india

മന്ത്രവാദ പൂജയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

By webdesk12

January 23, 2023

എറണാകുളം: മന്ത്രവാദ പൂജ നടത്താനെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍.സൗത്ത് മാറാടി പാറയില്‍ അമീറിനെ (38) ആണ് പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.

ദോഷം മാറ്റാനുള്ള പൂജയ്ക്കാണെന്നു പറഞ്ഞ് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ ഇയാളെ വാഴക്കുളത്തു നിന്നുമാണ് പൊലീസ് പിടികൂടിയത്.അമീറിന് രാത്രി തട്ടുകടയില്‍ ഭക്ഷണം ഉണ്ടാക്കലായിരുന്നു ജോലി. പിന്നീട് സ്വന്തമായി തട്ടുകട നടത്തിയെങ്കിലും നഷ്ടമാണെന്ന് പറഞ്ഞ് നിര്‍ത്തി. തുടര്‍ന്ന് ജോത്സ്യവും മന്ത്രവാദവും തുടങ്ങി. നാല് വര്‍ഷമായി കടമറ്റം നമ്ബ്യാരുപടിയില്‍ ജോതിഷ കേന്ദ്രം നടത്തുകയായിരുന്നു.

പൊലീസ് ഇടപെട്ട് ഒരു പ്രാവശ്യം അമീറിന്‍റെ കേന്ദ്രം അടപ്പിച്ചതാണ്. നിരവധി പേരെ ഇയാള്‍ കബളിപ്പിച്ചതായാണ് സൂചന. ഇന്‍സ്പെക്ടര്‍ ടി.ദിലീഷ്, എസ്.ഐമാരായ കെ.സജീവ്, സി. ഒ സജീവ്, എ.എസ്.ഐമാരായ മനോജ് കുമാര്‍, മുരളീധരന്‍, ജിഷ മാധവന്‍, എസ്.സി.പി.ഒമാരായ ബി. ചന്ദ്രബോസ്, ഡിനില്‍ ദാമോദരന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.