X

മുസ്‌ലിംലീഗ്: പേരും പെരുമയും മതനിരപേക്ഷതയും

സുഫ്‌യാന്‍ അബ്ദുസ്സലാം

മതനിരപേക്ഷ രാഷ്ട്രീയവും വര്‍ഗീയ രാഷ്ട്രീയവും വീണ്ടും ചര്‍ച്ചയാവുകയാണ്. കൊടിയിലും പേരിലും മതത്തിന്റെ പേരും ചിഹ്നവും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍ പര്യ ഹരജി സമര്‍പ്പിക്കപ്പെട്ടിരിക്കയാണ്. കഴിഞ്ഞ വര്‍ഷം ഹിന്ദുത്വ രാഷ്ട്രീയം സ്വീകരിച്ച് നിരന്തരം ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വേട്ടയാടിക്കൊണ്ടിരിക്കുന്ന സയ്യിദ് വസീം റിസ്‌വി എന്ന ജിതേന്ദ്ര നാരായണ്‍ സിംഗ് ത്യാഗിയാണ് ഹരജിയുമായി കോടതിയിലെത്തിയിരിക്കുന്നത്. വിശുദ്ധ ഖുര്‍ആനിലെ 26 ആയത്തുകള്‍ ഇന്ത്യയില്‍ നിരോധിക്കണമെന്നും ഉത്തര്‍പ്രദേശിലെ മുഴുവന്‍ മുസ്‌ലിം മദ്രസകളും ഭീകരകേന്ദ്രങ്ങള്‍ ആണെന്നും അവ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് നേരത്തെ വിവാദങ്ങളില്‍ നിറഞ്ഞ വ്യക്തിയാണ് റിസ്‌വി എന്ന ത്യാഗി. മുസ്‌ലിംലീഗിനെ ലക്ഷ്യമിട്ടുകൊണ്ട് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ് മുന്‍ ശിആ വഖഫ് ബോര്‍ഡ് ചെയര്‍മാനും ‘റാം കി ജന്മഭൂമി’ എന്ന സിനിമയുടെ നിര്‍മാതാവുമായ ഈ സംഘ് സഹയാത്രികന്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹരിദ്വാറില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്ത വ്യക്തികൂടിയാണ് ഇയാള്‍. ഹരജിയില്‍ കക്ഷിചേരാന്‍ സുപ്രീംകോടതി മുസ്‌ലിംലീഗിന് അനുമതി നല്‍കിയിട്ടുണ്ട്.

1948 മാര്‍ച്ച് 10 മുതല്‍ ഇന്ത്യന്‍ യൂണിയനില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്. എഴുപത്തിയഞ്ച് സംവത്സരങ്ങളായി മതനിരപേക്ഷ ജനാധിപത്യ ആശയങ്ങളില്‍ അടിയുറച്ച് ജനങ്ങളുടെ പൂര്‍ണമായ വിശ്വാസം നേടിയെടുത്ത് പ്രവര്‍ത്തിക്കുന്ന മുസ്‌ലിംലീഗിനെ കുറിച്ച് ഒരു മതാധിഷ്ഠിത പാര്‍ട്ടിയാണ് എന്ന അഭിപ്രായം അതിന്റെ ശത്രുക്കള്‍ക്ക് പോലുമില്ല. മുസ്‌ലിംലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്ന് വിളിച്ചിരുന്നവരെല്ലാം പിന്നീട് മുസ്‌ലിംലീഗിനെ അംഗീകരിക്കുകയും പിന്തുണയും സഹായവും തേടുകയും ചെയ്തതാണ് ചരിത്രം. കേരള സംസ്ഥാനം രൂപം കൊണ്ട കാലത്ത് മുസ്‌ലിം ലീഗിനെ പരമാവധി അകറ്റിനിര്‍ത്താന്‍ ശ്രമിച്ച കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പിന്നീട് മുസ്‌ലിംലീഗുമായി അധികാരം പങ്കിടേണ്ടിവന്നത് മുസ്‌ലിംലീഗിന്റെ സുതാര്യമായ മതനിരപേക്ഷ നിലപാടിന് ജനങ്ങള്‍ നല്‍കിയ അംഗീകാരം കൊണ്ട് മാത്രമായിരുന്നു.

മുസ്‌ലിംലീഗ് രൂപംകൊണ്ടപ്പോള്‍ മുസ്‌ലിം എന്ന പേര് സ്വീകരിച്ചതിന് പ്രത്യേക കാരണങ്ങളുണ്ട്. ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളിലെ ഭൂരിപക്ഷ വിഭാഗമാണ് മുസ്‌ലിം സമുദായം. ഒരു മതവിഭാഗം വലിയ ഭൂരിപക്ഷമായിട്ടുള്ള ഇന്ത്യയെ ഭൂരിപക്ഷാധിപത്യ രാഷ്ട്രീയം പിടിമുറുക്കിയാല്‍ അതേറ്റവും കൂടുതല്‍ ബാധിക്കുക പ്രബല ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തെയാണ്. സംഘ്പരിവാര്‍ ഭരിക്കുന്ന ഇന്ത്യയില്‍ പൗരത്വമടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ന്നുവന്നതോടെ അത് ബോധ്യമായി. യഥാര്‍ത്ഥ വിശ്വാസികള്‍ എന്നോ അല്ലാത്തവരെന്നോ വ്യത്യാസമില്ലാതെ മുസ്‌ലിം സമുദായത്തിലെ അംഗമായി പിറന്ന ഓരോ പൗരനെയും ഭൂരിപക്ഷാധിപത്യ രാഷ്ട്രീയം ബാധിക്കുമെന്ന തിരിച്ചറിവ് മുസ്‌ലിം നേതാക്കള്‍ക്ക് നേരത്തെ ബോധ്യപ്പെട്ടിരുന്നു. ഇതാണ് മുസ്‌ലിംകള്‍ ഒരു സമുദായം എന്ന നിലക്ക് രാഷ്ട്രീയമായി സംഘടിക്കണമെന്ന ആശയം ശക്തമാകാനുള്ള കാരണം. മുസ്‌ലിം എന്ന സ്വത്വബോധം (Identity) ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള രാഷ്ട്രീയത്തിലൂടെ മാത്രമേ അവകാശങ്ങള്‍ സംരക്ഷിക്കാനും അവകാശനിഷേധത്തിനെതിരെ ശബ്ദിക്കാനും സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവാണ് മുസ്‌ലിംലീഗ് രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര ബലം.

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ സ്ഥാപക നേതാവായ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ഇത് സംബന്ധമായ കാഴ്ചപ്പാടുകള്‍ വിവരിക്കുന്നത് ഇങ്ങനെയാണ്. ‘സാമുദായിക രാഷ്ട്രീയ സംഘടനകള്‍ പാടില്ലെന്ന് ചിലര്‍ പറയുന്നു. അതിനുള്ള ന്യായവാദങ്ങള്‍ അവര്‍ പറയുന്നുമില്ല. മുസല്‍മാന്മാര്‍ ഒരു സമുദായമായത് കൊണ്ടുതന്നെ അവര്‍ക്ക് സമുദായമായി നിലനില്‍ക്കാന്‍ അവകാശമുണ്ട്. സമുദായമായി നിലനില്‍ക്കാമെങ്കില്‍ മതപരവും സാംസ്‌കാരികവും വിദ്യാഭ്യാസപരവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അവര്‍ ഒരു സംഘടനയുണ്ടാക്കുന്നതില്‍ എന്താണ് തെറ്റ്. രാഷ്ട്രീയത്തെ മാത്രം മാറ്റിനിര്‍ത്തി മറ്റുവിധേന മാത്രം സംഘടിക്കാമെന്ന് പറയുന്നതില്‍ യുക്തിയില്ല. രാഷ്ട്രീയത്തെ ഒഴിവാക്കിക്കൊണ്ടുള്ള സംഘാടനങ്ങളിലൂടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയില്ല.’ (മുസ്‌ലിംലീഗ് എന്തിന് എന്ന കൃതിയില്‍ നിന്നുള്ള സംഗ്രഹം).

ന്യൂനപക്ഷ മത സമുദായങ്ങള്‍ രാഷ്ട്രീയമായി സംഘടിക്കുന്നതില്‍ ഭരണഘടനാവിരുദ്ധമായി യാതൊന്നും തന്നെയില്ല. ന്യൂനപക്ഷം എന്ന സംജ്ഞ കൊണ്ട് ഭരണഘടന വിവക്ഷിച്ചിട്ടുള്ളത് മതം, ഭാഷ എന്നിവയുടെ പേരിലുള്ള സമുദായങ്ങളെയാണ്. അനുച്ഛേദം 30 ല്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മതസമുദായങ്ങളെ ന്യൂനപക്ഷം എന്ന സംജ്ഞയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരില്‍ ഭരണഘടനനിര്‍മാണ സഭയില്‍ ചിലര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നുവെങ്കിലും സഭ വിമര്‍ശനം തള്ളുകയാണുണ്ടായത്. (ന്യൂനപക്ഷ മത സമുദായങ്ങള്‍ അതത് സമുദായങ്ങളുടെ പേര് ഉപയോഗിച്ചുകൊണ്ട് തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ചിട്ടുള്ളത് ഇന്ത്യയില്‍ മാത്രമല്ല. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്താനിലെ പാകിസ്താന്‍ ഹിന്ദു പാര്‍ട്ടിയും ബംഗ്ലാദേശിലെ ബംഗ്ലാദേശ് ഹിന്ദു ഒയ്ക്യോ ഫ്രണ്ടും ശ്രീലങ്കയിലെ ഓള്‍ സിലോണ്‍ ഹിന്ദു കോണ്‍ഗ്രസും ഹിന്ദു പേരുകളിലുള്ള രാഷ്ട്രീയ പാര്‍ട്ടികളാണ്. പാകിസ്താന്‍ ക്രിസ്ത്യന്‍ കോണ്‍ഗ്രസും ശ്രീലങ്കയിലെ ശ്രീലങ്ക മുസ്‌ലിം കോണ്‍ഗ്രസും അറിയപ്പെടുന്ന ന്യൂനപക്ഷ രാഷ്ട്രീയ പാര്‍ട്ടികളാണ്. യൂറോപ്പില്‍ ക്രിസ്ത്യന്‍ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. ജര്‍മനിയിലെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍, നെതര്‍ലാന്‍ഡ്‌സിലെ ക്രിസ്ത്യന്‍ യൂണി, സ്‌പെയിനിലെ പാര്‍ട്ടിഡോ ഡെമോക്രാറ്റ ക്രിസ്ത്യാനോ തുടങ്ങിയവ അതില്‍ ചിലത് മാത്രമാണ്. നെതര്‍ലാന്‍ഡ്‌സില്‍ ഇസ്‌ലാം ഡെമോക്രറ്റ്‌സ് എന്ന മുസ്‌ലിം പേരുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നുണ്ട്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ മതത്തിന്റെയോ സമുദായത്തിന്റെ പേരുണ്ടാവുന്നത്‌കൊണ്ട് മാത്രം അവ വര്‍ഗീയമാണെന്ന് നിരീക്ഷിക്കുന്നത് ശരിയല്ല എന്ന നിലപാട് ലോകത്തെ വിവിധ രാജ്യങ്ങള്‍ തന്നെ സ്വീകരിച്ചിട്ടുള്ള നിലപാടാണ്. ഭൂരിപക്ഷ സമുദായങ്ങളുടെ അവകാശങ്ങളും അടയാളങ്ങളും സാംസ്‌കാരിക മുദ്രകളും സ്വാഭാവികമായും സംരക്ഷിക്കപ്പെടും എന്നത്‌കൊണ്ട്തന്നെ അവര്‍ സംഘടിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ രാഷ്ട്രീയമായ ജാഗ്രത കാണിച്ചില്ലെങ്കില്‍ അവരുടെ സാമുദായികമായ നിലനില്‍പ്പ് അവതാളത്തിലാകും. ഇന്ത്യയുടെ രാഷ്ട്രശില്‍പികള്‍ക്ക് ഈ കാര്യം ബോധ്യമായതുകൊണ്ടാണ് സ്വതന്ത്ര ഭാരതത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന് ഇലക്ഷന്‍ കമ്മീഷന്റെ അംഗീകാരത്തോടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത്. മുസ്‌ലിം പേരിന്റെ കാര്യം പറഞ്ഞ് മുസ്‌ലിംലീഗിന്റെ അംഗീകാരം റദ്ദാക്കാന്‍ വേണ്ടി പരിശ്രമിച്ചവര്‍ പരാജയപ്പെടുക മാത്രമാണ് ചെയ്തത്.

(തുടരും)

web desk 3: