ലുഖ്മാന്‍ മമ്പാട്

കോഴിക്കോട്: സാമൂതിരിയുടെയും കുഞ്ഞാലിമരക്കാരുടെയും പോരിശ നിറഞ്ഞ ബാഫഖി തങ്ങളുടെയും സി.എച്ചിന്റെയും മണ്ണില്‍ മലയാള യുവത്വം കൊടിയേറി. ഇനിയുള്ള മൂന്നു ദിന രാത്രങ്ങള്‍ ഹരിത യൗവ്വനത്തിന്റെ ഹൃദയ താളത്തിനൊത്ത് കോഴിക്കോട് നഗരം തുടിക്കും. പടയോട്ടങ്ങളും പടക്കപ്പലുകളും ഏറെ കണ്ട കോഴിക്കോട് കടപ്പുറത്ത് രാജ്യഭിമാനത്തിന്റെയും ആത്മാഭിമാനത്തിന്റെയും ഉണര്‍ത്തുപാട്ടായി 12ന് യുവ ലക്ഷങ്ങള്‍ സംഗമിക്കും. മുസ്്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി ടാഗോര്‍ സെന്റിനറി ഹാള്‍ അങ്കണത്തില്‍ ഹരിത-ചന്ദ്ര-താര പതാക ഉയര്‍ത്തുമ്പോള്‍ തക്ബീര്‍ ധ്വനികളാല്‍ പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്തു.

ഇന്നു രാവിലെ 10ന് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം മുസ്്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് ഇ അഹമ്മദ് എം.പി ഉദ്ഘാടനം ചെയ്യും. ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. ‘കാലം: 2012 – 2016’ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യും. കെ.പി.എ. മജീദ്, പി.കെ.കെ ബാവ, ഡോ. എം.കെ മുനീര്‍, പി.വി. അബ്ദുള്‍ വഹാബ് എം.പി, കെ.എം ഷാജി, അബൂബക്കര്‍ എം.എല്‍.എ തമിഴ്‌നാട്, എം.സി മായിന്‍ഹാജി, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, ഉമ്മര്‍ പാണ്ടികശാല, അഡ്വ. നൂര്‍ബീന റഷീദ്, മിസ്ഹബ് കീഴരിയൂര്‍ സംസാരിക്കും.

തുടര്‍ന്ന് ഫാസിസവും ദേശീയതയും എന്ന വിഷയത്തില്‍ ഫ്രന്റ്‌ലൈന്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവരും മതവും ബഹുസ്വരതയും എന്ന വിഷയത്തില്‍ പ്രൊഫ. എ.കെ രാമകൃഷ്ണന്‍ (സെന്റര്‍ ഫോര്‍ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്) കെ.എം ഷാജി എം.എല്‍.എയും പരിസ്ഥിതിയും വികസനവും എന്ന വിഷയത്തില്‍ ഡോ. ടി.ടി. ശ്രീകുമാര്‍ (മുദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍സ് അഹമ്മദാബാദ്), അഡ്വ. കെ.എന്‍.എ ഖാദര്‍ എന്നിവരും ഏകീകൃത സിവില്‍കോഡും ലിംഗ സമത്വവും എന്ന വിഷയത്തില്‍ കെ.കെ ബാബുരാജ്, അഭിലാഷ് ജി രമേശ് (റിസര്‍ച്ച് സ്‌കോളര്‍, ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ജെ.എന്‍.യു) എം.ഐ തങ്ങള്‍ എന്നിവരും ന്യൂനപക്ഷ രാഷ്ട്രീയം – സാധ്യതകള്‍ എന്ന വിഷയത്തില്‍ എം.എല്‍.എമാരായ ഡോ.എം.കെ. മുനീര്‍, ടി.എ അഹമ്മദ് കബീര്‍ എന്നിവരും സംസാരിക്കും. വൈകിട്ട് ഏഴിന് ഇശല്‍ പൈതൃകവും അരങ്ങേറും.

നാളെ രാവിലെ ഒമ്പതിന് ചേമ്പര്‍ ഹാളില്‍ പൂര്‍വ്വ നേതൃസംഗമം മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ.കെ ബാവ, ഡോ. എം.കെ മുനീര്‍, ടി.എ അഹമ്മദ് കബീര്‍, സി. മമ്മുട്ടി, കെ.എം. ഷാജി, അഡ്വ. എന്‍. ഷംസുദ്ദീന്‍, കെ.കെ മുഹമ്മദ്, പി.കെ മുഹമ്മദ് (മാനു സാഹിബ്) എന്നിവര്‍ സംസാരിക്കും.

വൈകിട്ട് മൂന്നിന് ടൗണ്‍ ഹാളില്‍ ന്യൂനപക്ഷ – പിന്നാക്ക – ദളിത് ഐക്യം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മുസ്്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ഔട്ട് ലുക്ക് മാഗസിന്‍ അസി. എഡിറ്റര്‍ ബാഷ സിംഗ് മുഖ്യ പ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, അഡ്വ. സി.കെ വിദ്യാസാഗര്‍, സണ്ണി കപിക്കാട്, ചിത്രലേഖ, പി. സുരേന്ദ്രന്‍, യു.സി രാമന്‍, സി.പി. സൈതലവി എന്നിവര്‍ സംസാരിക്കും. വൈകിട്ട് ഏഴിന് ലീഗ് ഹൗസില്‍ നടക്കുന്ന പ്രവാസ സംഘമം പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും.

12ന് വൈകിട്ട് നാലിന് കോഴിക്കോട് കടപ്പുറത്തു നടക്കുന്ന മഹാ സമ്മേളനം മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.