X

ആദ്യപത്തില്‍ ഒമ്പതര ദശലക്ഷം തീര്‍ത്ഥാടകര്‍; നിറഞ്ഞുകവിഞ്ഞ് വിശുദ്ധ ഹറമുകള്‍

പുണ്യമാസത്തിന്റെ ആദ്യ പത്തില്‍ വിശുദ്ധ ഹറമുകളില്‍ വന്‍ തിരക്ക്. ഒമ്പതര ദശ ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് പുണ്യനഗരങ്ങളിലേക്ക് ഒഴുകിയെത്തിയത്. കോവിഡ് മഹാമാരിയുടെ ഭീഷണിയുടെ തീവ്രത വിട്ടകന്ന ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിശ്വാസികളെ കൊണ്ട് മക്കയും മദീനയും നിറഞ്ഞു കവിഞ്ഞു. റമസാനിലെ ആദ്യ പത്തിന് വിടയോതിയ ശനിയാഴ്ച്ച വരെ 9357853 പേരാണ് മക്കയിലെത്തിയത് , വിശ്വാസികളെ സ്വീകരിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ഇരുഹറം കാര്യാലയം ഒരുക്കിയിട്ടുള്ളത്. വിശുദ്ധ ഹറമിന്റെ മൂന്നാം ഘട്ട വിപുലീകരണ പ്രവൃത്തികളും പൂര്‍ത്തിയാക്കിയതായി ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുല്‍റഹമാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സുദൈസ് വെളിപ്പെടുത്തി.

വിസ നടപടികള്‍ ഉദാരമാക്കിയത് ഉപയോഗപ്പെടുത്തി പതിനായിരങ്ങളാണ് ഉംറ കര്‍മ്മം നിര്‍വഹിക്കാനും പ്രവാചക നഗരിയില്‍ റൗള ശരീഫ് സന്ദര്‍ശിക്കാനുമെത്തുന്നത്. ഉംറ നിര്‍വഹിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിയമവിധേയമായി കഴിയുന്ന എല്ലാ പ്രവാസികള്‍ക്കും സഊദിയിലേക്ക് ടൂറിസ്റ്റ് വിസ നല്‍കി വരുന്നുണ്ട്. നേരത്തെ വിസ അനുവദിക്കുന്നതിന് പ്രൊഫഷന്‍ മാനദണ്ഡമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അനുവദിക്കുന്ന ടൂറിസ്റ്റ് വിസകള്‍ക്ക് നിശ്ചിത പ്രൊഫഷന്‍ ആവശ്യമില്ല. സഊദി വിമാനങ്ങളില്‍ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് നല്‍കുന്ന 48 മണിക്കൂര്‍ അവസരമുപയോഗിച്ചും നിരവധി പേരാണ് ഉംറ കര്‍മ്മം നിര്‍വഹിക്കാനെത്തുന്നത്.

ഇരുഹറമുകളിലും തിരക്ക് നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മക്കയില്‍ മസ്ജിദുല്‍ ഹറമില്‍ നിരവധി റോബോട്ടുകളാണ് അണുനശീകരണ പ്രക്രിയക്ക് നേതൃത്വം നല്‍കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉംറക്കും ത്വവാഫിനും എത്തുന്നവര്‍ക്ക് സമയക്രമീകരണവും അപ്പോയ്ന്റ്‌മെന്റും നിശ്ചയിച്ചു. മദീനയിലും റൗള ശരീഫ് സന്ദര്‍ശനത്തിന് ക്രമീകരണമുണ്ട് . ഇരു ഹറമുകളിലും ഇഫ്താറിനെതുന്നവര്‍ക്കും വിപുലമായ സൗകര്യങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. ഹറമുകളിലേക്കുള്ള പോക്കുവരവ് എളുപ്പമാക്കാന്‍ ട്രാഫിക്ക് വിഭാഗം പ്രത്യേക മാര്‍ഗങ്ങള്‍ പാലിക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് നിര്‍ദേശം നല്‍കി. മക്കയില്‍ ഇരുപത് ലക്ഷത്തോളം പേരാണ് ആദ്യ പത്ത് ദിനങ്ങളില്‍ പൊതുഗതാഗത സംവിധാനമായ ബസ് സര്‍വീസ് പ്രയോജനപ്പെടുത്തിയത്.

ഹറംകാര്യ വകുപ്പിന്റെ സേവനങ്ങളും വാര്‍ത്തകളും ഹറമിലെ ഖുതുബകളും പ്രഭാഷണങ്ങളും ലോക ഭാഷകളിലേക്ക് പരിഭാഷപെടുത്തുന്ന സേവനത്തിന് ഇന്നലെ ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുല്‍റഹമാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സുദൈസ് തുടക്കം കുറിച്ചു. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പടെ ഈ ട്വിറ്റെര്‍ അക്കൗണ്ടില്‍ രേഖപ്പെടുത്തും.

webdesk11: