X

മുസ്‌ലിംലീഗ് ദേശീയ എക്‌സിക്യൂട്ടീവ് ഇന്ന് ചെന്നൈയില്‍

ചെന്നൈ: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ എക്‌സിക്യൂട്ടീവ് ഇന്ന് ചെന്നൈയില്‍ നടക്കും. സമ്മേളനത്തിന് എത്തുന്ന നേതാക്കള്‍ക്ക് ഉജ്ജ്വല വരവേല്‍പാണ് തമിഴ്‌നാട് ഘടകവും ചെന്നൈ കെ.എം.സി.സിയും ഒരുക്കുന്നത്. മുസ്‌ലിംലീഗ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ആക്ടിംഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍, ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി, പാര്‍ലമെന്റ് അംഗങ്ങളായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍വഹാബ് തുടങ്ങി ഉന്നത നേതാക്കളും ഭാരവാഹികളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.

മുസ്‌ലിംലീഗ് ദേശീയ പ്രസിഡണ്ടും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഇ അഹമ്മദിന് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയോടെ രാവിലെ 10.30ന് യോഗം ആരംഭിക്കും. ഫാസിസം ശക്തിയാര്‍ജ്ജിക്കുന്ന വര്‍ത്തമാനകാലത്തെ വെല്ലുവിളികള്‍ നേരിടുന്നതിനും മതേതര ജനാധിപത്യ വ്യവസ്ഥിതിയെ ശക്തിപ്പെടുത്തുന്നതിനുമുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യും. ന്യൂനപക്ഷ-ദളിത്-മുസ്‌ലിം വേട്ടക്ക് കരിനിയമങ്ങളെ കൂട്ടുപിടിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ മതേതര-ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തുന്നതിലൂന്നുന്ന രാഷ്ട്രീയ ചര്‍ച്ചകളും എക്‌സിക്യൂട്ടീവില്‍ നടക്കും. ഇന്ത്യയിലെ പതിത- പീഡിത-ന്യൂനപക്ഷങ്ങള്‍ക്ക് ആശയും ആവേശവുമായി സംഘടന രൂപീകരിക്കപ്പെട്ട ദേശത്ത് ഏഴു പതിറ്റാണ്ടിനിപ്പുറം നവ ചൈതന്യവും ഊര്‍ജ്ജവും കൈമുതലാക്കിയാണ് വീണ്ടും സമ്മേളിക്കുന്നത്.
ദേശീയ-അന്തര്‍ദേശീയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവുകളും നികത്തുന്നതിനുള്ള തീരുമാനങ്ങളുണ്ടാകും. അര നൂറ്റാണ്ട് പിന്നിട്ട രാഷ്ട്രീയ-പൊതു ജീവിതവും നാലു പതിറ്റാണ്ടിലേറെ നീണ്ട പാര്‍ലമെന്ററി സേവനവും പൂര്‍ത്തിയാക്കി പാര്‍ലമെന്റ് മന്ദിരത്തിന്റെ സെന്‍ട്രല്‍ ഹാളില്‍ വിടവാങ്ങിയ ഇ അഹമ്മദിന്റെ ഓര്‍മ്മകള്‍ തുടിക്കുന്നതാവും അദ്ദേഹത്തിന്റെ നിര്യാണത്തിന് ശേഷം നടക്കുന്ന ആദ്യ ദേശീയ എക്‌സിക്യൂട്ടീവ്.

chandrika: