X

മുസ്‌ലിം ലീഗ് സ്ഥാപക ദിനം: സംസ്ഥാന വ്യാപകമായി നാളെ ഉണര്‍ത്തുദിനാചരണം

കോഴിക്കോട്: ഇന്ത്യന്‍ യൂണിയന്‍ മസ്‌ലിംലീഗ് സ്ഥാപക ദിനമായ നാളെ (മാര്‍ച്ച് 10) സംസ്ഥാന വ്യാപകമായി ഉണര്‍ത്തു ദിനമായി ആചരിക്കും. ശാഖ-യൂണിറ്റ് കേന്ദ്രങ്ങളില്‍ മുതിര്‍ന്ന മുസ്‌ലിംലീഗ് കാരണവരുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങുകളും മധുര വിതരണവും നടക്കും. ജില്ലാ-മണ്ഡലം- പഞ്ചായത്ത് കമ്മറ്റികളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടക്കും.
മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപകദിന സമ്മേളനം കീഴിശ്ശേരിയില്‍ നടക്കും. വൈകിട്ട് ഏഴിന് മുസ്‌ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, മുന്‍ ഗവര്‍ണര്‍ കെ ശങ്കരനാരയണന്‍, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി പ്രസംഗിക്കും.
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന സമ്മേളനത്തില്‍ പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, രമേശ് ചെന്നിത്തല, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ.എം.കെ മുനീര്‍ എം.എല്‍.എ, എം.കെ രാഘവന്‍ എം.പി, എം.ഐ ഷാനവാസ് എം.പി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസംഗിക്കും. ബഹറൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം നടക്കുന്ന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യും. മരക്കാര്‍ മാരായ മംഗലം പ്രഭാഷണം നടത്തും.
മുസ്‌ലിം ലീഗ് തൃശ്ശൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. കാസര്‍ഗോഡ് സ്ഥാപകദിനാചരണത്തിന്റെ ഉദ്ഘാടനം മഞ്ചേശ്വരം ഉപ്പളയില്‍ നടക്കും. കണ്ണൂരില്‍ പഞ്ചായത്ത് മുനിസിപ്പില്‍ കേന്ദ്രങ്ങളില്‍ ഉണര്‍ത്തു ജാഥ നടക്കും. വയനാട് ജില്ലാ തല പരിപാടി നാളെ രാവിലെ കല്‍പ്പറ്റയില്‍ നടക്കും.
പാലക്കാട് ജില്ലാ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിംലീഗിന്റെ ആദ്യ പൊതുയോഗം നടന്ന പുതുനഗരത്ത് സ്ഥാപക ദിനാചരണ പരിപാടി നടക്കും. എറണാകുളത്ത് 1948 ല്‍ ആദ്യ പതാക ഉയര്‍ത്തുന്ന വേളയില്‍ സന്നിഹിതനായിരുന്ന കുഞ്ഞിമുഹമ്മദ് ഹാജി പോര്‍ട്ട് കൊച്ചിയില്‍ പതാക ഉയര്‍ത്തുന്നതോടെ തുടക്കമാവും. ഇടുക്കി(ഉടമ്പന്നൂര്‍), കോട്ടയം (ജില്ലാ മുസ്‌ലിംലീഗ് ഓഫീസ്), ആലപ്പുഴ(ജില്ലാ മുസ്‌ലിംലീഗ് ഓഫീസ് ഓഡിറ്റോറിയം), പത്തനംതിട്ട (ജില്ലാ ഓഫീസ് ഹാള്‍) തിരുവനന്തപുരം സി.എച്ച് മുഹമ്മദ് കോയ ഫൗണ്ടേഷന്‍ എന്നീ കേന്ദ്രങ്ങളില്‍ സ്ഥാപക ദിനാചരണ പരിപാടികള്‍ നടക്കും.
പരിപാടി വന്‍ വിജയമാക്കാന്‍ ബന്ധപ്പെട്ട ഘടകങ്ങളിലെ മുസ്‌ലിംലീഗ് ഭാരവാഹികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അഭ്യര്‍ത്ഥിച്ചു.

chandrika: