എറണാകുളം: കൊച്ചി കോന്തുരുത്തിയില്‍ ചാക്കില്‍കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മൃതദേഹം കിടന്ന വീടിന്റെ ഉടമ ജോര്‍ജ് കുറ്റം സമ്മതിച്ചു. തലക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
ലൈംഗിക തൊഴിലാളിയായ സ്ത്രീയുമായി പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പുലര്‍ച്ചെ ആറര മണിക്ക് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ആണ് പാതി ചാക്കില്‍ പൊതിഞ്ഞും, അരക്ക് താഴെ വിവസ്ത്രയുമായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് ജോര്‍ജ് എന്ന ആളെയും മദ്യലഹരിയില്‍ കാണ്ടെത്തി. പിന്നാലെ കൗണ്‍സിലര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് കൂട്ടിക്കൊണ്ടുവന്ന ലൈംഗിക തൊഴിലാളിയെ പിന്നീട് പണത്തിന്റെ പേരില്‍ തര്‍ക്കം വന്നതോടെ കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാള്‍ പറഞ്ഞു.
വീടിനകത്ത് നടത്തിയ പരിശോധനയില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.