X
    Categories: MoreViews

സമ്മേളന നഗരിക്ക് ക്ലീന്‍ ചീറ്റ് ; പുതിയ മാതൃക തീര്‍ത്ത് യൂത്ത് ലീഗ് സമ്മേളനം

കോഴിക്കോട്: കോഴിക്കോട്: ഒരു മഹാസമ്മേളനം സമാപിച്ച നഗരി അന്ന് നേരം പുലരും മുന്നേ മാലിന്യങ്ങളൊന്നും ഇല്ലാതെ ക്ലീന്‍ ആയി മാറുക എന്നത് ഏതൊരു സ്വച് ഭാരത് ചിന്തകന്റെയും മോഹമാണ്. എന്നാല്‍ അത്തരമൊരു മാതൃകക്ക് സാക്ഷ്യം വഹിച്ചിരിക്കയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറം.

ജനസാഗരങ്ങളായി പ്രവര്‍ത്തകര്‍ വന്നുചേര്‍ന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന വേദിയും പരിസരവും നേരം വെളുക്കും മുമ്പേ യൂത്ത്‌ലീഗ് പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് വൃത്തിയാക്കി മാറ്റുകയായിരുന്നു.

ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മൂന്ന് ദിവസം നീണ്ടു നിന്ന യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങുകള്‍ക്ക് കോഴിക്കോട് കടപ്പുറത്ത് തുടക്കമായത്. തുടര്‍ന്ന് പതിനായിരങ്ങള്‍ പങ്കെടുത്ത പൊതുസമ്മേളനം രാത്രിയോടെ സമാപിച്ചു. എന്നാല്‍ എല്ലാ സമ്മേളന നഗരിയും എന്ന പോലെ കോഴിക്കോട് കടപ്പുറവും വൃത്തികേടായി മാറി. പക്ഷേ നേതാക്കളും പ്രവര്‍ത്തകരുമടക്കം ഒട്ടേറെ പേര്‍ ചേര്‍ന്ന് സമ്മേളനം സമാപിച്ച രാത്രി വെളുക്കും മുന്നെ കിലോമീറ്ററുകള്‍ ദൂരമുളള കോഴിക്കോട് കടപ്പുറത്തിന് ക്ലീന്‍ ചീറ്റ് ഉണ്ടാക്കിയെടുക്കുകയായിരുന്നു.

ഒരു മേനിപറച്ചിലായി അല്ല മറിച്ചു വലിയ വെല്ലവിളിയായി തന്നെയാണ് കിലോമീറ്ററുകള്‍ ദൂരമുള്ള കോഴിക്കോട് കടപ്പുറത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തതെന്നു പ്രവര്‍ത്തനത്തില്‍ പങ്കാളിയായ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു. ഇതിലൂടെ സംസ്ഥാന സമ്മേളനം സമാപിച്ച് നേരം പുലരുന്നതിനു മുന്‍പേ മാലിന്യങ്ങള്‍ നീക്കം ചെയ്യുമെന്ന സംസ്ഥാന പ്രസിഡണ്ട് പി.എം സാദിഖലി നല്‍കിയ ഉറപ്പാണ് ഞങ്ങള്‍ പാലിച്ചതെന്നും ഫിറോസ് വ്യക്തമാക്കി. തുടക്കം മുതല്‍ അവസാനം വരെ ഒട്ടനവധിപേര്‍ ഈ ദൗത്യത്തില്‍ പങ്കാളികളായെന്നും ഫിറോസ് അറിയിച്ചു. തുടക്കം മുതല്‍ അവസാനം വരെ ഈ ദൗത്യത്തില്‍ പങ്കെടുത്തവരെയും ഇടക്ക് വന്നുപോയവരെയും എല്ലാവരെയും യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നതായും ഫിറോസ് വ്യക്തമാക്കി.

യൂത്ത് ലീഗിന്റെ മാതൃകാ പ്രവര്‍ത്തനം ഇതിനകം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായി കഴിഞ്ഞു.

കോഴിക്കോട് ബീച്ചിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത ദൗത്യത്തില്‍ തുടക്കം മുതല്‍ അവസാനം വരെ പങ്കാളികളായവരുടെ ഗ്രൂപ്പ് ഫോട്ടോ

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി നേരത്തെ സംസ്ഥാന സമ്മേളനത്തിനോട് അനുബന്ധിച്ച് നടത്തുന്ന റാലി യൂത്ത് ലീഗ് ഇത്തവണ വേണ്ടെന്ന് വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ബിജെപിയുടെ ദേശീയ കൗണ്‍സില്‍ മീറ്റ് കോഴിക്കോട് കടപ്പുറത്ത് സമാപിച്ചപ്പോള്‍ സമ്മേളന നഗരിയില്‍ മാലിന്യങ്ങള്‍ കൂമ്പാരമായതിന്റെ ദൃശ്യങ്ങള്‍ ട്വിറ്റ്വറിലും ഫെയ്‌സ്ബുക്ക് രാജ്യവ്യാപകമായി പ്രചരിച്ചിരുന്നു.

chandrika: