X

സാമ്പത്തിക സംവരണം; കേന്ദ്രനീക്കം ചെറുത്തു തോല്‍പ്പിക്കും: കെ.പി.എ മജീദ്

കോഴിക്കോട്: മുന്നോക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഭരണഘടനാ വിരുദ്ധവും സംവരണമെന്ന അടിസ്ഥാന തത്വത്തിന്റെ ലംഘനവുമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനുള്ള സാമൂഹ്യ പദ്ധതി എന്ന നിലയിലാണ് സംവരണം എന്ന ആശയം രൂപംകൊണ്ടത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍വീസില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. സംവരണം അധികാരത്തിലുള്ള പങ്കാളിത്തമാണ് എന്ന് ഡോ. ബി.ആര്‍ അബേദ്കര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സംവരണം ഒരു ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയല്ല, സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗവുമല്ല.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാമ്പത്തിക സഹായം അടക്കമുള്ള മറ്റുമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അത് നടപ്പാക്കേണ്ടത് സംവരണം അട്ടിമറിച്ചുകൊണ്ടല്ല. സംവരണം ഉണ്ടായിട്ട് പോലും സംവരണീയ സമുദായങ്ങള്‍ക്ക് അര്‍ഹമായ പങ്കാളിത്തം ലഭിച്ചിട്ടില്ല എന്ന് സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കപ്പെട്ടതാണ്. അത് പരിഹരിക്കുന്നതിന് നിര്‍ദ്ദേശിക്കപ്പെട്ട സ്‌പെഷ്യല്‍ റിക്രുട്ട്‌മെന്റ് അടക്കമുള്ള കാര്യങ്ങളില്‍ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. ഇന്ദിരാ സോഹാനി കേസില്‍ മൊത്തം സംവരണം 50 ശതമാനത്തില്‍ കവിയരുത് എന്ന് സുപ്രീംകോടതി നിജപ്പെടുത്തിയിട്ടുണ്ട്. പത്ത് ശതമാനം മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുകൂടി സംവരണം ചെയ്താല്‍ ദളിത്-പിന്നോക്ക-ന്യൂനപക്ഷ സമുദായങ്ങളുടെ പ്രതിനിധ്യം നിലവിലുള്ളതില്‍ നിന്നും വലിയ തോതില്‍ കുറവുവരാന്‍ കാരണമാവും. സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ഏത് ശ്രമങ്ങളെയും ചെറുത്ത് തോല്‍പ്പിക്കും. തെരെഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഈ നീക്കം രാഷ്ട്രീയ പ്രേരിതവും ആത്മാര്‍ത്ഥതയില്ലാത്തതുമാണ്. ദളിത്-പിന്നോക്ക- ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള ഈ വെല്ലുവിളി നേരിടുന്നതിന് മുസ്‌ലിംലീഗ് സംവരണിയ സമുദായങ്ങള്‍ക്ക് ഒപ്പം ചേര്‍ന്ന് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രസ്ാതവനയില്‍ പറഞ്ഞു.

chandrika: