കെ.ബി.എ. കരീം

സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ തട്ടിപ്പ് അരങ്ങേറിയതോടെ സംസ്ഥാനത്തിന്റെ പുരോഗതിക്ക് നട്ടെല്ലായി വര്‍ത്തിച്ച സഹകരണ ബാങ്കുകളുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. സംസ്ഥാന ഭരണത്തിന്റൈ തണലില്‍ ഉന്നത സിപിഎം നേതാക്കളുടെ ഒത്താശയോടെ മാത്രമേ 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടക്കൂ എന്ന് ഉറപ്പായിരിക്കെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഭരണം നടത്തുന്ന മുഴുവന്‍ സഹകരണ ബാങ്കുകളിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്.
ഇതോടെ സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തവരും മറ്റു നിക്ഷേപങ്ങള്‍ നടത്തിയവരും നെട്ടോട്ടത്തിലാണ്. സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഏറെ ആശ്വാസമായിരുന്ന സഹകരണ പ്രസ്ഥാനത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന അവസ്ഥയിലേക്കാണ് സി.പി.എം ഭരണം സംസ്ഥാനത്തെ എത്തിച്ചിരിക്കുന്നത്. പാര്‍ട്ടിക്കും പാര്‍ട്ടിക്കാര്‍ക്കും കീശ വീര്‍പ്പിക്കാനുള്ള ഏറ്റവും വലിയ മാര്‍ഗമായി സഹകരണ ബാങ്കുകളെ സിപിഎം കണ്ടപ്പോള്‍ ഗ്രാമങ്ങളിലെ സാധാരണക്കാര്‍ ആശ്രയിച്ചിരുന്ന സാമ്പത്തിക സംവിധാനമാണ് നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്നത്. വന്‍കിട ബാങ്കുകള്‍ വിവിധ കാരണങ്ങളാല്‍ സാധാരണക്കാരന് അപ്രാപ്യമായിരുന്ന കാലത്ത് സാധാരണക്കാര്‍ക്ക് പ്രത്യേകിച്ച് ഗ്രാമീണ ജനതയ്ക്ക് എത്തിപ്പിടിക്കാന്‍ കഴിയുന്ന സാമ്പത്തിക സ്ഥാപനങ്ങള്‍ എന്ന നിലയിലായിരുന്നു സഹകരണ ബാങ്കുകള്‍ രംഗത്തെത്തിയത്.
സിപിഎമ്മിന്റെ ആദ്യ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ സഹകരണ പ്രസ്ഥാനത്തെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയിരുന്നു. ഇതിന്റെ ഭാഗമായാണ് എറണാകുളത്ത് അയ്യമ്പുഴ സര്‍വീസ് സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് പ്രളയഫണ്ട് തട്ടിപ്പ് ഉള്‍പ്പെടെ കോടികളുടെ തിരിമറി നടന്നത്. സിപിഎം നേതൃത്വത്തിലുള്ള ഭരണകൂടങ്ങള്‍ ഉള്ള സഹകരണ ബാങ്കുകള്‍ വഴി കോടികളുടെ തട്ടിപ്പാണ് നടക്കുന്നതെന്ന് അന്ന് വ്യാപകമായ പരാതി ഉയര്‍ന്നെങ്കിലും പ്രതികള്‍ മുഴുവന്‍ സിപിഎമ്മുകാരും ഉന്നത പാര്‍ട്ടി നേതാക്കളും ആയതിനാല്‍ ഇതിനെതിരെ ചെറുവിരലനക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതിന്റെ പരിണിത ഫലമായാണ് 100 കോടിയിലധികം രൂപയുടെ തട്ടിപ്പുമായി കരുവന്നൂര്‍ സഹകരണ ബാങ്ക് രാജ്യത്തിനു മുമ്പില്‍ സംസ്ഥാനത്തെ നാണംകെടുത്തിയിരിക്കുന്നത്. സിപിഎമ്മിന് തുടര്‍ ഭരണം കിട്ടിയതോടെ സഹകരണ ബാങ്കുകളെ കറവപ്പശു വാക്കുക എന്ന് ആശയം പതിന്മടങ്ങ് ശക്തിയോടെ തുടരുകയായിരുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഹകരണ ബാങ്ക് തട്ടിപ്പ് നടന്നത് ഒന്നാം പിണറായി വിജയന്റെ കാലഘട്ടത്തിലായിരുന്നു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകളില്‍ 2018 മാര്‍ച്ച് വരെ 45 സ്വര്‍ണപ്പണയ വായ്പാ തട്ടിപ്പ് നടന്നതായി നിയമസഭയില്‍ അന്നത്തെ സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മറുപടി നല്‍കിയിരുന്നു. ഇതില്‍ 35ലും കോടികളുടെ അഴിമതിയാണ് നടന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുശേഷവും സഹകരണ ബാങ്ക് അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഇതിനുശേഷമാണ് തിരുവല്ലയിലെ മൂന്ന് സഹകരണബാങ്ക് തട്ടിപ്പുകളും എറണാകുളത്തെ ഏറ്റവും വലിയ പ്രളയഫണ്ട് തട്ടിപ്പും അടക്കം ഒരു ഡസനോളം സഹകരണ ബാങ്ക്്് തട്ടിപ്പുകള്‍ റിപ്പോര്‍ട്ട്്് ചെയ്തത്്.തട്ടിപ്പ് നടന്നതില്‍ 90 തമാനം ബാങ്കുകളിലും സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണകൂടമായിരുന്നു എന്നതും എടുത്തു പറയേണ്ടതാണ്.

സിപിഎമ്മിന് തട്ടിപ്പ് നടത്താനുള്ള സ്ഥാപനങ്ങള്‍ ആക്കി സഹകരണ ബാങ്കുകളെ മാറ്റി എന്നതാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുഭരണം സഹകരണ മേഖലയ്ക്ക് നല്‍കിയ സംഭാവന. എറണാകുളത്തെ പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളെ രക്ഷിക്കാന്‍ ഭരണകൂടം നടത്തിയ കളികള്‍ ജനം കണ്ടതാണ്. ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഒരുവര്‍ഷത്തോളം എടുത്തു എന്നതും പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള പഴുതുകള്‍ പലതും ഉണ്ടാക്കിക്കൊടുത്തു എന്നതുംഈ കളികളുടെ ഭാഗമായിരുന്നു. ആരോപണം നേരിടുന്ന പ്രാദേശിക നേതാക്കളെ തല്‍ക്കാലം സസ്‌പെന്‍ഡ് ചെയ്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് മാസങ്ങള്‍ക്കുശേഷം അവരെ അതിലും വലിയ പദവിയില്‍ അവരോധിക്കുന്ന ഇടപാടാണ് സിപിഎം സ്വീകരിച്ചുവരുന്നത്. അയ്യനാട് സര്‍വീസ് സഹകരണ ബാങ്കില്‍ അടക്കം ഇതു തന്നെയാണ് കണ്ടത്. ഭരണതലത്തില്‍ ഉള്ളവര്‍ അടക്കം ഉന്നത സിപിഎം നേതാക്കള്‍ക്ക് സംസ്ഥാനത്തുടനീളം നടക്കുന്ന സഹകരണ ബാങ്ക് തട്ടിപ്പുകളില്‍ പങ്കുണ്ടെന്നതിലേക്കാണ്് ഇത് ചൂണ്ടുന്നത്.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പ് ഉള്‍പ്പെടെ ഭരണതലത്തില്‍ ഉള്ള ഉന്നതരുടെ ഒത്താശയോടെ ആണെന്ന് പ്രതിപക്ഷ നിഗമനമാണ് ഇവിടെ സ്ഥിരീകരിക്കപ്പെടുന്നത്. കോടികളുടെ അഴിമതി നടന്നിട്ടും ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കട്ടെ എന്ന് പതിവു പല്ലവിയാണ് കരുവന്നൂര്‍ സഹകരണ ബാങ്ക് പ്രശ്‌നത്തിലും സംസ്ഥാനസര്‍ക്കാരും സഹകരണ മന്ത്രിയും സ്വീകരിച്ചിരിക്കുന്നത്.
കൊച്ചിയിലെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസില്‍ അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ കൗലത്ത് അന്‍വര്‍ അടക്കം പ്രതിപ്പട്ടികയില്‍ ഉണ്ട്. കൗലത്തും ഭര്‍ത്താവും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ എം എം അന്‍വറും പ്രതിയാണ്.