X

കാലുകൾക്കല്ലേ പരിമിതി; കലകൾക്കെന്ത് അതിർത്തി ?

ജാസിം ചുള്ളിമാനൂർ

ഭിത്തിയിൽ പതിച്ച ഒരോ ചിത്രത്തിലും ദിയാ ഫാത്തിമയുടെ ആത്മവിശ്വാസം കാണാം. അടുത്തേക്ക് വരുന്ന ഓരോ കലാസ്നേഹികളെയും അവൾ പുഞ്ചിരിച്ചു കൊണ്ടാണ് വരവേൽക്കുന്നത്. നടന്നുചെല്ലാൻ കഴിയാത്ത ഇടങ്ങളിലെല്ലാം അവളുടെ കരവിരുതുകൾ ചെന്നെത്തുന്നുണ്ട്. കാലുകൾക്കല്ലേ നടന്നുചെല്ലാൻ അതിർത്തിയുള്ളു. ചിത്രങ്ങൾക്ക് എവിടെയും കയറിച്ചെല്ലാമല്ലേ..
കലയും കായികവും സിനിമയും രാഷ്ട്രീയവും എല്ലാം അവളുടെ വരയിൽ സംസാരിക്കുന്നുണ്ട്. എത്ര മനോഹരമായാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും പിണറായി വിജയനെയുമൊക്കെ വരച്ചു വെച്ചിരിക്കുന്നത്. സച്ചിനും മെസിയും കപ്പടിച്ച സന്തോഷത്തോടെയാണ് നോക്കി നിൽക്കുന്നത്.

ദിയാ ഫാത്തിമ മുക്കം ആനയംകുന്ന് വി.എം.എച്ച്.എം.എച്ച്.എസ്.എസ് സ്കൂളിലെ ഏഴാം തരം വിദ്യാർഥിനിയാണ്. പക്ഷേ ദിയയുടെ വരകൾ ഒരിക്കലും ഏഴാം ക്ലാസ് വിദ്യാർഥിനിയുടേതാണെന്ന് പറയില്ല. അത്രയും മനോഹരം. ഏതു കലാ സ്നേഹിതയും ഒരു നിമിഷം നോക്കി നിർത്തും.

ചെറുപ്പം മുതലേ വരയുടെ ലോകത്തവൾ കയ്യൊപ്പ് പതിപ്പിക്കുന്നുണ്ട്. കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത് രണ്ടു വർഷക്കാലം വീട്ടിനുള്ളിലാക്കിയ കൊറോണ സമയത്തായിരുന്നു. കലകളെ എങ്ങനെ തളച്ചിടാനാണ്? കൂടുതൽ ചിത്രങ്ങൾ കടലാസിൽ നിറഞ്ഞു തുടങ്ങി. മെസിയും മോഹൻലാലും മന്ത്രിമാരും വരയിൽ ഇടം നേടി. എത്ര ചിത്രങ്ങൾ വരച്ചിട്ടുണ്ടെന്ന ചോദ്യത്തിൽ പുഞ്ചിരിയോടെ എണ്ണാൻ കഴിഞ്ഞിട്ടില്ലെന്ന മറുപടിയായിരുന്നു.

അഞ്ച് മുതൽ ലിജു ടീച്ചർ തിരിച്ചറിഞ്ഞു.
…………
ദിയ ഫാത്തിമ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ലിജു ടിച്ചർ മോളുടെ കഴിവ് തിരിച്ചറിയുന്നത്. പരിസ്ഥിതി ദിനത്തിന് ചിത്രം വരച്ചു കൊണ്ടുവന്നതിൽ ഏറ്റവും മികച്ചത് ദിയയുടെ ചിത്രമായിരുന്നു. അന്നു മുതൽ നൽകി തുടങ്ങിയ പിന്തുണയും സ്നേഹവും ഇന്ന് കലോത്സവ നഗരിയിലെ പ്രദർശന വേദി വരെ എത്തിനിൽക്കുന്നു.

ദിയയെ കുറിച്ച് പിന്നെയും പറഞ്ഞു. എല്ലാവരോടും നല്ല സ്നേഹമാണ്. നല്ലത് പോലെ മൈലാഞ്ചി വരയ്ക്കും. മാപ്പിളപ്പാട്ടും പാടും. സ്കൂൾ കലോത്സവത്തിൽ കഴിയുന്ന പരിപാടികളിലെല്ലാം പങ്കെടുക്കും. വീട്ടുകാരും നൽകുന്ന പിന്തുണ വളരെ വലുതാണ്. രാവിലെ ഉമ്മയാണ് സ്കൂളിൽ കൊണ്ടു വിടുന്നത്. വൈകുന്നേരം മോളെ കൂട്ടാൻ സ്കൂൾ വിടുമ്പോഴേക്കും പുറത്ത് കാത്ത് നിൽക്കുന്നുണ്ടാകും. ഉപ്പ നാട്ടിൽ ചെറിയ കച്ചവടമാണ്. ഉപ്പയും ഉമ്മയും അനിയനും ഇത്തയും അടങ്ങുന്ന ചെറിയ കുടുംബത്തിലെ വലിയ സ്വപ്നമാണ് ദിയ.

webdesk12: