ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ബി.ജെ.പി നേരിട്ട തിരിച്ചടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കൂടുതല്‍ സമയം ചെലവഴിച്ച് ബില്ലുകള്‍ പാസാക്കാന്‍ തയ്യാറാണെന്ന് മോദി പറഞ്ഞു. എന്നാല്‍ ബി.ജെ.പിക്കേറ്റ പരാജയത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് മോദി പ്രതികരിച്ചില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം പിന്‍മാറുകയായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ അഞ്ചു സംസ്ഥാനങ്ങളിലും ബി.ജെ.പി പരാജയത്തിന്റെ വക്കിലായിരുന്നു. ഈ സമയത്താണ് മോദി മാധ്യമങ്ങളെ കണ്ടത്. പാര്‍ലമെന്റ് ശീതകാലസമ്മേളനത്തെക്കുറിച്ച് സംസാരിച്ച മോദി തെരഞ്ഞെടുപ്പ് തിരിച്ചടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിച്ചില്ല. പിന്നീട് തിരിഞ്ഞുനടക്കുകയായിരുന്നു.

പാര്‍ലമെന്റില്‍ പ്രശ്‌നങ്ങള്‍ സംവാദത്തിലൂടെ പരിഹരിക്കാന് സാധിക്കും. ചര്‍ച്ചക്കുള്ള അന്തരീക്ഷമാണ് വേണ്ടത്. പൊതുജനങ്ങളെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട പല വിഷയങ്ങളും ചര്‍ച്ച ചെയ്യണമെന്നും എല്ലാ അംഗങ്ങളും സമയം ചെലവഴിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

അതേസമയം, അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുന്നിട്ട നില്‍ക്കുന്ന സാഹചര്യത്തില്‍ അവസാന ഫലം വന്ന് പ്രതികരിക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയും പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പരാജയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘ഞങ്ങള്‍ അവസാന ഫലത്തിനായി കാത്തു നില്‍ക്കുക’യാണെന്ന് രാഹുല്‍ ഗാന്ധിയും സോണിയും പ്രതികരിച്ചു.

പാര്‍ട്ടിക്ക് വേണ്ടി മകന്‍ നന്നായി കഠിനാദ്ധ്വാനം ചെയ്തിരുന്നുവെന്ന് സോണിയാഗാന്ധി പറഞ്ഞു. രാഹുല്‍ മികച്ച രീതിയില്‍ പാര്‍ട്ടിയെ നയിച്ചിട്ടുണ്ടെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.