സുരി: നവദമ്പതികളെ ക്യാമ്പസിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമബംഗാളിലെ വിശ്വഭാരതി സര്‍വകലാശാല ക്യാമ്പസിലാണ് സംഭവം. ക്യാമ്പസിനുള്ളില്‍ വെളളിയാഴ്ച്ച അര്‍ധരാത്രിയിലാണ് നവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സോമനാഥ് മഹാതോ (18), അബന്തിക (19) എന്നിവരാണു മരിച്ചത്.

ഭോല്‍പൂരിലെ ശ്രീനന്ദ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്. സോമനാഥ് ഈ വര്‍ഷം ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു. 10-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അബന്തിക.

സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. സര്‍വകലാശാലയിലെ സുരക്ഷാ ജീവനക്കാരനാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.