X

മതേതര യോജിപ്പിന്റെ പാത തുറന്ന് ദേശീയ സമ്മേളനം

ഫിര്‍ദൗസ് കായല്‍പുറം

എഴുപത്തിയഞ്ച് സംവത്സരങ്ങള്‍ക്കു മുന്‍പ് ഇന്ത്യന്‍ മുസ്‌ലിമിനും പിന്നാക്ക ജനസൂഹത്തിനും അഭിമാനകരമായ രാഷ്ട്രീയ അസ്ഥിത്വം പകര്‍ന്നുനല്‍കിയ മുസ്‌ലിം ലീഗ് പ്രസ്ഥാനം, പിറന്ന മണ്ണില്‍ നിന്ന് രാഷ്ട്രീയ ഭൂമിയിലേക്ക് പുതിയൊരു തേരോട്ടത്തിന് തുടക്കം കുറിക്കുന്ന കാഴ്ച. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ജനാധിപത്യ ഭാരതം വളരെ പ്രതീക്ഷയോടെയാണ് അത് നോക്കിക്കണ്ടത്. എല്ലാ കണ്ണുകളും ചെന്നൈയിലേക്കായിരുന്നു. ചരിത്രം പറയുമ്പോളും എഴുതുമ്പോളും ഇത്രയേറെ പാരമ്പര്യമുള്ള ഒരു പാര്‍ട്ടിയുടെ മനസുകൂടി ഈ തമിഴ് മണ്ണില്‍ തുറന്നുവെക്കുകയായിരുന്നു.

അത് കേവലമൊരു രാഷ്ട്രീയ മുന്നേറ്റമെന്നു മാത്രം അടയാളപ്പെടുത്തലല്ല. പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് കൊടിയിറങ്ങുമ്പോള്‍ മുസ്‌ലിം ലീഗിനിത് ചരിത്രവഴികളുടെ ഓര്‍മ്മപുതുക്കലാണ്, യോജിപ്പിന്റെ പുതിയ അടിത്തറയൊരുക്കലാണ്, ഹരിതപതാക വാനോളമുയര്‍ത്തി പതിറ്റാണ്ടുകള്‍ ഈ പാര്‍ട്ടിയെ നെഞ്ചിലുറപ്പിച്ച ലക്ഷക്കണക്കിന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ ആത്മാഭിമാനം ഉണര്‍ത്തിയ ഒത്തുചേരലാണ്.

ഫാസിസം വാളോങ്ങി നില്‍ക്കുമ്പോള്‍ എന്താണ് ഇന്ത്യയെന്നും എന്താകരുത് നമ്മുടെ ഇന്ത്യയെന്നും പറഞ്ഞുവെക്കുകയായിരുന്നു ചെന്നൈ നഗരത്തില്‍ തടിച്ചുകൂടിയ നാലുലക്ഷത്തോളം മതേതര മനസുകള്‍. അവരുടെ രാഷ്ട്രീയ വിശ്വാസങ്ങളിലും പ്രതീക്ഷകളിലും ചെന്നൈ സമ്മേളനം കര്‍ന്നുനല്‍കുന്ന കരുത്ത് ചെറുതല്ല. മഹാസമ്മേളനത്തില്‍ മതേതര ഇന്ത്യയുടെ ശബ്ദമായ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ സാന്നിധ്യം ചരിത്രസംഭവമായി മാറി. ദ്രാവിഡ മുന്നേറ്റ കഴകവും മുസ്‌ലിം ലീഗ് പാര്‍ട്ടിയും തമ്മിലുള്ള പതിറ്റാണ്ടുകളുടെ ഇഴയടപ്പുറം സ്റ്റാലിന്‍ ഓര്‍ത്തെടുക്കുമ്പോള്‍ വിശാല മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന കക്ഷികള്‍ക്ക് മുസ്‌ലിം ലീഗ് എത്രത്തോളം പ്രിയപ്പെട്ടതെന്നു കൂടി വ്യക്തമാകുന്നു.

അണ്ണാദുരൈയും കരുണാനിധിയും ഇസ്‌ലാമിനെ പഠിച്ചാണ് ദ്രാവിഡ രാഷ്ട്രീയം പ്രാവര്‍ത്തികമാക്കിയതെന്ന് മുസ്‌ലിം ലീഗിന്റെ വേദിയില്‍ സ്റ്റാലിന്‍ പറയുമ്പോള്‍, എല്ലാ ആശങ്കകളെയും അടിച്ചമര്‍ത്തലുകളെയും അസ്ഥാനത്താക്കി ലീഗിന്റെ രാഷ്ട്രീയവഴികള്‍ എത്രത്തോളം ദൃഢമാണെന്ന സന്ദേശം കൂടിയാണത്. മുസ്‌ലിം ലീഗ് പിറന്ന മണ്ണില്‍ നിന്ന് ഈ പാര്‍ട്ടി പ്രതീക്ഷിച്ചതിനപ്പുറം ശക്തമായ രാഷ്ട്രീയ പിന്തുണ ലഭിച്ചിരിക്കുന്നു. അതാകട്ടെ ഉപാധിരഹിതമായി എല്ലാവരുടേതുമായ രാജ്യത്തിനു വേണ്ടി ഒരുമിച്ച് പോരാടാമെന്ന സന്ദേശമാണ്. അതുകൊണ്ടാണ് ഓരോ മുസ്‌ലിം ലീഗുകാരനും അഭിമാന നിമിഷമാണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

”മുസ്‌ലിംലീഗ് അമ്പതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കലൈഞ്ജര്‍ കരുണാനിധി ഇതേ ചെന്നൈയില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ദളപതി സ്റ്റാലിന്‍ ഞങ്ങള്‍ക്കൊപ്പം ഇരിക്കുന്നു. ഇതൊരു ചരിത്ര മുഹൂര്‍ത്തമാണ്. ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന മുഖ്യമന്ത്രിമാരില്‍ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് സ്റ്റാലിനോടാണ്. അദ്ദേഹം സെക്യുലര്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഉദാഹരണമാണ്. മുസ്‌ലിം സമുദായം അങ്ങയുടെ കൈകളില്‍ സുരക്ഷിതമാണെന്ന് ഞങ്ങള്‍ക്കറിയാം. പിന്നാക്ക, ന്യൂനപക്ഷ സമുദായത്തോടൊപ്പം നില്‍ക്കുന്ന സ്റ്റാലിനൊപ്പം എന്നും മുസ്‌ലിംലീഗുണ്ടാകും. ഖാഇദെ മില്ലത്തിന്റെ ആഹ്വാനം കേട്ട് പച്ചപ്പതാക പിടിച്ച ഞങ്ങള്‍ ദ്രാവിഡ രാഷ്ട്രീയത്തോടൊപ്പം തന്നെയുണ്ട്”- എന്നാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്. ഇത് ഒരു രാഷ്ട്രീയ നയപ്രഖ്യാപനമല്ല, മറിച്ച് ഭാവി ഭാരതത്തിലേക്ക് ഒരുമിച്ച് നടക്കാമെന്ന വിളംബരമാണ്.

രാജ്യത്ത് മുസ്‌ലിം ലീഗിനോട് ചേര്‍ന്നുനില്‍ക്കുന്ന നിരവധി മതേതര കക്ഷികളുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം ലീഗ് മുന്നോട്ടുവെച്ച ആശയങ്ങള്‍ സര്‍വാത്മനാ സ്വീകരിച്ചവരാണ് അത്തരം പാര്‍ട്ടികള്‍. എന്നാല്‍ ദേശീയതലത്തില്‍ യോജിച്ച മുന്നേറ്റത്തിന്റെ അനിവാര്യതയിലേക്ക് വളരേണ്ട ഒരു കൂട്ടായ്മയുടെ തുടക്കമാണ് ഇന്നലെ ചെന്നൈയില്‍ കണ്ടത്. ഫാസിസ്റ്റുകള്‍ ഭിന്നിപ്പിക്കാനും മതേതര ജനാധിപത്യത്തെ മുറുകെ പിടിക്കുന്നവര്‍ യോജിപ്പിക്കാനും ശ്രമിക്കുന്നതാണ് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ രണ്ട് വൈരുധ്യങ്ങളെന്ന് മുസ്‌ലിം ലീഗ് ഉറക്കെ പറയുന്നു. ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്ന സര്‍ക്കാര്‍ നയം തടയപ്പെടണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ ചെന്നൈയില്‍ പ്രഖ്യാപിക്കുമ്പോള്‍ അതിനൊരു യോജിപ്പിന്റെ രാഷ്ട്രീയമുണ്ട്. ഏക സിവില്‍ കോഡ്, പൗരത്വ നിയമം തുടങ്ങിയവയെല്ലാം എന്തിനു വേണ്ടിയാണെന്ന ചോദ്യം തങ്ങള്‍ മുന്നോട്ടുവെച്ചു. സര്‍ക്കാരിന്റെ പരാജയങ്ങളെ ഇതുകൊണ്ട് മറച്ചുവെക്കുകയാണെന്നും തങ്ങള്‍ പറയുകയുണ്ടായി.

രാജ്യത്ത് അസമത്വം കൊടികുത്തി വാഴുമ്പോള്‍ മുസ്‌ലിം ലീഗ് ചങ്കൂറ്റത്തോടെ ആധുനിക ഇന്ത്യയെ കുറിച്ച് പറഞ്ഞു എന്നത് പ്ലാറ്റിനം ജൂബിലിയോടെ പാര്‍ട്ടിയുടെ കരുത്ത് ഇരിട്ടിയാക്കുന്നു. നരേന്ദ്രമോദിയെയും സംഘപരിവാരിനെയും ഉപരിപ്ലവമായി വിമര്‍ശിക്കുക എന്നതല്ല, നാളെയെ കുറിച്ചും ഇന്ത്യയുടെ വീണ്ടെടുപ്പിനെ കുറിച്ചും മറ്റ് സമാന രാഷ്ട്രീയകക്ഷികള്‍ക്ക് മുസ്‌ലിം ലീഗ് പ്രചോദനം നല്‍കി എന്നതുകൂടി പ്ലാറ്റിനം ജൂബിലിയുടെ ബാക്കിപത്രമാണ്.

സമൂഹ വിവാഹത്തോടെ തുടക്കം കുറിച്ച ആഘോഷം, മുഴുവന്‍ സമൂഹത്തിന്റെയും സുരക്ഷിതത്വവും ഐക്യവും അഖണ്ഡതയും ഉറപ്പിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് അവസാനിച്ചത്. സമീപകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു കക്ഷിക്കും ലഭിക്കാത്തത്ര ബഹുജനപിന്തുണയും മുസ്‌ലിം ലീഗ് സമ്മേളനത്തിനുണ്ടായത് ഏറെ ശ്രദ്ധേയം. മലയാളത്തിലെയും ഇതര ഭാഷകളിലെയും മാധ്യമങ്ങള്‍ ചരിത്ര മുഹൂര്‍ത്തത്തെ അനശ്വരമാക്കിയാണ് അടയാളപ്പെടുത്തിയത്. കൊട്ടിവാക്കത്തെ വൈ.എം.സി.എ മൈതാനിയില്‍ നടന്നത് കേവലമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ സമ്മേളനമായിരുന്നില്ലെന്ന് നാളെ ചരിത്രം രേഖപ്പെടുത്തുക തന്നെ ചെയ്യും.

webdesk11: