X

ദേശീയോദ്ഗ്രഥനവും വികേന്ദ്രീകരണവും

ഡോ. സി.പി ബാവ ഹാജി

രാഷ്ട്രനിര്‍മാണവുമായി ബന്ധപ്പെട്ട് വളരെ കൂടുതല്‍ പരാമര്‍ശിക്കുന്ന പദമാണ് ദേശീയോദ്ഗ്രഥനം (national integrtiy). ദേശത്തിന്റെ ഒരുമിപ്പിക്കല്‍ എന്നാണ് അര്‍ഥം. എതിര്‍ പദമാകട്ടെ വികേന്ദ്രീകരണമെന്നും. വിഘടിപ്പിച്ച് നില്‍ക്കലാണത്. വികേന്ദ്രീകരണം അധികാരവുമായി ബന്ധപ്പെട്ട് ധാരാളമായി ഉപയോഗിക്കുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ജനത നേരിടുന്ന വെല്ലുവിളികള്‍ ഇവ രണ്ടുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. രാഷ്ട്രത്തെ ഒരുമിപ്പിക്കാനുള്ള നിരന്തര ശ്രമമാണ് ഉത്തമനും ഉത്തരവാദിത്തബോധവുമുള്ള ഭരണാധികാരികളില്‍നിന്ന് നിരന്തരം ഉണ്ടാകേണ്ടത്. നിര്‍ഭാഗ്യവശാല്‍ രാഷ്ട്രത്തിന്റെ ശക്തിയെകുറിച്ച് വാചാലമാകുകയും പ്രവര്‍ത്തനത്തില്‍, ദുര്‍ബലതയിലേക്കും അനൈക്യത്തിലേക്കും രാജ്യത്തെ കൊണ്ടെത്തിക്കുന്ന നടപടികള്‍ ആവര്‍ത്തിക്കുകയും ചെയ്യുകയാണ് ഭരണകൂടം.

രാജ്യത്തിന് എത്രമാത്രം വൈവിധ്യമുണ്ടോ അത്രയും തന്നെ ഉദ്ഗ്രഥനവും ആവശ്യമാണ്. ഇന്ത്യയിലെ ദേശീയതയുടെ വളര്‍ച്ചതന്നെ ഈ ഉദ്ഗ്രഥനത്തെ ആധാരമാക്കിയുള്ളതാണ്. എങ്ങും എന്തിലും വൈവിധ്യമുള്ള രാഷ്ട്രമാണ് നമ്മുടേത്. വര്‍ണത്തില്‍, വര്‍ഗത്തില്‍, ഭാഷയില്‍, വേഷത്തില്‍, ആചാരത്തില്‍, ആഹാരത്തിലൊക്കെ ഈ വ്യത്യാസം പ്രകടമാണ്. ഈ വൈവിധ്യങ്ങളുടെ അന്തര്‍ധാരയിലൂടെ കൂട്ടിച്ചേര്‍ക്കപ്പെടുമ്പോള്‍ സംഭരിക്കപ്പെടുന്ന ശക്തിയുടെ സ്തംഭമാണ് ഇന്ത്യ. ഇന്ത്യാക്കാരന്‍ എന്ന അഭിമാന ബോധമാണ് അന്തര്‍ധാരയായി പ്രവര്‍ത്തിക്കുന്ന പൊന്‍നൂല്‍. ചരടുപൊട്ടിയാല്‍ ചിതറിത്തെറിക്കുന്ന മുത്തുമാലയോട് ഇന്ത്യയെ ഉപമിക്കാം. പൊട്ടാതിരിക്കാനോ ദുര്‍ബലപ്പെടാതിരിക്കാനോ ഉള്ള ജാഗ്രതയാണ് വേണ്ടത്.

വൈവിധ്യത്തിന്റെ അസ്തിത്വം നാം അറിയേണ്ടതുണ്ട്. ഒരു വിഭാഗത്തിന്റെ നിറം, ആചാരങ്ങള്‍, വിശ്വാസങ്ങള്‍, ഭക്ഷണക്രമങ്ങള്‍ മറ്റൊരു വിഭാഗം സ്വീകരിക്കണമെന്ന അഭിപ്രായം ഉണ്ടാകല്‍ തന്നെ വിഭാവനം ചെയ്യുന്ന ദേശീയ കാഴ്ചപ്പാടിന് വിരുദ്ധമാണ്. എന്നില്‍ നിക്ഷിപ്തമായ ബോധത്തിന്റേയും അറിവിന്റേയും വെളിച്ചത്തിലും പശ്ചാത്തലത്തിലും ജീവിതത്തോട് നിര്‍മിച്ചെടുക്കുന്ന കാഴ്പ്പാടുകള്‍ നിര്‍ബന്ധപൂര്‍വം മാറ്റണമെന്ന് പറയാന്‍ ലോകത്ത് ഒരാള്‍ക്കും അര്‍ഹതയില്ല. ഓരോ വ്യക്തിയും പ്രത്യേകം ബൗദ്ധികശേഷി വെച്ചുപുലര്‍ത്തുന്നവരാണ്. എന്റെ കാഴ്ചയ്ക്കാണ് ശക്തി എന്നും, അപരന്റെ കാഴ്ച ദൗര്‍ബല്യം നിറഞ്ഞതാണെന്നും പ്രഖ്യാപിക്കുന്നിടത്ത് ഉദ്ഗ്രഥനം ഭീഷണി നേരിടുന്നു. സ്വാതന്ത്ര്യത്തിന്റെ അര്‍ഥതലങ്ങളുടെ ആഴങ്ങള്‍ തേടുന്ന ആള്‍ ആദ്യം കണ്ടെത്തുന്നത് വിലക്കുകളെ നീക്കുന്നതിനുള്ള ഉപാധിയായിരിക്കും. സ്വതന്ത്രമായിരിക്കുക എന്നത് ഉള്ളിന്റെ തേട്ടമാണ്. അതൊരു ജനിതക മൂല്യം കൂടിയാണ്. കെട്ടുപാടുകളില്ലാത്ത മനസ് കൈവരുമ്പോഴാണ് നിര്‍മലമായ പരസ്‌നേഹത്തിന്റെ ഉറവകള്‍ ഉയരുന്നതും ലോകം മുഴുവന്‍ പരക്കുന്നതും. സ്വാതന്ത്ര്യം എന്ന അവസ്ഥ സംജാതമല്ലെങ്കില്‍ വ്യക്തിക്ക് തന്റെ വ്യക്തിത്വത്തെ വികസിപ്പിക്കാനാവില്ല. ഈ ഇല്ലായ്മയെ സങ്കുചിത്വം എന്നു വിളിക്കുന്നു. മനസിന്റെ ഈ ഇടുക്കം സകലവിധ കൊള്ളരുതായ്മകളിലേക്കും നയിക്കും. ചൂഷണം, അടിമത്വം, പരമത വിരോധം, അവകാശ നിഷേധം എന്നിവയുടെ ആരംഭം ഇതില്‍ നിന്നാണ്. ഈ അസ്വീകാര്യാവസ്ഥയില്‍നിന്ന് കുതറിമാറാന്‍ ഒരു ജനത നടത്തുന്ന ശ്രമത്തെയാണ് കേവലം സ്വാതന്ത്ര്യം തേടല്‍ എന്ന് പറയുന്നത്. ഇന്ത്യയുമായി ഇതിനെ ബന്ധിപ്പിച്ചുപറഞ്ഞാല്‍ അത് തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാവി സംരക്ഷണം കൂടിയാണെന്ന് കണ്ടെത്താനാകും. സമാനതകളില്ലാത്ത സ്വാതന്ത്ര്യ പോരാട്ടം നടത്തിയ നെല്‍സണ്‍ മണ്ടേല ഈ അവസ്ഥയെ സൂചിപ്പിക്കുന്നത് ‘സ്വാതന്ത്ര്യത്തിലേക്കുള്ള ദീര്‍ഘമായ നടത്തം’ (Long walk to freedom) എന്നാണ്. അദ്ദേഹം തന്റെ ആത്മകഥക്ക് നല്‍കിയ പേരും ഇതു തന്നെയാണ്. ചെറുത്തു നില്‍പ്പിന്റെ എക്കാലത്തേയും പ്രതീകമാണ് മഹാത്മജിയും മണ്ടേലയും. മുമ്പ് സംഭവിച്ചത് സംഭവിച്ചു. ഇനി അവഹേളനവും പീഢനവും, മൃഗീയ ദണ്ഡനവുമൊന്നും ആധുനിക ജനത അംഗീകരിക്കില്ല. അത്തരം ഭരണാധികാരികളെ അധികനാള്‍ വാഴിക്കുകയുമില്ല. ഏതു തറവാടിന്റേയും മഹിമ അതിന്റെ ധാര്‍മികതയിലാണ് ഊന്നിനില്‍ക്കേണ്ടത് അല്ലാതെ ധാര്‍ഷ്ട്യത്തിലല്ല. പാരമ്പര്യം രാഷ്ട്രത്തിന്റെ മാനദണ്ഡമാക്കുന്നവര്‍ പ്രാഥമികമായി ശ്രദ്ധിക്കേണ്ട കാര്യമാണിത്. സ്വാതന്ത്ര്യം വ്യക്തിത്വത്തിന്റെ വികാസത്തിലാണ് സ്ഥിതിചെയ്യുന്നതെന്ന മഹാത്മാഗാന്ധിയുടെ വാക്യത്തിന്റെ പൊരുളും ഇതുതന്നെയാണ്. വിലക്കുകളില്ലാതെ ആശയപ്രകടനം നടത്താനും തങ്ങളുടെ ശേഷിയെ വികസിപ്പിക്കാനും ജനങ്ങള്‍ക്കുള്ള ശേഷിയുടെ വികാസം കൂടിയാണ് സ്വാതന്ത്ര്യം. രാഷ്ടത്തിന്റെ ഈ ഉള്‍ക്കാമ്പ് മനസിലാക്കാത്തവരാണ് ഇതര മതങ്ങളുടെ പ്രചാരണങ്ങളേയും അവയുടെ ജനകീയതയേയും അസ്വസ്ഥതയോടെ അവഹേളിക്കാനും ആ സ്ഥിതി വളര്‍ത്തിയെടുത്ത് അക്രമത്തിലേക്ക് എത്തിക്കാനും ശ്രമിക്കുന്നത്.

ദേശീയ സമരത്തിന്റെ കേന്ദ്രബിന്ദു സ്വാതന്ത്ര്യമെന്ന ആശയത്തെ മാത്രമല്ല ആധാരമാക്കുന്നത്. അത് ഭയത്തില്‍ നിന്നുള്ള മോചനം കൂടിയാണ്. ബ്രിട്ടീഷുകാര്‍, ഫ്രഞ്ചുകാര്‍, പോര്‍ട്ടുഗീസുകാര്‍, ഡച്ചുകാര്‍ തുടങ്ങിയവരുടെ അധിനിവേശം തുടരാന്‍ കാരണമായത് ഭയത്തിലൂന്നിയ മാനസികാവസ്ഥയാലാണ്. ജീവന്‍ അപഹരിക്കുക, ക്രൂരതകള്‍ക്ക് വിധേയമാക്കുക, നാടുകടത്തുക തുടങ്ങിയവ സഹിക്കാന്‍ വിധിക്കപ്പെട്ട ഒരു ജനതയാണ് തങ്ങള്‍ എന്ന ധാരണയെ പൊളിച്ചുകളയാനുള്ള അറിവും ആത്മബലവും ജനതക്ക് കൈവന്നതോടെയാണ് ധീരതക്കുമുമ്പില്‍ ഏതൊരായുധവും നിഷ്‌ക്രിയമാകും എന്നു മനസിലായത്. തുടര്‍ന്ന് ചെറുത്തുനില്‍പ്പ് ജനതയുടെ അവകാശമായി ഉയര്‍ന്നു. ഏതൊരു രാഷ്ട്രത്തിലേയും അവകാശ നിഷേധം ആഗോള പ്രശ്‌നമായി ഉയര്‍ന്നുവന്നതിന്റെ പശ്ചാത്തലം ഇതാണ്. ഏതു നൊമ്പരവും ലോകത്തിന്റെ നൊമ്പരമായി പരിണമിക്കുന്നത് അങ്ങനെയാണ്. മനുഷ്യ സമൂഹത്തെ ഇന്നലകളുടെ മിത്തുകളുടെ മഹത്വം പറഞ്ഞ് മത്തുപിടിപ്പിക്കാന്‍ ആര് ശ്രമിച്ചാലും ലോക വ്യാപകമായി അത് അപലപിക്കപ്പെടും.

പൗരന്‍മാരുടെ സ്വാതന്ത്ര്യ നിശ്ചയങ്ങളില്‍ ഭരണകൂടം കൈകടത്തുന്നത് ഭീകരതയാണ്. സംരക്ഷരാകണം ഭരണകൂടങ്ങള്‍. ആരെ വിവാഹം കഴിക്കണമെന്ന സ്വാതന്ത്ര്യത്തെ, എന്ത് കഴിക്കണം എന്ന സ്വാതന്ത്ര്യത്തെ, ആരോട് കൂട്ടുകൂടണം എന്ന സ്വാതന്ത്ര്യത്തെ, എന്ത് പഠിക്കണം എന്ന സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനുപകരം പക്ഷപാതപരമായി തിരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനേയും ഭരണകൂടത്തിന്റെ ഭീകര പ്രവര്‍ത്തനമായി മാത്രമേ കാണാന്‍ കഴിയു. പരിഷ്‌കാരം ബന്ധന വിമോചനം ആകുന്നതിനുപകരം ബന്ധനമായി മാറുന്ന വര്‍ത്തമാനകാല ഇന്ത്യന്‍ ഭരണകൂട നിലപാടുകളെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കണമെന്ന ജനാധിപത്യവാദം പ്രബലമാകുന്ന ചുറ്റുപാട് ഇതു തന്നെയാണ്.

രചനാത്മകവും നിഷേധാത്മകവുമായ സ്വാതന്ത്ര്യമുണ്ട്. സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യം സ്വ രക്ഷയാണെങ്കില്‍ അത് രചനാത്മകമാണ്. സ്വയം നിയന്ത്രണമെന്ന സ്വാതന്ത്ര്യ പരിധിയെപറ്റി ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ നല്‍കുന്ന നിര്‍വചനത്തിലാണ് ഇതുള്ളത്. അഭിമാനകരമായ ജീവിതത്തിന് ആര് തടസം നിന്നാലും സമരം ആവശ്യമായിവരും. ഭരണകൂടങ്ങള്‍ക്ക് ചിലപ്പോഴൊക്കെ പൗരസ്വാതന്ത്ര്യത്തില്‍മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടിവരും. എന്നാല്‍ അപ്പോഴൊന്നും നിയമമെടുത്ത് പ്രയോഗിക്കരുതെന്നും സ്റ്റ്യുവര്‍ട്ട് പറയുന്നു. ഏത് നിയന്ത്രണവും ന്യായീകരിക്കാവുന്ന വിധത്തിലുള്ളതായിരിക്കണമെന്നും പ്രസ്തുത വിശകലനത്തിലുണ്ട്.

സ്വാതന്ത്ര്യത്തിന്റെ സംരക്ഷണ മാര്‍ഗങ്ങളായി കരുതിപ്പോരുന്നത് എഴുതിവെക്കപ്പെട്ട അവകാശങ്ങള്‍, സ്വതന്ത്രമായ നീതിന്യായ സംവിധാനം, നിയമഭരണ വ്യവസ്ഥ, സ്വതന്ത്ര മാധ്യമങ്ങള്‍, അധികാര വികേന്ദ്രീകരണം തുടങ്ങിയവയാണ്. നിലവില്‍ ഇന്ത്യന്‍ ഭരണകൂടം ആശയങ്ങളുടെ ഗുണാനുഭങ്ങളെയാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ഗാന്ധിയും നെഹ്‌റുവും ടിപ്പുവും തുടങ്ങി തങ്ങളുടെ വിഭാവനതയിലുള്ള ഏതാനും പേരെ ഒഴിച്ചു നിര്‍ത്തിക്കൊണ്ട്, തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് ദര്‍ശനപരമായും കര്‍മപരമായും കളത്തിലിറങ്ങിയ ബഹുഭൂരിപക്ഷം പേരും നല്‍കിയ സംഭാവനകള്‍ തിരസ്‌കൃത പട്ടികയില്‍ ഉള്‍ച്ചേര്‍ക്കുന്നത് അതിനാലാണ്. 1921 ലെ രക്തസാക്ഷികളെ പട്ടികയ്ക്ക് പുറത്താക്കുന്നതിന്റെ രീതിശാസ്ത്രവും ഇതു തന്നെയാണ്. നിലവിലുള്ള അമൂല്യ ആശയ രത്‌നങ്ങള്‍ അസ്വീകാര്യമായി അടിച്ചമര്‍ത്തപ്പെടലിന് അഥവാ മര്‍ദ്ദനത്തിന് വിധേയമാകുമ്പോള്‍ കൂടുതല്‍ ജ്വലന ശക്തി നേടുമെന്ന വിശ്വാസത്തെ മനസില്‍ പ്രതിഷ്ഠിക്കാം. ചരിത്രം പകര്‍ന്നു തന്നിട്ടുള്ള പാഠം അതാണ്.

web desk 3: