X

പാകിസ്താന്‍-സിംബാബ്‌വെ പരമ്പര: ഫഖാര്‍ സമാനിന്റെ റെക്കോര്‍ഡില്‍ കണ്ണുവെച്ച് ക്രിക്കറ്റ് ലോകം

ബുലവായോ:തകര്‍ന്നടിയുന്ന സിംബാബ്‌വെ ക്രിക്കറ്റിനുമേല്‍ അവസാന ആണി അടിക്കാന്‍ ഇന്ന് പാക്കിസ്താന്‍. ഏകദിന പരമ്പരയിലെ അഞ്ചാം മല്‍സരം ഇന്ന് ഇവിടെ അരങ്ങേറുമ്പോള്‍ പാക്കിസ്താന്‍ ലക്ഷ്യമിടുന്നത് റെക്കോര്‍ഡുകള്‍ മാത്രമാണ്. പരമ്പരയിലെ നാല് മല്‍സരങ്ങളിലും തകര്‍ന്നടിഞ്ഞ സിംബാബ്‌വെ ക്രിക്കറ്റിന് ഇനി തിരിച്ചുവരവ് പോലും അസാധ്യമാവുന്ന തരത്തിലാണ് അവരുടെ പ്രകടനം. കഴിഞ്ഞ ദിവസം ഇതേ വേദിയില്‍ നടന്ന നാലാം ഏകദിനത്തില്‍ ഫഖാര്‍ സമാന്റെ ഡബിള്‍ സെഞ്ച്വറി മികവില്‍ പാക്കിസ്താന്‍ 244 റണ്‍സിന് ജയിച്ചെങ്കില്‍ ഇന്ന് സമാന്‍ മറ്റൊരു റെക്കോര്‍ഡിന് അരികിലാണ്. ഇന്ന് ഇരുപത് റണ്‍സ് നേടിയാല്‍ ലോക ക്രിക്കറ്റില്‍ ഏറ്റവും വേഗതയില്‍ ആയിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന വലിയ ബഹുമതി പാക്കിസ്താന്‍ ഓപ്പണറെ തേടിയെത്തും.


അപാരമായ ഫോമിലാണ് സമാന്‍ ഈ പരമ്പരയില്‍ കളിക്കുന്നത്. പതിനേഴ് ഇന്നിംഗ്‌സില്‍ നിന്ന് ഇതിനകം യുവ ഓപ്പണര്‍ സ്വന്തമാക്കിയത് 980 റണ്‍സാണ്. ഇന്നത്തെ ഇന്നിംഗ്‌സില്‍ തിളങ്ങിയാല്‍ ലോകോത്തര ക്രിക്കറ്റര്‍മാരുടെ ശ്രേണിയിലേക്കാണ് അദ്ദേഹം ഉയരുക. വിന്‍ഡീസിന്റെ ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്, ഇംഗ്ലീഷ് ക്രിക്കറ്റര്‍ കെവിന്‍ പീറ്റേഴ്‌സണ്‍,ജോനാഥന്‍ ട്രോട്ട്, ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക്, പാക്കിസ്താന്റെ ബബര്‍ അസം എന്നിവരാണ് രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ അതിവേഗതയില്‍ ആയിരം റണ്‍സ് പൂര്‍ത്തിയാക്കിയവര്‍. ഇവരെല്ലാം 21 ഇന്നിംഗ്‌സുകളില്‍ നിന്നാണ് ആയിരം പിന്നിട്ടതെങ്കില്‍ ഫഖാര്‍ ഇന്ന് കളിക്കാന്‍ പോവുന്നത് പതിനെട്ടാമത്തെ ഇന്നിംഗ്‌സാണ്.

പാക്കിസ്താന്‍ നിറയെ ഇപ്പോള്‍ സംസാര വിഷയം ഫഖാറാണ്. പ്രതിയോഗികള്‍ സിംബാബ്‌വെ എന്നുള്ളതല്ല വിഷയം-പാക്കിസ്താന്‍ ബാറ്റിംഗ് നിരയിലേക്ക് ഗാംഭീര്യത്തോടെ യുവതാരങ്ങള്‍ വരുന്നു എന്നതാണ് സംസാര വിഷയം. ജാവേദ് മിയാന്‍ദാദ്, സഹീര്‍ അബ്ബാസ്, ഇന്‍സമാമുല്‍ ഹഖ്, സയ്യിദ് അന്‍വര്‍, സലീം മാലിക്, യൂസഫ് യൂഹാന്ന, യൂനസ്ഖാന്‍, മിസാബ്ഹുല്‍ ഹഖ്, ഷാഹിദ് അഫ്രീദി തുടങ്ങിയ വിഖ്യാതരായ ബാറ്റ്‌സ്മാന്മാരുടെ കരുത്തില്‍ ലോക ക്രിക്കറ്റില്‍ ഉന്നതങ്ങളിലെത്തിയ പാക് ബാറ്റിംഗ് നിരയിലെ പുതിയ താരകമായാണ് മാധ്യമങ്ങള്‍ ഫഖാറിനെ വാഴ്ത്തുന്നത്. ഏറ്റവും വേഗതയില്‍ നേടിയ ഡബിള്‍ സെഞ്ച്വറി സമാന്‍ സമര്‍പ്പിക്കുന്നത് തന്റെ കോച്ച്് മിക്കി ആര്‍തറിനാണ്. നാലാം ഏകദിനം ആരംഭിക്കുന്നതിന് മുമ്പ് ആര്‍തര്‍ ഫഖാറിനോട് പറഞ്ഞിരുന്നു ഇന്ന് ഡബിള്‍ സെഞ്ച്വറി നേടണമെന്ന്. കോച്ചിന്റെ ആവശ്യം പോലെ തന്നെ ഫഖാര്‍ മിന്നിത്തിളങ്ങിയപ്പോള്‍ സിംബാബ്‌വെ ബൗളിംഗ് നിലം പരിശായി മാറി. ഇന്നും ടോസ് നേടിയാല്‍ ബാറ്റിംഗ് തന്നെയായിരിക്കും പാക്കിസ്താന്‍ തെരഞ്ഞെടുക്കുക. ബാറ്റിംഗിന് അനുകൂലമായ സാഹചര്യങ്ങളില്‍ കൂറ്റന്‍ റണ്‍സും പിറന്നേക്കാം.

മത്സരം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.45ന് ആരംഭിക്കും.

chandrika: