X

ഭിന്നിപ്പിക്കാന്‍ അനുവദിക്കില്ല; അടിമുടി മാറ്റവുമായി രാഹുല്‍ ഗാന്ധി

പ്ലീനറി സമ്മേളനത്തില്‍ പ്രസംഗിച്ച ശേഷം സ്റ്റേജില്‍ നിന്നും വേദിയിലേക്ക് മടങ്ങുന്ന മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്യുന്നു.

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ 84-ാം പ്ലീനറി സമ്മേളനത്തോടനുബന്ധിച്ച് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പുതു നയങ്ങളോടെ പാര്‍ട്ടി പെരുമാറ്റത്തിലും രൂപത്തിലും അടിമുടി മാറ്റം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ അടിമുടി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്ലീനറി സമ്മേളനം പ്രൗഢഗംഭീരമായാണ് ഡല്‍ഹിയില്‍ പുരോഗമിക്കുന്നത്.

നേതൃബാഹുല്യത്താല്‍ തിളങ്ങളുന്ന എ.ഐ.സി.സി. പ്ലീനറി സമ്മേളനത്തില്‍ പതിവു കോണ്‍ഗ്രസ് ശൈലി മാറ്റിയ രാഹുല്‍, സ്‌റ്റേജില്‍ പ്രസംഗിക്കുന്നയാള്‍ മാത്രം മതിയെന്നും മറ്റാരും വേണ്ടെന്നുമുള്ള പുതിയ രീതിക്കാണ് തുടക്കമിട്ടത്. സ്‌റ്റേജ് എന്ന രീതിതന്നെ ഇല്ലാതെ ഒരാള്‍ പ്രസംഗിക്കുമ്പോള്‍ പ്രധാന നേതാക്കളുള്‍പ്പെടെ എല്ലാവരും സദസ്സില്‍ ഇരിക്കുകയായിരുന്നു. പ്രസംഗിക്കുന്നവര്‍ കോണ്‍ഗ്രസ് അധ്യക്ഷനുള്‍പ്പെടെ പ്രമുഖ നേതാക്കളുടെ പേര് എടുത്തുപറയുന്ന രീതിയും ഒഴിവാക്കമെന്നാണ് രാഹുലിന്റെ നിര്‍ദേശം.

കൂടാതെ പ്രസംഗത്തില്‍ ആരേയും പുകഴ്ത്തുന്ന രീതി വേണ്ടെന്നും നിശ്ചിത സമയത്തിനുള്ളില്‍ കാര്യം വ്യക്തമാക്കി പ്രസംഗം അവസാനിപ്പിക്കണം. ഓരോ നേതാക്കള്‍ക്കും അനുയായികള്‍ സിന്ദാബാദ് വിളിക്കുന്ന രീതിയും ഇല്ലാത്തതായി പുതിയ സമ്മേളനത്തില്‍.

സാധാരണ എ.ഐ.സി.സി. അംഗങ്ങളും പി.സി.സി. അംഗങ്ങളും മാത്രം ഉണ്ടാവുന്ന സമ്മേളനത്തില്‍ ഇക്കുറി എല്ലാ സംസ്ഥാനങ്ങളില്‍നിന്നും പാര്‍ട്ടിയുടെ ഏറ്റവും താഴേത്തട്ടിലെ ഘടകമായ ബൂത്ത് സമിതികളുടെ അഞ്ച് പ്രസിഡന്റുമാരെ വീതം പങ്കെടുപ്പിച്ചിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ചവെച്ച ബൂത്ത് പ്രസിഡന്റുമാരെയാണ് പ്ലീനറിക്ക് ക്ഷണിച്ചത്.

പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത രാഹുല്‍ ഗാന്ധി മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചു. വിദ്വേഷം പരത്തി രാജ്യത്തെ ഭിന്നിപ്പാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ബി.ജെ.പിയേയും മോദി സര്‍ക്കാറിനേയും ഉന്നംവെച്ച് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിന് മാത്രമെ രാജ്യത്തെ ഒന്നിപ്പിക്കാകുവെന്ന് വ്യക്തമാക്കിയ രാഹുല്‍, ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നടങ്കം ഏകോപിപ്പിച്ച് മുന്നോട്ട് എത്തുമെന്ന സൂചനയും നല്‍കി.

ഇന്ത്യയെ വിഭജിക്കാനാണ് ചില ശക്തികളുടെ ശ്രമം. ഈ ശക്തികള്‍ക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ. അതിനായി പാര്‍ട്ടിയെ ശക്തിപ്പെടുത്തണം. അതിനുവേണ്ടി യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരണം. യുവാക്കളെ കൊണ്ടുവരുമ്പോഴും തലമുതിര്‍ന്ന പ്രവര്‍ത്തകരെ മറക്കില്ല. കോണ്‍ഗ്രസിന് മാത്രമേ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ, പ്ലീനറി സമ്മേളനം ഉദ്ഘാടനം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് പ്ലീനറി സമ്മേളനം നടക്കുന്നത്. അതിനിടെ കോണ്‍ഗ്രസിനെ അടിമുടി മാറ്റാനുള്ള പ്ലീനറി സമ്മേളനം ഡല്‍ഹിയില്‍ പുരോഗമിക്കവെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പേജിലും മാറ്റം വന്നു. ഓഫീസ് ഓഫ് ആര്‍.ജി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കോണ്‍ഗ്രസ് അധ്യക്ഷന്റെ ഔദ്യോഗിക അക്കൗണ്ട് ഇനിമുതല്‍ രാഹുല്‍ ഗാന്ധി എന്നായി. ട്വിറ്റര്‍ പേജിന്റെ പേര് മാറ്റണമെന്ന ഏറെക്കാലമായുള്ള ആവശ്യത്തെ തുടര്‍ന്നാണ് ‘രാഹുല്‍ ഗാന്ധി’ എന്നാക്കി മാറ്റിയത്.

കഴിഞ്ഞ നവംബറില്‍ കോണ്‍ഗ്രസ് ഐ.ടി സെല്‍ അംഗങ്ങളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയ രാഹുല്‍ തന്റെ സാമൂഹ്യമാധ്യമ മേഖലയില്‍ വന്‍ മാറ്റമാണ് വരുത്തിയത്. തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലടക്കം പ്രചാരണങ്ങള്‍ക്കും മറ്റുമായി സാമൂഹിക മാധ്യമ സാധ്യത കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്ന് ഇത്. രാഷ്ട്രീയ വിഷയങ്ങളില്‍ നിരന്തരം ഇടപെടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്റെ പോസ്റ്റുകള്‍ വന്‍ ചര്‍ച്ചയാവാറുണ്ട്. ടിറ്റ്വറില്‍ പുതിയ താരമായ വളരുന്ന രാഹുല്‍ ഗാന്ധിയെ നിലവില്‍ 61 ലക്ഷത്തിലധികം പേര്‍ പിന്തുടരുന്നുണ്ട്. തിരഞ്ഞെടുപ്പ് ഘട്ടങ്ങളിലടക്കം പ്രചാരണങ്ങള്‍ക്കും മറ്റുമായി സാമൂഹിക മാധ്യമ സാധ്യത കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണിത്.

chandrika: