റ്റവരുടെ ജീവനറ്റ ശരീരം പടികടന്നെത്തിയപ്പോള്‍ പിടിച്ചു നില്‍ക്കാനായില്ല വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും. തേങ്ങുകയായിരുന്നു ആ ഗ്രാമങ്ങളും. ഇന്നലെ കണ്ണൂരിലുണ്ടായ ബസ്സപകടത്തില്‍ വിതുമ്പുകയാണ് നാടും നഗരവും. മരിച്ച സുജിത്തിന്റെ സംസ്‌കാരം ഇന്ന് വിദേശത്തുള്ള ജ്യേഷ്ഠന്‍ എത്തിയതിന് ശേഷം നടക്കും.

മണ്ടൂരില്‍ നിറുത്തിയിട്ട ബസിന് പിന്നില്‍ മറ്റൊരു ബസിടിച്ച് മരിച്ച നാല് പേരുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചപ്പോള്‍ വികാരനിര്‍ഭരമായിരുന്നു കാഴ്ചകള്‍. അപകടത്തില്‍ മരിച്ച പുതിയങ്ങാടി ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപിക ഏഴോം സ്വദേശിനി സുബൈദ, മകന്‍ മുഫീദ് എന്നിവരുടെ മൃതദേഹങ്ങള്‍ എത്തുമ്പോള്‍ തേങ്ങുകയായിരുന്നു ആ നാടൊന്നാകെ. രാവിലെ 9.30 ഓടെ മുഫീദിന്റെ മൃതദേഹമാണ് ആദ്യം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കിയത്. പിന്നാലെ സുബൈദയുടെ മൃതദേഹവും നടത്തി. 11 മണിയോടെ പയ്യന്നൂര്‍ പെരുമ്പ സ്വദേശി അബ്ദുല്‍ കരീമിന്റെ മൃതദേഹവും ഏറ്റവും ഒടുവില്‍ 11.5ഓടെ പാപ്പിനിശ്ശേരി സ്വദേശി മുസ്തഫയുടെ മൃതദേഹവും പോസ്റ്റ് മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി.

പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ സി.എച്ച് സെന്ററിലെ അന്ത്യചടങ്ങുകള്‍ക്ക് ശേഷം ഉച്ച കഴിഞ്ഞിരുന്നു വീട്ടിലെത്താന്‍. ശനിയാഴ്ച രാവിലെ യാത്ര പറഞ്ഞ് പോയവര്‍ ചേതനയറ്റ് എത്തിയപ്പോള്‍ ഉറ്റവര്‍ക്കും പിടിച്ച് നില്‍ക്കാനായില്ല. വിറങ്ങലിച്ച് നില്‍ക്കുകയായിരുന്നു ഓരോ വീടും. കൂട്ടക്കരച്ചില്‍ ഉയര്‍ന്നപ്പോള്‍ കണ്ടു നിന്നവര്‍ക്കും തേങ്ങലടക്കാനായില്ല. സുബൈദയുടെയും മകന്‍ മുഫീദിന്റെയും മൃതദേഹങ്ങള്‍ ഏഴോം ബോട്ടുകടവ് വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കിയത്. അബ്ദുല്‍ കരീമിന്റെ ഖബറടക്കം മുട്ടം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. മുസ്തഫയുടെ മൃതദേഹം പാപ്പിനിശ്ശേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. വിദേശത്തുള്ള ജ്യേഷ്ഠന്‍ എത്താനുള്ളതിനാല്‍ സുജിത്തിന്റെ സംസ്‌കാരം ഇന്ന് നടക്കും.

സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണം: ചെന്നിത്തല

മണ്ടൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരിയാരം മെഡിക്കല്‍ കോളജില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ കുറക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു ഡി എഫ് പടയൊരുക്കം ജാഥക്കിടെയാണ് അദ്ദേഹം ആസ്പത്രിയിലെത്തിയത്. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, കെ സുധാകരന്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.