X

ഉപഭോക്താക്കള്‍ക്കും പ്രയാസം: പരിശോധനകള്‍ക്ക് വിലങ്ങായി റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം

കോഴിക്കോട്: റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ പുതുതായി വരുത്തിയ മാറ്റം ഉപഭോക്താക്കള്‍ക്കും പരിശോധനാ ഉദ്യോഗസ്ഥര്‍ക്കും പ്രയാസമുണ്ടാക്കുന്നു. രാവിലെ 8.30 മുതല്‍ 12 മണി വരെയും ഉച്ചക്ക് ശേഷം 3.30 മുതല്‍ 6.30 വരെയുമാണ് ഇപ്പോഴത്തെ പ്രവര്‍ത്തന സമയം. 12 മണി മുതല്‍ 3.30 വരെയുള്ള പകല്‍ സമയത്തെ പ്രധാന മണിക്കൂറുകള്‍ റേഷന്‍ കടകള്‍ അടഞ്ഞു കിടക്കുകയാണ്. പകല്‍ 12 മണിയെന്നത് ഒരു മണി വരെയെങ്കിലും നീട്ടണമെന്നാണ് പല കോണുകളില്‍ നിന്നുമായി ആവശ്യമുയരുന്നത്. പ്രവര്‍ത്തന സമയം കുറയുന്നത് മൂലം റേഷന്‍ കടകളില്‍ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. കോവിഡ് വ്യാപനത്തിനിടയില്‍ റേഷന്‍ വാങ്ങാനും കിറ്റ് വാങ്ങാനുമായി ഉപഭോക്താക്കള്‍ പല തവണ റേഷന്‍ കടകളില്‍ എത്തുന്നുണ്ട്.

റേഷന്‍ കടകളില്‍ പരിശോധനാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും പകല്‍ സമയത്ത് മണിക്കൂറുകളോളം റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. രാവിലെ 8 മണിക്ക് പരിശോധനക്കായെത്തുക ബുദ്ധിമുട്ടാണ്. ഏതാനും കടകളില്‍ മാത്രമാണ് ദിവസം പരിശോധന നടത്താന്‍ കഴിയുക. 12 മണിക്ക് അടക്കുന്നതോടെ പരിശോധനക്കായി വേണ്ടത്ര സമയം ലഭിക്കുന്നില്ല. കടകളടച്ചാല്‍ മൂന്നരക്ക് തുറക്കുന്നത് വരെ പലയിടങ്ങളിലും കാത്തുകെട്ടി നില്‍ക്കേണ്ടി വരുന്നു. പരിശോധനയിഷ്ടപ്പെടാത്ത റേഷന്‍ കടക്കാര്‍ക്ക് പുതിയ സമയം സൗകര്യമാണെങ്കിലും ക്രമക്കേടുകള്‍ തടയുന്നതിനും പുതിയ സമയം മാറ്റം തടസ്സമാണ്. രാവിലെ 8 മണി മുതല്‍ 12 മണി വരെയും 4 മുതല്‍ 8 മണി വരെയുമായിരുന്ന പ്രവര്‍ത്തന സമയത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആദ്യമായി മാറ്റം വരുത്തിയത്.

9 മുതല്‍ 1 മണി വരെയും മൂന്ന് മുതല്‍ ഏഴ് മണി വരെയുമായാണ് മാറ്റം വരുത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ റേഷന്‍ കടകളുടെ പ്രവര്‍ത്തനം വീണ്ടും മാറ്റി രാവിലെ 9 മണി മുതല്‍ 2.30 വരെ മാത്രമാക്കി. റേഷന്‍ വ്യാപാരികളുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു ഈ സമയ മാറ്റം. ഉച്ച സമയത്തെ ബ്രേക്കിന് വീട്ടില്‍ പോയി തിരിച്ചു വരാനും മറ്റും പ്രയാസമുണ്ടെന്നും ഇടവേള സമയം ഒഴിവാക്കണമെന്നുള്ള ആവശ്യം അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ ജൂണ്‍ 29 നാണ് രാവിലെ 8 മണി മുതല്‍ 12 മണി വരെയും 3.30 മുതല്‍ 6.30 വരെയുമായി പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയത്. അതേ സമയം റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം അടിക്കടി മാറ്റിക്കൊണ്ടിരിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ഉണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല. ഏത് സമയത്തൊക്കെയാണ് റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതെന്ന് ഉപഭോക്താക്കള്‍ക്ക് ആകെ ആശയക്കുഴപ്പമാണ്. അധിക കടകളിലും പ്രവര്‍ത്തന സമയം പ്രദര്‍ശിപ്പിക്കുന്നുമില്ല. പരിശോധനാ ഉദ്യോഗസ്ഥര്‍ക്കും റേഷന്‍ കടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രയാസം സൃഷ്ടിക്കാത്ത തരത്തില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ക്ലിപ്തപ്പെടുത്തണമെന്നാണ് ആവശ്യമുയരുന്നത്.

web desk 3: