കൊച്ചി: ദേശീയ പുരസ്‌കാരം ലഭിച്ചെന്നു കരുതി സെലക്ടീവാകില്ല. അങ്ങനെയായാല്‍ ഈച്ചയാട്ടി വീട്ടില്‍ ഇരിക്കേണ്ടി വരും. അതുകൊണ്ട് സീരിയസ്സായ റോളുകള്‍ മാത്രമല്ല എല്ലാ കഥാപാത്രങ്ങളും ചെയ്യും. അവാര്‍ഡിന് ശേഷം പുതിയ ചിത്രങ്ങളിലേക്കൊന്നും ക്ഷണം ലഭിച്ചിട്ടില്ലെന്നും മലയാളത്തിലെ പ്രമുഖരായ എല്ലാ നടന്‍മാര്‍ക്കൊപ്പവും അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും സുരഭി പറഞ്ഞു.

പ്രമുഖ അഭിനേതാക്കളൊന്നും തന്നെ വിളിച്ചില്ലെന്ന വാര്‍ത്ത ദുരുദ്ദേശ്യപരമെന്നും തനിക്ക് അത്തരമൊരു പരിഭവമില്ലെന്നും നടി സുരഭി ചന്ദ്രികയോട് പറഞ്ഞു.

പ്രമുഖ താരങ്ങളൊന്നും തന്നെ വിളിച്ചില്ലെന്ന രീതിയില്‍ വാര്‍ത്ത പ്രചരിക്കപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടി വിശദീകരണവുമായി രംഗത്തെത്തിയത്. തന്റെ ഫോണ്‍ രണ്ടു മൂന്ന് ദിവസമായി ഓഫായിക്കിടക്കുകയാണ്. അതിനാല്‍ പലരുടെയും ഫോണ്‍ കോളുകള്‍ നഷ്ടപ്പെട്ടിരുന്നു. ആ വിഷയം തുറന്നുപറഞ്ഞതാണ് തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടതെന്നും അത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കപ്പെട്ടതില്‍ അമര്‍ഷമുണ്ടെന്നും നടി സുരഭി ചന്ദ്രികയോട് പറഞ്ഞു.