X

ചെരുപ്പ് കൊണ്ട് സ്വന്തം മുഖത്തടിച്ച് നഗരസഭ കൗണ്‍സിലര്‍; തന്നെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റാനാകുന്നില്ല, ഉദ്യോഗസ്ഥര്‍ വിവേചനം കാണിക്കുന്നു

ആന്ധ്രപ്രദേശ്: നരസിപട്ടണം നഗരസഭയില്‍ ഇന്നലെ നടന്ന കൗണ്‍സില്‍ യോഗം സാക്ഷ്യം വഹിച്ചത് നാടകീയ സംഭവങ്ങള്‍ക്ക്. വാര്‍ഡിലെ വികസന പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കവേ, 20ാം വാര്‍ഡ് കൗണ്‍സിലര്‍ മുളപ്പര്‍ത്തി രാമരാജു തന്റെ ചെരുപ്പൂരി സ്വന്തം മുഖത്ത് ഇരുകവിളിലും മാറിമാറി അടിച്ച് വികാരധീനനാവുകയായിരുന്നു.

നഗരസഭ ഉദ്യോഗസ്ഥര്‍ തന്റെ വാര്‍ഡിനോട് വിവേചനം കാണിക്കുന്നതിനാല്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാനാകുന്നില്ലെന്ന് പറഞ്ഞാണ് രാമരാജു സ്വയം വേദനിപ്പിച്ചത്. അനകാപ്പള്ളി ജില്ലയിലെ നരസിപട്ടണം നഗരസഭയിലാണ് സംഭവം.

പണമുണ്ടാക്കാനല്ല ഞാന്‍ രാഷ്ട്രീയത്തില്‍ വന്നത്. വാര്‍ഡിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ലഘൂകരിച്ച് അവരെ സേവിക്കുക എന്നതാണ് എന്റെ ഏക ആഗ്രഹം. കുടിവെള്ളം, ഗ്രാമത്തിലേക്കുള്ള റോഡ്, തെരുവ് വിളക്കുകള്‍ തുടങ്ങി അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കാനാകുമെന്ന് ഞാന്‍ കരുതി. വാര്‍ഡിലെ ഭൂരിഭാഗം ആളുകളും എല്ലാദിവസവും ജോലിചെയ്താണ് ജീവിക്കുന്നത്. അവരുടെ പ്രശ്‌നങ്ങള്‍ എനിക്കറിയാം, അവരില്‍ ഒരാളാണ് ഞാനും. ഒരു ഓട്ടോ ഓടിച്ച് ദിവസം 300 രൂപ സമ്പാദിച്ചാണ് ജീവിക്കുന്നത്. ജനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമാണ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ 31 മാസമായി ഒരു കൗണ്‍സിലര്‍ എന്ന നിലയില്‍ അത് നിറവേറ്റാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. 20ാം വാര്‍ഡിനെ നഗരസഭാ ഉദ്യോഗസ്ഥര്‍ പാടേ അവഗണിക്കുകയാണ്’ രാമരാജു ചെരുപ്പൂരി തല്ലാനുള്ള കാരണം മാധ്യമങ്ങളോട് വിശദീകരിച്ചു.

ടി.ഡി.പി പിന്തുണയോടെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നാല്‍പ്പതുകാരനായ രാമരാജു ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തുന്നത്. താന്‍ എല്ലാ വഴികളും പരീക്ഷിച്ചെങ്കിലും വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്ന വോട്ടര്‍മാരുടെ ആവശ്യം പാലിക്കാന്‍ കഴിയുന്നി??ല്ലെങ്കില്‍ താന്‍ മരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

‘മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍, മുനിസിപ്പല്‍ കമ്മീഷണര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഞാന്‍ നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും ആരും എന്റെ നടപടിയെടുത്തില്ല. ഞാന്‍ ടിഡിപി അംഗം ആയതുകൊണ്ടാണ് അവര്‍ അവഗണിക്കുന്നത്. അടുത്തിടെ ചുമതലയേറ്റ പുതിയ ചെയര്‍പേഴ്‌സന് ഞാന്‍ ഇതുവരെ നിവേദനം നല്‍കിയിട്ടില്ല, അത്‌കൊണ്ട് എന്തെങ്കിലും കാര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. മനുഷ്യസ്‌നേഹികളായ ഏതാനും പേരില്‍നിന്ന് 1.5 ലക്ഷം രൂപ സംഭാവന സ്വരൂപിച്ചാണ് ഗ്രാമീണര്‍ക്ക് വേണ്ടി 150 മീറ്റര്‍ റോഡ് നിര്‍മിച്ചത്. എന്റെ വാര്‍ഡിലെ പൗരപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്ന് മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ രാമരാജു പറഞ്ഞു.

 

 

webdesk13: