ഭോപ്പാല്‍: കത്വ സംഭവത്തില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട മധ്യപ്രദേശ് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് അഡ്വ: മുദ്ദസ്സിര്‍ അഹമ്മദ് ജയില്‍മോചിതനായി. ബുര്‍ഹന്‍പുരില്‍ ജമ്മു കശ്മീരിലെ കത്വ പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധത്തിന് നേതൃത്വം കൊടുത്തതിന്റെ പേരിലായിരുന്നു മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ മുസ്‌ലിം ലീഗ്, എം എസ് എഫ് പ്രവര്‍ത്തകരെ വേട്ടയാടിയത്.

ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശ് ഭരണകൂടം തികഞ്ഞ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുകയായിരുന്നു സംഭവം. ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും, എന്‍.എസ്.എ ചുമത്തി തുടര്‍ന്നും ജയിലിലടച്ചു. എന്‍.എസ്.എ സംബന്ധിച്ച അഡൈ്വസറി കമ്മിറ്റിയുടെ ഉത്തരവ് പോലും സര്‍ക്കാര്‍ മുഖവിലക്കെടുത്തില്ല.

അതേസമയം ജനാധിപത്യപരമായ പ്രതിഷേധങ്ങളെയും രാഷ്ട്രീയമായ ചെറുത്തുനില്‍പുകളെയും ഭരണകൂട ഭീകരത ഉപയോഗിച്ച് നേരിടുന്ന ബിജെപി സര്‍ക്കാരിന്റെ നയങ്ങളുടെ ഇരയായിരുന്നു മധ്യപ്രദേശില്‍ ഇന്നലെ ജയില്‍മോചിതനായ എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് അഡ്വ: മുദ്ദസ്സിര്‍ അഹമ്മദ് എന്ന് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എം.പി കോഴിക്കോട്ട് പറഞ്ഞു.

ജമ്മു കശ്മീരില്‍ ഒരു കൊച്ചുപെണ്‍കുട്ടിക്ക് നേരെയുണ്ടായ നിഷ്ഠൂരമായ അരുംകൊലക്കെതിരെ യാതൊരു പ്രകോപനവുമില്ലാതെ പ്രതിഷേധച്ചതിനായിരുന്നു പൊലീസ് അറസ്റ്റ്്. തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ശബ്ദമുയര്‍ത്തുന്നവരെയെല്ലാം ജയിലിലടക്കാനാണ് ഫാഷിസ്റ്റുകള്‍ ശ്രമിക്കുന്നത്്. ഹൈക്കോടതി ജാമ്യം നല്‍കിയിട്ടും ദയാരഹിതമായി എന്‍.എസ്.എ ചുമത്തി പൊലീസ് പ്രവര്‍ത്തകരെ ജയിലിലടച്ചു. എന്‍എസ്എ വിഷയത്തില്‍ അഡൈ്വസറി കമ്മിറ്റിയുടെ ഉത്തരവ് പോലും വൈകിപ്പിക്കാന്‍ ശ്രമമുണ്ടായതായി ഇടി പറഞ്ഞു.

കഴിഞ്ഞ ദിവസം മധ്യപ്രദേശ് ഹോം സെക്രട്ടറി വിവേക് ശര്‍മ്മയെ ഇക്കാര്യത്തില്‍ ബന്ധപ്പെട്ടിരുന്നു. മുസ്‌ലിം ലീഗിന്റെ വിവിധ തലങ്ങളിലുള്ള നേതാക്കളും പ്രവര്‍ത്തകരും മുദ്ദസിറിന്റെ മോചനത്തിനായി ശ്രമിച്ചിരുന്നു. അവരുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് ഈ അന്യായ അറസ്റ്റില്‍ ഇപ്പോഴെങ്കിലും നീതിയിലേക്കുള്ള ആദ്യ പടി ചവിട്ടാനായത്്. തീര്‍ത്തും പ്രതികൂലമായ സാഹചര്യത്തില്‍ ദൈവത്തിന്റെ സഹായത്തില്‍ വിശ്വാസമര്‍പ്പിച്ച് കൊണ്ട് മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ ഇനിയും മുന്നോട്ട് പോകും. ഇടി പറഞ്ഞു.