X

വായു ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ കുറയും; തമിഴ്‌നാട്ടില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

വായു ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റം മൂലം സംസ്ഥാനത്ത് കാലവര്‍ഷം 21 വരെ കുറയും. 22 ന് ശേഷമാണ് ഇനി കേരളത്തില്‍ വ്യാപകമായി മണ്‍സൂണ്‍ സജീവമാകുകയുള്ളൂ. വായു ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാറ്റിന്റെ ഗതിവ്യതിയാനം മൂലം അറബിക്കടലില്‍ നിന്ന് മേഘങ്ങള്‍ വ്യാപകമായി കേരളതീരത്തേക്ക് എത്താന്‍ സാധ്യത കുറവാണ്.
ഒറ്റപ്പെട്ട മേഘങ്ങള്‍ എത്തുമെങ്കിലും അവ കിഴക്കന്‍ പ്രദേശത്തേക്ക് നീങ്ങുകയും അവിടെ ഒറ്റപ്പെട്ട മഴക്ക് കാരണമാകുകയും ചെയ്യും. എന്നാല്‍, വെയിലും ഒറ്റപ്പെട്ട മഴയുമുണ്ടാകും. രണ്ടു മുതല്‍ 10 മില്ലി മീറ്റര്‍ മഴയാണ് അടുത്ത രണ്ടു ദിവസം സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. ഇന്ന് കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളുടെ അതിര്‍ത്തിയില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.
ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ 24 മണിക്കൂറില്‍ രണ്ടു മുതല്‍ 10 മില്ലി മീറ്റര്‍ വരെയുള്ള മഴക്ക് മാത്രമെ സാധ്യതയുള്ളൂ. നാളെയും 20 നും ഒറ്റപ്പെട്ട മഴയുണ്ടാവും. 20 ന് രാത്രി നാലോ അഞ്ചോ സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ 1.5 മുതല്‍ 2.5 സെ.മി വരെ മഴക്ക് സാധ്യതയുണ്ട്. അതേസമയം, തമിഴ്‌നാട്ടില്‍ നാളെയും മറ്റന്നാളും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ഇടിയോടുകൂടെ മഴയുണ്ടാകും.
ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ചൂട് 40 ഡിഗ്രിക്ക് മുകളിലാകും. കേരളത്തില്‍ മഴ സജീവമായ ശേഷമേ ഇനി തമിഴ്‌നാട്ടില്‍ സാധ്യതയുള്ളൂ. ഇപ്പോള്‍ വടക്കുകിഴക്ക്, കിഴക്ക് മധ്യ അറബിക്കടലിനോട് ചേര്‍ന്നുള്ള തീവ്രചുഴലിക്കാറ്റായ വായു പോര്‍ബന്തര്‍ തീരത്തുനിന്ന് 470 കി.മി പടിഞ്ഞാറ് തെക്ക് ദിശയിലാണ്. അടുത്ത 24 മണിക്കൂറില്‍ ഇത് ശക്തികുറഞ്ഞ് ചുഴലിക്കാറ്റായി മാറും.
തുടര്‍ന്ന് പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കും. വട്ടംചുറ്റി ഗുജറാത്ത് പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് നാളെ അര്‍ധരാത്രിയോടെ ഡിപ്രഷനായി മാറി കരതൊടാനാണ് സാധ്യത. ഇന്നത്തോടെ ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതു പ്രതീക്ഷിച്ച പോലെ കനിഞ്ഞാല്‍ കേരളത്തില്‍ മഴ കനത്തു പെയ്യും.

chandrika: