കോഴിക്കോട്: അഖിലേന്ത്യാ മെഡിക്കല്‍, ഡെന്റല്‍ പരീക്ഷയായ നീറ്റില്‍ 12ാം റാങ്കുമായി അഭിമാന നേട്ടം കൈവരിച്ച് കോഴിക്കോട്ടുകാരി. 720ല്‍ 710 മാര്‍ക്ക് നേടിയാണ് കൊയിലാണ്ടി കൊല്ലം സ്വദേശിനി എസ്. ആയിഷ മുന്നിട്ടു നിന്നത്. ഒബിസി വിഭാഗത്തില്‍ രണ്ടാം റാങ്കിലെത്തിയ മിടുക്കി പൊതുവിദ്യാലയങ്ങളില്‍ പഠിച്ചാണ് വളര്‍ച്ചയുടെ പടവുകള്‍ കയറിയത്.

സംസ്ഥാന തലത്തില്‍ ഉയര്‍ന്ന റാങ്കുകാരിയായിരിക്കുമിതെന്നാണ് പ്രതീക്ഷ. നീറ്റ് ഫലത്തിലെ റാങ്ക് പ്രതീക്ഷിച്ചിരുന്നതായി ആയിഷ പറഞ്ഞു. കൊല്ലം ‘ഷാജി’യില്‍ കാപ്പാട് കണ്ണങ്കടവ് എപി അബ്ദുല്‍ റസാഖിന്റെയും ഷമീമയുടെയും മകളാണ്. സാധാരണ കുടുംബത്തില്‍ ജനിച്ച ആയിഷ കഠിനാധ്വാനത്തിലൂടെയാണ് ലക്ഷ്യം നേടിയെടുത്തത്. മൂത്ത സഹോദരന്‍ അഷ്ഫാഖ് കൊല്ലം ടികെഎം എന്‍ജിനിയറിങ് കോളജില്‍ സിവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയാണ്. സഹോദരി ആലിയ കൊയിലാണ്ടി ജിബിഎച്ച്എസ്എസില്‍ പ്ലസ്ടുവിന് പഠിക്കുന്നു. കോഴിക്കോട് റെയ്‌സ് എന്‍ട്രന്‍സ് കോച്ചിങ് സെന്ററിലായിരുന്നു പരിശീലനം. എസ്എസ്എല്‍സിക്ക് ഫുള്‍ എ പ്ലസും പ്ലസ്ടുവിന് 95% മാര്‍ക്കും കരസ്ഥമാക്കി.

ആറാം ക്ലാസ് വരെ കാപ്പാട് ഇലാഹിയ സ്‌കൂളിലായിരുന്നു പഠനം. പിന്നീട് തിരുവങ്ങൂര്‍ എച്ച്എസ്എസിലും കൊയിലാണ്ടി ബോയ്‌സ് സ്‌കൂളിലും പഠിച്ചു. തുടര്‍പഠനത്തിനായി ഡല്‍ഹി എയിംസില്‍ എംബിബിഎസിന് ചേരാനാണ് ആയിഷ താല്‍പര്യപ്പെടുന്നത്. കാര്‍ഡിയാക് സര്‍ജനാവുകയെന്നതാണ് ആഗ്രഹം.