അരുണ്‍ ചാമ്പക്കടവ്

കൊല്ലം : സിഎംപി സ്ഥാപക നേതാവ് എംവി രാഘവന്റെ രണ്ടാമത് അനുസ്മരണ സമ്മേളനത്തില്‍ നിന്നും സിഎംപിയുടെ ഏക എംഎല്‍എ ചവറ വിജയന്‍ പിള്ളയെ ഒഴിവാക്കിയത് വിവാദമാകുന്നു.

ഇന്ന് വൈകുന്നേരം നാല് മണിക്ക് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറിലാണ് അനുസ്മരണ യോഗം നടക്കുന്നത്.ഇന്ത്യന്‍ ദേശിയ സാഹചര്യവും ഇടതുപക്ഷവും എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട് . മുഖ്യമന്ത്രി പിണറായി വിജയനാണ് സെമിനാറിന്റെ ഉദ്ഘാടനം. കൂടാതെ രാഷ്ട്രിയ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്.കാനം രാജേന്ദ്രന്‍, എം പി വീരേന്ദ്രകുമാര്‍, പി ജയരാജന്‍ ,സിഎംപി സംസ്ഥാന സെക്രട്ടറി അരവിന്ദാക്ഷന്‍, എം വി നികേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നാണ് പാര്‍ട്ടിയുടെ ഏക എംഎല്‍എ വിജയന്‍ പിള്ളയെ ഒഴിവാക്കിയെന്നതും ശ്രദ്ധേയമാണ്.

പെട്ടന്നൊരു സുപ്രഭാതത്തില്‍ പാര്‍ട്ടിയിലേക്ക് കടന്ന് വരുകയും എംഎല്‍എയായി മാറുകയും ചെയ്ത വിജയന്‍ പിള്ളക്കെതിരെ പാര്‍ട്ടി കണ്ണൂര്‍ ഘടകത്തിന് തുടക്കത്തിലേ ഉണ്ടായിരുന്നു . ഇതിന്റെ തുടര്‍ച്ചായാണ് ഈ ഒഴിവാക്കല്‍.എംഎല്‍എ ആയതിന് ശേഷം കണ്ണൂരില്‍ എംവിആര്‍ പ്രതിമയ്ക്ക് മുന്നില്‍ വിജയന്‍ പിള്ള പുഷ്പാര്‍ച്ചന നടത്താന്‍ പോയിരുന്നു.
അഴിക്കോട് മണ്ഡലത്തിലെ തോല്‍വിക്ക് ശേഷം
എംവി നികേഷ്‌കുമാര്‍ സിപിഎം നേതാക്കളുമായി വേദി പങ്കിടുന്നു ആദ്യ പൊതുപരിപാടിയെന്ന പ്രത്യേകതയും ഇന്നത്തെ സമ്മേളനത്തിനുണ്ട്.
പാര്‍ട്ടിയുടെ ഏക എംഎല്‍എയായ വിജയന്‍പിള്ളയെ പരിപാടിയില്‍ പങ്കെടുപ്പിക്കാത്തത് എന്താണ് എന്ന ചോദ്യത്തിന് എംവിആറിന്റെ മകന്‍ കൂടിയായ എംവി നികേഷ് കുമാര്‍ ‘ചന്ദ്രികയോട് ‘ പ്രതികരിച്ചത് പരിപാടി സംഘടിപ്പിക്കുന്നത് ഞാനല്ല എന്നായിരുന്നു മറുപടി.