ന്യൂഡല്‍ഹി: ബിഹാര്‍ ഗവര്‍ണറും ദലിത് നേതാവുമായ രാംനാഥ് കോവിന്ദിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി പ്രതിഷേധം കനക്കുന്നു. അതിനിടെ രാംനാഥ് കോവിന്ദന്റെ ആര്‍.എസ്.എസ് ബന്ധവും പ്രതിപക്ഷ എതിര്‍പ്പിന് ആക്കം കൂട്ടുന്നതായായി റിപ്പോര്‍ട്ട്.

ആര്‍.എസ്.എസ് പശ്ചാത്തലമുള്ള സ്ഥാനാര്‍ഥിയെ പിന്തുണക്കില്ലെന്ന നിലപാട് കോണ്‍ഗ്രസ്, സിപിഎം, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുടെ നേതാക്കള്‍ നേരത്തെ ബിജെപി നേതാക്കളെ അറിയിച്ചിരുന്നു. ഇതിനിടെയാണ് സ്ഥാനാര്‍ഥിയുടെ ആര്‍.എസ്.എസ് പശ്ചാത്തലം ചര്‍ച്ചയാവുന്നത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള ദലിത് നേതാവായ രാംനാഥ് കോവിന്ദ് എസ്.സി/എസ്.ടി മോര്‍ച്ചയുടെ അധ്യക്ഷനായിരുന്നു.


ദളിതന്‍ ആണെങ്കിലും കോവിന്ദിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ആര്‍.എസ്.എസ് അജന്‍ഡയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. കൂടാതെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രതിപക്ഷകക്ഷികള്‍ കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് സി.പി.എം നേതൃത്വം അറിയിച്ചു.

സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചശേഷം മാത്രമാണ് തങ്ങളെ അറിയിച്ചതെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തി. സമവായ ശ്രമത്തിനിടെ എന്‍ഡിഎ ഏകപക്ഷീയമായി സ്ഥാനാര്‍ഥിയെ തീരുമാനിച്ചതായി പ്രതിപക്ഷം ആരോപിച്ചു.തീരുമാനമെടുത്തശേഷം അവര്‍ തന്നെയാണ് അവരുടെ തെരഞ്ഞെടുപ്പ് അറിയിച്ചത്. അതിനര്‍ഥം അത് അവരുടെ മാത്രം തീരുമാനമാണെന്നാണ്. ഇനി ചര്‍ച്ചകള്‍ നടത്തിയിട്ടെന്ത് കാര്യമെന്നും കോണ്‍ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദ് ചോദിച്ചു. പ്രതിപക്ഷ കക്ഷികള്‍ ജൂണ്‍ 22ന് യോഗം ചേരു.

ദളിതരുടെയും പിന്നാക്ക വിഭാഗത്തിന്റെയും ഉന്നമനത്തിന് വേണ്ടി പോരാടിയ വ്യക്തിയാണ് രാംനാഥ് കോവിന്ദ് എന്നാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കൊണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. ആദിവാസിയയെയോ ദളിതനെയോ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കണമെന്ന ആര്‍.എസ്.എസ് നിര്‍ദേശം പാലിച്ചാണ് സ്ഥാനാര്‍ത്ഥി നിയന്ത്രണമെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകള്‍.

ബി.ജെ.പിയില്‍ രാജ്‌നാഥ് സിംഗിന്റെ പക്ഷകാരനായ കോവിന്ദ് എന്നും ആര്‍.എസ്.എസിനൊപ്പം നിന്ന വ്യക്തി കൂടിയാണ്.
ബി.ജെ.പിക്കകത്തു നിന്നുള്ള ഒരാളെ തിരഞ്ഞെടുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താത്പര്യവും ഒരു പോലെ പരിഗണിക്കപ്പെട്ടപ്പോഴാണ് ബീഹാര്‍ ഗവര്‍ണ്ണര്‍ രാംനാഥ് കോവിന്ദിനെ സ്ഥാനാര്‍ഥിയാക്കുന്ന തീരുമാനത്തിലേക്കെത്തിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മുതല്‍ ഡി.എം.ആര്‍.സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്‍ വരെയുള്ളവരുടെ പേര് എന്‍ഡിഎ സ്ഥാനാര്‍ഥി പട്ടികയില്‍ പറഞ്ഞുകേട്ടിരുന്നു. ഇവരെയെല്ലാം പിന്തള്ളിയാണ് രാംനാഥ് കോവിന്ദ് സ്ഥാനാര്‍ഥിയായത്.

അതേസമയം, എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ ബിജെപി ഏകപക്ഷീയമായാണ് നിശ്ചയിച്ചതെന്ന ആരോപണവുമായി ശിവസേനനേതാവ് സഞ്ജയ് റാവത്തും രംഗത്തെത്തി. രാംനാഥ് കോവിന്ദിന്റെ പേര് മുമ്പ് ചര്‍ച്ച ചെയ്തിട്ടില്ല. വാര്‍ത്താ സമ്മേളനത്തിലൂടെ പ്രഖ്യാപിച്ചപ്പോഴാണ് പേര് വിവരം വെളിപ്പെടുന്നത്. സ്ഥാനാര്‍ഥിയെക്കുറിച്ച് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയിട്ടില്ല. സമവായ ചര്‍ച്ചകളില്‍പോലും ബി.ജെ.പി രാംനാഥ് കോവിന്ദിന്റെ പേര് പറഞ്ഞിട്ടില്ലെന്നും ശിവസേന നേതാവ് പറഞ്ഞു. അതേസമയം, രാംനാഥ് കോവിന്ദിനെ പിന്തുണക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനം ഉടന്‍ വ്യക്തമാക്കുമെന്നും ആര്‍ക്ക് വോട്ടു ചെയ്യുമെന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും ശിവസേന അറിയിച്ചു.