X

ആഹ്ലാദമല്ല, ബി.ജെ.പിക്ക് ആശ്വാസം മാത്രം

ന്യൂഡല്‍ഹി: മൂന്നു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുന്നേറ്റം കാഴ്ചവെക്കാന്‍ കഴിഞ്ഞത് ബി.ജെ.പിക്ക് നല്‍കുന്നത് ആശ്വാസത്തിനുള്ള വക മാത്രം. 2019ല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കാര്യങ്ങള്‍ കൈവിട്ടു പോകുന്ന ഘട്ടത്തില്‍ ലഭിച്ച പ്രതീക്ഷയുടെ നേരിയ തുരുത്ത് മാത്രമായാണ് ബി.ജെ.പി വൃത്തങ്ങള്‍ പോലും തെരഞ്ഞെടുപ്പ് ഫലത്തെ കാണുന്നത്. ത്രിപുരയിലേത് മാത്രമാണ് ബി.ജെ.പിക്ക് ആഘോഷമാക്കാന്‍ കഴിയുന്ന വിജയം. പശ്ചിമബംഗാള്‍ മാതൃകയില്‍ ഇടതുപക്ഷം ദീര്‍ഘകാലമായി ഭരിച്ച സംസ്ഥാനത്ത് ഒന്നുമില്ലായ്മയില്‍ നിന്നാണ് ബി.ജെ.പി അധികാരത്തിന്റെ പടിചവിട്ടുന്നത്.

എന്നാല്‍ തെരഞ്ഞെടുപ്പ് നടന്ന മൂന്നും 60 നിയമസഭാ മണ്ഡലങ്ങള്‍ വീതം മാത്രമുള്ള ചെറിയ സംസ്ഥാനങ്ങളാണ്. ചെറിയൊരു ഓളം സൃഷ്ടിക്കാമെന്നതിനപ്പുറം 2019ലെ പൊതുതെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ശക്തി ഈ സംസ്ഥാനങ്ങള്‍ക്കില്ല.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഴ്ച വെച്ച ശക്തമായ മുന്നേറ്റത്തോടെ രാഹുല്‍ ഗാന്ധിക്കു കീഴില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പ്രതീതി സൃഷ്ടിച്ചിരുന്നു. ഇത് ശരിവെക്കുന്നതായിരുന്നു ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ലോക്‌സഭാ, നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍. കനത്ത തോല്‍വിയാണ് ഇവിടെ ബി.ജെ.പിയെ കാത്തിരുന്നത്. ഇതിനിടെ ലഭിച്ച വിജയം എന്ന നിലയിലാണ് ത്രിപുര, നാഗാലാന്റ്, മേഘാലയ ഫലങ്ങള്‍ ബി.ജെ.പിക്ക് ആശ്വാസം പകരുന്നത്.

ഇതില്‍ തന്നെ നാഗാലാന്റില്‍ നിലവില്‍ ബി.ജെ.പി ഉള്‍പ്പെടുന്ന നാഗാലാന്റ് പീപ്പിള്‍സ് ഫ്രണ്ടിന്റെ(എന്‍.പി.എഫ്) നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യമാണ് ഭരണത്തിലുള്ളത്. എന്‍.പി.എഫുമായി തെറ്റിപ്പിരിഞ്ഞ് മുന്‍ മുഖ്യമന്ത്രി ടി.ആര്‍ സെലിയാങ് രൂപീകരിച്ച എന്‍.ഡി.പി.പിയെ കൂട്ടുപിടിച്ചാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. തനിച്ചു മത്സരിച്ച എന്‍.പി.എഫ് 27 സീറ്റ് നേടിയപ്പോള്‍ ബി.ജെ.പിയും എന്‍.ഡി.പി.പിയും ചേര്‍ന്ന് നേടിയതും 27 സീറ്റാണ്. ചെറു കക്ഷികളെ കൂട്ടുപിടിച്ച് എന്‍.പി.എഫ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഫലത്തില്‍ നാഗാലാന്റില്‍ ബി.ജെ.പി പ്രതിപക്ഷത്തിരിക്കേണ്ടി വരും.

മേഘാലയയില്‍ ശക്തമായ വെല്ലുവിളി നേരിട്ടെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നതാണ്. മുകുള്‍ സാങ്മയില്‍ ഹിമാലയന്‍ ജനത ഒരിക്കല്‍കൂടി വിശ്വാസമര്‍പ്പിച്ചതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം. എന്നാല്‍ മറ്റു കക്ഷികളുടേയും സ്വതന്ത്രരുടേയും പിന്തുണ ഉറപ്പാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ കോണ്‍ഗ്രസിന് ഇതിന്റെ നേട്ടം സ്വന്തമാക്കാനാകൂ.

പാര്‍ട്ടി ഭരണത്തിലുള്ള സംസ്ഥാനങ്ങളുടെ എണ്ണം ഉയര്‍ത്താന്‍ കഴിഞ്ഞുവെന്നതില്‍ ബി.ജെ.പിക്ക് സന്തോഷിക്കാന്‍ വകയുണ്ട്. കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്കുള്ള ചവിട്ടുപടി എന്നാണ് തെരഞ്ഞെടുപ്പ് ഫലത്തെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വിശേഷിപ്പിച്ചത്. നാലു സംസ്ഥാനങ്ങളില്‍ മാത്രമാണ് നിലവില്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ളത്. ബി.ജെ.പി 20ലധികം സംസ്ഥാനങ്ങളിലും. എന്നാല്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ശേഷിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കൂടി പൂര്‍ത്തിയായാലേ ഇക്കാര്യത്തില്‍ ബി.ജെ.പിക്കും സന്തോഷത്തിന് വകയുള്ളൂ.

കര്‍ണാടകയില്‍ 2018 പകുതിയോടെ തെരഞ്ഞെടുപ്പ് നടക്കും. ഇപ്പോള്‍ ഫലം പുറത്തുവന്ന മൂന്നു സംസ്ഥാനങ്ങളിലെയും മൊത്തം നിയമസഭാ മണ്ഡലങ്ങള്‍ കൂട്ടിയാല്‍ 180 സീറ്റേ ആകുന്നുള്ളൂ. എന്നാല്‍ കര്‍ണാടകയില്‍ മാത്രം 244 സീറ്റുണ്ട്. ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇരു പക്ഷവും മൂര്‍ച്ച കൂട്ടിക്കഴിഞ്ഞു. 2018 അവസാനത്തോടെ മധ്യപ്രദേശിലും രാജസ്ഥാനിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. രണ്ടും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. നവംബര്‍-ഡിസംബര്‍ മാസങ്ങളിലായിരിക്കും ഇവിടെ തെരഞ്ഞെടുപ്പ്. മധ്യപ്രദേശില്‍ 230ഉം രാജസ്ഥാനില്‍ 200ഉം നിയമസഭാ സീറ്റുകളുണ്ട്. രണ്ടും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ അതിദയനീയ തോല്‍വിയാണ് രണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പി നേരിട്ടത്. അതുകൊണ്ടുതന്നെ ഈ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം എന്താവുമെന്നത് നിര്‍ണായകമാണ്.

രാജസ്ഥാന്‍, മധ്യപ്രദേശ് നിയസമഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് കൂടി നടത്താന്‍ ബി.ജെ.പി ശ്രമിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളിലെ പരിമിതി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനോട് യോജിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ തൊട്ടു പിന്നാലെ വരുന്ന പൊതുതെരഞ്ഞെടുപ്പിനെയും അത് ബാധിക്കുമെന്ന തിരിച്ചറിവാണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ കേന്ദ്ര സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്.

chandrika: