X

ക്രോട്ടുകാരെ പേടിക്കാതിരിക്കരുത്

ഇപ്പോഴും കണ്‍മുന്നിലുണ്ട് ആ മല്‍സരം. മൂന്ന് വര്‍ഷം മുമ്പ് റഷ്യയില്‍ നടന്ന ലോകകപ്പ് സെമി ഫൈനല്‍. ഇംഗ്ലണ്ടും ക്രൊയേഷ്യയും മുഖാമുഖം. എല്ലാവരും സാധ്യത കല്‍പ്പിച്ചത് ഹാരി കെയിന്‍ നയിച്ച ഇംഗ്ലണ്ടിന്. പക്ഷേ അധികസമയത്തോേക്ക് പോയ ആവേശ പ്പോരാട്ടത്തില്‍ മരിയോ മാന്‍സുകിച്ച്് നേടിയ ഗോളില്‍ ക്രോട്ടുകാര്‍ അട്ടിമറി നടത്തി. ആ യാത്രയില്‍ അവര്‍ ഫൈനലില്‍. പക്ഷേ അവിടെ ഫ്രാന്‍സിന് മുന്നില്‍ തളര്‍ന്നു. ലോകകപ്പ് സെമിയിലെ ആ തോല്‍വി ഇംഗ്ലണ്ടിനെ ഉലച്ചു കളഞ്ഞിരുന്നു. അന്ന് കരയാത്ത ഇംഗ്ലീഷ് ഫുട്‌ബോള്‍ പ്രേമികള്‍ കുറവായിരിക്കും. ഇംഗ്ലണ്ടുകാര്‍ക്കിതാ യൂറോയില്‍ ആ തോല്‍വിക്ക് പകരം വീട്ടാന്‍ അവസരം. ജൂണ്‍ 13 ന് യൂറോ ഗ്രൂപ്പ് ഡിയില്‍ ക്രൊയേഷ്യക്കാരുടെ ആദ്യ മല്‍സരം വെംബ്ലിയില്‍ ഇംഗ്ലണ്ടുമായാണ്. ചെക്ക്് റിപ്പബ്ലിക്കിനെ 18 നും സ്‌ക്കോട്ട്‌ലാന്‍ഡിനെ 23 നും അവര്‍ നേരിടും. സീനിയര്‍ താരം ലുക്കാ മോദ്രിച്ച്് തന്നെയാണ് ഇത്തവണയും ടീമിന്റെ അമരക്കാരന്‍. അദ്ദേഹത്തിന്റെ അവസാനത്തെ യൂറോ. മധ്യനിരയില്‍ കരുത്തനായ ഈ റയല്‍ മാഡ്രിഡ് താരത്തിനൊപ്പം ഇവാന്‍ പെറിസിച്ചിനെ പോലുള്ളവരുണ്ട്.

സെവിയെ താരം ഇവാന്‍ റാക്കിറ്റിച്ച്, ലോകകപ്പ് ഹീറോ മരിയോ മാന്‍സുകിച്് എന്നിവര്‍ രാജ്യാന്തര രംഗം വിട്ടതിനാല്‍ ബോര്‍ന ബാറിസിച്ച്, ഡമഗോജ് ബ്രദാറിച്ച്, ജോസ്‌കോ വാര്‍ദിയോള്‍ തുടങ്ങി യുവനിരക്കാണ് കാര്യമായ അവസരം. സാറ്റികോ ഡാലിച്് എന്ന ലോകകപ്പ് പരിശീലകന്‍ തന്നെയാണ് ഇപ്പോഴും കളിക്കാര്‍ക്കൊപ്പമുള്ളത്. ലോകകപ്പില്‍ അല്‍ഭുതങ്ങള്‍ കാട്ടിയ പരിശീലകന് യുവതാരങ്ങളിലാണ് കാര്യമായ വിശ്വാസം. പ്രതിരോധത്തില്‍ ബോര്‍ന സാസ എന്ന താരത്തിന്റെ അഭാവമാണ് ക്ഷീണം. ബുണ്ടസ് ലീഗില്‍ സറ്റട്ട്ഗര്‍ട്ടിനായി കളിക്കുന്ന 23 കാരന്‍ ഇരട്ട പൗരത്വ പ്രശ്‌നത്തില്‍ പുറത്താണിപ്പോള്‍. ഇത് വരെ അദ്ദേഹം ക്രോട്ട് താരമായിരുന്നു. പക്ഷേ ജര്‍മന്‍ പൗരത്വമുള്ളതിനാല്‍ കുരുക്കില്‍പ്പെട്ടു. ക്രോട്ടുകാര്‍ അവഗണിച്ചപ്പോള്‍ സോസക്ക് ജര്‍മന്‍ സംഘത്തില്‍ ഇടം ലഭിക്കുമെന്നാണ് കരുതപ്പെട്ടത്. എന്നാല്‍ ഫിഫ നിയന്ത്രണങ്ങള്‍ കാരണം ജര്‍മന്‍ കോച്് ജോക്കിം ലോ സാഹസത്തിന് മുതിര്‍ന്നില്ല. അങ്ങനെ എവിടെയുമില്ലാതെയായി. റോബര്‍ട്ട് ജാര്‍നിക്ക് ശേഷം ക്രൊയേഷ്യ കണ്ട ഏറ്റവും മികച്ച ഇടത് വിംഗറാണ് സാസ. മുന്‍നിരയിലാണ് ക്രോട്ടുകാര്‍ക്ക്് അഗ്നീപരീക്ഷണം. പ്രതിയോഗികളെ വിറപ്പിക്കാന്‍ പ്രാപ്തനായ ഒരു സ്‌ട്രൈക്കറില്ല. ഏ.സി മിലാന്‍ താരം ആന്‍ഡി റെബിച്ചിലാണ് കോച്ചിന്റെ പ്രതീക്ഷ.

 

web desk 3: