kerala

എറണാകുളത്ത് 15 ടൂറിസ്റ്റ് ബസുകള്‍ പിടിച്ച് എംവിഡി

By webdesk18

November 22, 2025

കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി സര്‍വീസ് നടത്തിയ ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കടുത്ത നടപടി തുടങ്ങി. എറണാകുളം ജില്ലയില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ ലൈറ്റുകള്‍, ഹൈ-ഫ്രീക്ക്വന്‍സി ഓഡിയോ സിസ്റ്റങ്ങള്‍ എന്നിവ ഘടിപ്പിച്ച ഏകദേശം 15 ടൂറിസ്റ്റ് ബസുകളെയാണ് പിടിച്ചെടുത്തത്.

ഡ്രൈവര്‍ ക്യാബിനില്‍ വ്‌ലോഗ് ചിത്രീകരണം, യാത്രയ്ക്കിടെ അപകടകരമായ ലേസര്‍ ലൈറ്റുകള്‍ ഉപയോഗിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ പ്രത്യേക നിര്‍ദേശം പ്രകാരം എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്.

ഓരോ നിയമവിരുദ്ധ രൂപമാറ്റത്തിനും 5,000 രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്. മാറ്റങ്ങള്‍ നീക്കം ചെയ്ത് വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കുന്നതുവരെ സര്‍വീസ് തുടരാന്‍ അനുവാദമില്ല. ഗുരുതരമായ രൂപമാറ്റം കണ്ടെത്തിയ വാഹനങ്ങളുടെ ഫിറ്റ്‌നസും റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു.