X
    Categories: CultureMoreNewsViews

കന്യാസ്ത്രീകളുടെ സമരത്തെ തള്ളി മിഷണറീസ് ഓഫ് ജീസസ്

കൊച്ചി: ലൈംഗിക പീഡനാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെ തള്ളി മിഷണറീസ് ഓഫ് ജീസസ്. കന്യാസ്ത്രീകളുടെ ആരോപണങ്ങള്‍ കള്ളമെന്ന് മിഷണറീസ് ഓഫ് ജീസസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കന്യാസ്ത്രീകളുടെ സമരത്തിന് പിന്നില്‍ ബാഹ്യ ശക്തികളാണെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു. വിശ്വാസത്തിനെതിരെയുള്ള സമരമാണിതെന്നാണ് മൂന്ന് പേജുള്ള പ്രസ്താവനയില്‍ പറയുന്നത്.

തെളിവെടുപ്പ് സമയത്ത് ബിഷപ്പ് ഫ്രാങ്കോ മുളക്കന്‍ കന്യാസ്ത്രീക്കെതിരെ ഉന്നയിച്ച അതേ ആരോപണങ്ങളാണ് ഇപ്പോള്‍ മിഷണറീസ് ഓഫ് ജീസസ് പ്രസ്താവനയിലും ഉന്നയിക്കുന്നത്. 2014 മെയ് അഞ്ച് മുതലുള്ള രണ്ട് വര്‍ഷക്കാലം ബിഷപ്പ് തന്നെ പീഡിപ്പിച്ചു എന്നാണ് കന്യാസ്ത്രീ നല്‍കിയ പരാതി. അങ്ങനെയെങ്കില്‍ ആദ്യം പറയുന്ന തിയ്യതിക്ക് പിന്നാലെ താനും കന്യാസ്ത്രീയും ഒരുമിച്ച് ചില പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ എന്തിന് ഒരുമിച്ച് പരിപാടിയില്‍ പങ്കെടുത്തുവെന്നായിരുന്നു ബിഷപ്പിന്റെ ചോദ്യം. ഇതേ വാദം തന്നെയാണ് പ്രസ്താവനയിലും ഉന്നയിക്കുന്നത്.

കന്യാസ്ത്രീക്കെതിരെ ചില വിഷയങ്ങളില്‍ ബിഷപ്പ് നടപടിയെടുത്തിരുന്നു. അതിനാലാണ് കന്യാസ്ത്രീ ഇത്തരത്തില്‍ പരാതി നല്‍കിയത്. ഇതെല്ലാം എല്ലാവരും മനസിലാക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: