X

മോദികാലത്ത് ഇന്ത്യ വലിയതോതില്‍ വിഭജിക്കപ്പെട്ടതായി ബിബിസി ഡോക്യുമെന്ററി രണ്ടാം ഭാഗം

നരേന്ദ്രമോദി 2014ല്‍ അധികാരത്തിലെത്തിയപ്പോള്‍ ഇന്ത്യ വലിയതോതില്‍ പൗരാവകാശരംഗത്ത് മാറുമെന്നാണ ്കരുതപ്പെട്ടതെന്നും എന്നാല്‍ മോദികാലത്ത് രാജ്യം വലിയതോതില്‍ വിഭജിക്കപ്പെടുകയാണുണ്ടായതെന്നും ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം . ഇന്നലെ രാത്രിയാണ് രണ്ടാംഭാഗം സംപ്രേഷണം ചെയ്തത്. ആദ്യഭാഗം ജനുവരി 17നായിരുന്നു. ആദ്യഭാഗത്ത് ഗുജറാത്ത് കലാപത്തിന് മോദി നേരിട്ടുത്തരവാദിയാണെന്ന് പറയുമ്പോള്‍ ഇതില്‍ മോദിക്ക് കീഴിലെ മുസ്‌ലിംവിരുദ്ധതയുടെ ചുരുളുകളൊന്നൊന്നായി അഴിച്ചെടുക്കുകയാണ് ബിബിസി. മുഹമ്മദ് അഖ്‌ലാഖ്, അലിമുദ്ദീന്‍, മുസ്‌ലിം സ്ത്രീകള്‍ തുടങ്ങിയവരെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് ഡോക്യമെന്ററിയുടെ രണ്ടാം ഭാഗം ആരംഭിക്കുന്നത്. ഇന്ത്യയിലെ മൃഗസമ്പത്ത് നശിപ്പിക്കുകയാണ് ഇറച്ചി കയറ്റുമതിയിലൂടെ ചെയ്യുന്നതെന്ന് മോദിയാണ് ആദ്യമായി പ്രസംഗിച്ചതെന്ന് ഡോക്യുമെന്ററി പറയുന്നു. ഇതാണ് പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് കാരണമായത്. ബി.ജെ.പി ക്കാരാണ് ആക്രമണങ്ങള്‍ക്ക് പിന്നില്‍. 2014ന് ശേഷം അമ്പതോളം പേരാണ് ആള്‍ക്കൂട്ടക്കൊലകളില്‍ കൊല്ലപ്പെട്ടത്. സര്‍ക്കാരിന്റെ പിന്തുണയാണ് ഇതിന് കാരണം.

2017ല്‍ ഝാര്‍ഖണ്ടിലെ കൊല്ലപ്പെട്ട അലിമുദ്ദീന്റെ ഭാര്യ സംസാരിച്ചതിന്റെ ദൃശ്യങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ആക്രമണങ്ങളെക്കുറിച്ച് അമിതമായ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ബി.ജെ.പി എം.പി പറയുമ്പോള്‍ , സര്‍ക്കാരിന്റെ പിന്തുണയാണ് ഇതിന് പിന്നിലെന്ന് അരുന്ധതി റോയ് ്പറഞ്ഞു. 2019ല്‍ വലിയ ഭൂരിപക്ഷത്തോടെയാണ് മോദി വീണ്ടും അധികാരത്തിലെത്തിയത്. ഇതിനെ പക്ഷേ പേശീബലത്തിനുള്ള അംഗീകാരമായാണ് ബി.ജെ.പി വ്യാഖ്യാനിച്ചത്. ഭൂരിപക്ഷമേധാവിത്വ രാഷ്ട്രത്തിനുവേണ്ടിയാണ് മോദി പ്രവര്‍ത്തിക്കുന്നതെന്ന് അരുന്ധതിറോയ് പറയുന്നു. ഇന്ത്യയില്‍ ഇതാദ്യമായാണ് ഏകാധിപത്യസ്വരത്തിലുള്ള ഭരണം രൂപപ്പെടുന്നതെന്ന് പറയുന്ന ബിബിസി കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതും വെളിപ്പടുത്തുന്നു.
2019 ഓഗസ്റ്റ് 5നായിരുന്നു ഇത്. മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനമായതുകൊണ്ടാണ് ഇത് ചെയ്തത്. 370 ആക്ട് എന്തിനെന്ന് സുബ്രഹ്മണ്യംസ്വാമി ചോദിക്കുന്നു. ഭീകരവേട്ടയെന്ന പേരിലാണ് സൈനികശക്തിയുപയോഗിച്ച് കശ്മീരിനെ വരുതിയിലാക്കിയത്. പുറംലോകവുമായി ബന്ധവുമില്ലാത്ത രീതിയിലാണ് കശ്മീരിനെ ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍നിന്നാണ് ഇപ്പോള്‍ ജമ്മുകശ്മീരിനെ ഭരിക്കുന്നത്. ചരിത്രപരമെന്നാണ് ഇതിനെ മോദി വിശേഷിപ്പിച്ചത്.

ആയിരക്കണക്കിന് മുസ്‌ലിംകളെ ഒറ്റയടിക്ക് പൗരന്മാരല്ലാതാക്കി പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കി. പൗരത്വഭേദഗതിനിയമവും ഡോക്യുമെന്ററി ചര്‍ച്ച ചെയ്യുന്നു. വിദ്യാര്‍ത്ഥികളും മറ്റും നടത്തിയ പ്രക്ഷോഭങ്ങളും കാണുക്കുന്നുണ്ട്. ആരെയും ബാധിക്കില്ലെന്ന് അമിത്ഷാ പറയുന്നതും കോണ്‍ഗ്രസ് എം.പിയായിരുന്ന കപില്‍ സിബല്‍ ഭരണഘടനാവിരുദ്ധമാണെന്ന് പാര്‍ലമെന്റില്‍ വാദിക്കുന്നതും ചിത്രീകരിക്കുന്നു. ഡല്‍ഹി കലാപം, പൗരത്വപ്രക്ഷോഭം എന്നിവ പറയുമ്പോള്‍ സഫൂറ സര്‍ഗാരിനെപോലുള്ളവരെ അഭിമുഖം ചെയ്യുന്നു. അഹമ്മദാബാദില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മോദിയും പങ്കെടുത്ത പൊതുയോഗവും കാണിക്കുന്നുണ്ട്. ‘കൊല്ലൂ അവന്മാരേ’ എന്ന് നിലവിളിക്കുന്ന സംഘപരിവാര്‍ ആക്രോശങ്ങളുടെ ഭീകരദൃശ്യങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. പൊലീസ് മുസ്‌ലിംകളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിന് പരിധി വേണമെന്ന് ബി.ജെ.പി എം.പി വാദിക്കുന്നതും കാണാം. സിദ്ദാര്‍ത്ഥ് വരദരാജനെന്ന മാധ്യമപ്രവര്‍ത്തകന്റെ അഭിമുഖത്തില്‍ പത്രസ്വാതന്ത്ര്യം ഹനിക്കപ്പെട്ടതായി പറയുന്നു. മനുഷ്യാവകാശപ്രവര്‍ത്തകരെ ആക്രമിക്കുന്നത് പതിവായി. ആംനസ്റ്റി ഇന്റര്‌നാഷനലിനെ പുറത്താക്കിയതും എടുത്തുപറയുന്നുണ്ട്. മോദി വന്നതിന് ശേഷം രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യം വ്യാപകമായി ഹനിക്കപ്പെട്ടു. രണ്ടാംതരം പൗരന്മാരായി ജീവിക്കാനാണ് മുസ്‌ലിംകളോട് പറയുന്നത്. അലിമുദ്ദീനെ കൊന്ന കേസിലെ പ്രതി ഇപ്പോഴും പുറത്താണ്. ചൈനയോട് ഏറ്റുമുട്ടുന്നത് കാരണമാണ് പാശ്ചാത്യരാജ്യങ്ങള്‍ ഇന്ത്യയിലെ അതിക്രമങ്ങളെ അപലപിക്കാത്തതെന്ന വിദഗ്ധന്റെ വിലയിരുത്തലുമുണ്ട്. ‘ഹര ഹര മഹാദേവ് .’എന്ന മോദിയുടെ ഉച്ചത്തിലുള്ള മന്ത്രോച്ചാരണത്തോടെയാണ് ഡോക്യുമെന്ററി സമാപിക്കുന്നത്.

Chandrika Web: