തൃശ്ശൂര്‍: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പാമ്പാടി നെഹ്‌റു കോളജില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളോട് മാനേജ്‌മെന്റിന്റെ പ്രതികാര നടപടി. സമരം ചെയ്ത നാലു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാനാണ് മാനേജ്‌മെന്റ് നീക്കം. ഇൗ നാലു വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളെ പിടിഎ യോഗത്തില്‍ പങ്കെടുപ്പിച്ചില്ല. ഇവര്‍ക്കെതിരെ നപടിയുണ്ടാകുമെന്ന് മാനേജ്‌മെന്റ് വാക്കാല്‍ അറിയിച്ചതായാണ് വിവരം.

സമരത്തിന് നേതൃത്വം കൊടുത്തുവെന്നും കോളേജ് അടയ്ക്കാന്‍ കാരണമായി എന്നും ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. എന്നാല്‍ എല്ലാ വിദ്യാര്‍ഥികളോടൊപ്പം തങ്ങളും സമരത്തില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. സമരത്തില്‍ മുഖം മറയ്ക്കാതെ വന്ന വിദ്യാര്‍ഥികള്‍ തങ്ങളായിരുന്നു. അതിനാല്‍ തന്നെ ഇത് പ്രതീക്ഷിച്ച നടപടിയാണെന്നും വിദ്യാര്‍ഥികള്‍ പ്രതികരിച്ചു

അതേസമയം വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തിട്ടില്ലെന്നാണ് കോളജ് അധികൃതര്‍ അറിയിച്ചു. ജനുവരി ആറിനാണ് ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി കോഴിക്കോട് നാദാപുരം കിണറുള്ളപറമ്പത്ത് വീട്ടില്‍ അശോകന്റെ മകന്‍ ജിഷ്ണു പ്രണോയിയെ ഹോസ്റ്റല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് കോളജിനകത്തും പുറത്തും നടന്നത്.