ്‌കരിക്കാവുന്ന പാനൂര്‍ മൊകേരിയിലെ വളരെ ചെറിയൊരു നമസ്‌കാര പള്ളി മാറ്റി പുതിയ പള്ളി പണിയാന്‍ സഫാരി സൈനുല്‍ ആബിദീന്‍ സാഹിബ് ആവശ്യപ്പെട്ടപ്പോഴേക്കും, പ്രൊജക്ട് ആവശ്യപ്പെടുകയും തുടര്‍ന്ന് 50 ലക്ഷം രൂപയുടെ പ്രൊജക്ട് സമര്‍പ്പിച്ചപ്പോള്‍, തുക പ്രശ്‌നല്ലെന്ന് അറിയിച്ചു. പിതാവിന്റെ കത്ത് അദ്ദേഹം അതിനൊപ്പം ചേര്‍ത്തിരുന്നു. അതില്‍ വാപ്പ കുറിച്ചത് ഇങ്ങനെയാണ്. ‘ഡിയര്‍ മിസ്റ്റര്‍ മേനോന്‍ പ്ലീസ് കണ്‍സിഡര്‍ ദി സ് മസ്ജിദ് ‘. കത്ത് ലഭിച്ചപ്പോഴേക്കും അദ്ദേഹം പൂര്‍ണ സംതൃപ്തനായി.

ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരോടും സൈനുല്‍ ആബിദീന്‍ സാഹിബ് വിഷയങ്ങള്‍ അന്വോഷിച്ചു. അദ്ദേഹവും അതിന് പൂര്‍ണ്ണ സമ്മതം നല്‍കി.
തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മേനോന്‍ മുന്നോട്ട് പോയി. ഒരു കോടി അഞ്ചു ലക്ഷത്തിനാണ് തുടര്‍ന്ന് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

മത സൗഹാര്‍ദ്ദത്തിന്റെ പ്രതീകമായ ഈ മസ്ജിദിന്റെ ഉദ്ഘാടന ചടങ്ങില്‍ വന്ദ്യ പിതാവിനൊപ്പം ഉമ്മന്‍ ചാണ്ടി, അഹ്മദ് സാഹിബ് , പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് തുടങ്ങി മത സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് പങ്കെടുത്തത്.
ഇവിടെ കാലങ്ങളായി വര്‍ഷം തോറും അദ്ദേഹം തന്നെ നോമ്പ് തുറ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. ഇത്രയും തുക മുടക്കി ഇത്ര മാത്രം വലിയൊരു മസ്ജിദ് പണി കഴിച്ച് നല്‍കിയതിന്റെ പേരില്‍ സ്വന്തം സമുദായത്തില്‍ നിന്ന് പോലും വിമര്‍ശനം നേരിട്ടെങ്കിലും അതൊന്നും ചെവികൊള്ളാന്‍ ആ മഹാമനീഷി തയ്യാറായിരുന്നില്ല.

മുസ്ലിം ലീഗിന്റേയും നമ്മുടെ വിവിധ സ്ഥാപനങ്ങളുടെയും വിവിധ പരിപാടികളുമായി എപ്പോഴും അദ്ദേഹം സഹകരിച്ചിരുന്നു. അത്തോളി ഭാഗത്ത് നാം ആവശ്യപ്പെട്ടപ്പോഴേക്കും ഒരു ബൈതുറഹ്മയും അദ്ദേഹം പണിതു നല്‍കിയത് ഞാന്‍ ഓര്‍ക്കുകയാണ്.

സകാത്ത്, സ്വദഖ എന്നിവ വളരെ കൃത്യമായി നിര്‍വ്വഹിക്കുന്നതിലും അതീവ ജാഗ്രതയും ശ്രദ്ധയും അദ്ദേഹം കാണിച്ചിരുന്നു.
പ്രവാസി ഭാരതീയ സമ്മാന്‍, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഫെഡറല്‍ ബാങ്ക് കേരള ബിസിനസ്സ് അവാര്‍ഡ്, ഖത്തര്‍ ഭരണകൂടത്തിന്റെ ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

ഞങ്ങളുടെ കുടുംബമായി വളരെ അടുത്ത് ഇടപഴകുകയും സ്‌നേഹം ചൊരിയുകയും ചെയ്ത മേനോന്റെ ആത്മാവിന് ദൈവം നിത്യ ശാന്തി നല്‍കട്ടെ…

മുനവ്വറലി തങ്ങള്‍

chandrika: