കോഴിക്കോട്: വേളം സ്വദേശിയായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ പുത്തലത്ത് നസീറുദ്ദീനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്താരം ആരംഭിച്ചു.
നസീറുദ്ദീനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കപ്പച്ചേരി ബഷീറിനെയും രണ്ടാം പ്രതി കൊല്ലിയില്‍ അന്ത്രുവിനെയും കേസിലെ ദൃക്‌സാക്ഷിയും നസീറുദ്ദീനൊപ്പം ബൈക്കിലുണ്ടായിരുന്ന ബന്ധുകൂടിയായ അബ്ദുല്‍ റഊഫ് തിരിച്ചറിഞ്ഞു. വേളം പുത്തലത്ത് അനന്തോട്ട്താഴെ വച്ച് നസിറുദ്ദീനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബുള്ളറ്റ് ബൈക്കിലെത്തിയ പ്രതികള്‍ തങ്ങളെ തടഞ്ഞു വെക്കുകയും, ലീഗുകാര്‍ വലിയ ആളുകളാവുകയാണോ, എന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ഒന്നാം പ്രതി കപ്പച്ചേരി ബഷീര്‍, നസിറുദ്ദീന്റെ നെഞ്ചിലും മുതുകില്‍ വലതുഭാഗത്തായും മറ്റു ഭാഗങ്ങളിലുമായി കത്തികൊണ്ട് കുത്തിയെന്നും കുത്തേറ്റ നസീറുദ്ദീന്‍ റോഡില്‍ കമിഴ്ന്ന് വീണെന്നും റഊഫ് മൊഴി നല്‍കി.
കപ്പച്ചേരി ബഷീറിനെയും അന്ത്രുവിനെയും മാരകായുധമായ കത്തിയും പ്രതികള്‍ ഇരുവരും ധരിച്ചിരുന്ന വസ്ത്രങ്ങളും മറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കോഴിക്കോട് ഫസ്റ്റ് അഡീഷണല്‍ ജില്ലാ കോടതി മുന്‍പാകെയാണ് സാക്ഷി മൊഴി നല്‍കിയത്. വടകര മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും തൊണ്ടി മുതലുകള്‍ ജില്ലാ കോടതിയില്‍ എത്തിച്ചതിന് ശേഷമായിരുന്നു സാക്ഷി വിസ്താരം ആരംഭിച്ചത്. സാക്ഷി വിസ്താരം 20 ന് വെള്ളിയാഴ്ച തുടരും. കൊലപാതകം നടക്കുമ്പോള്‍ സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയ പ്രദേശവാസികളായ ബാലന്‍, ശൈലേഷ്, ആസിഫ്, ഹാരിസ് എന്നീ സാക്ഷികളെയാണ് വിസ്തരിക്കാനുള്ളത്.