X

രാഹുല്‍ ഗാന്ധി ഇന്ന് അപ്പീല്‍ നല്‍കും

‘മോദി കള്ളന്മാര്‍’ പരാമര്‍ശത്തില്‍ രണ്ടു വര്‍ഷത്തെ ജയില്‍ വാസത്തിനു ശിക്ഷിച്ചുകൊണ്ടുള്ള സൂറത്തിലെ വിചാരണക്കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് അപ്പീല്‍ നല്‍കും. സൂറത്ത് സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരായാണ് രാഹുല്‍ ഗാന്ധി അപ്പീല്‍ സമര്‍പ്പിക്കുക. ശിക്ഷാ വിധിയില്‍ പാളിച്ചയുണ്ടെന്നും കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നും അപ്പീലില്‍ ആവശ്യപ്പെടും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തില്‍ എല്ലാ കള്ളന്മാരുടേയും പേരില്‍ എന്തുകൊണ്ടാണ് മോദി എന്ന രാഹുലിന്റെ പരാമര്‍ശം മോദി സമുദായത്തെ മൊത്തത്തില്‍ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോദി സമര്‍പ്പിച്ച കേസിലാണ് സൂറത്ത് കോടതി രാഹുല്‍ ഗാന്ധിയെ രണ്ടു വര്‍ഷത്തെ തടവിനു ശിക്ഷിച്ചത്. കഴിഞ്ഞ 23ന് പുറത്തുവന്ന സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെയും ഇതിനു പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദു ചെയ്ത നടപടിക്കെതിരെയും രണ്ടാഴ്ചയിലധികമായി രാജ്യവ്യാപക പ്രതിഷേധം അരങ്ങേറിക്കൊണ്ടിരിക്കുന്നതിനിടെയാണ് നിയമപരമായും കോണ്‍ഗ്രസ് പ്രതിവിധി തേടുന്നത്. അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സാവകാശം അനുവദിച്ച മജിസ്ട്രേറ്റ് കോടതി, അതുവരെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചിരുന്നു.

മനു അഭിഷേക് സിംഗ്വി, പി ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ് അടങ്ങുന്ന പാര്‍ട്ടിയുടെ തന്നെ അഞ്ചംഗ നിയമ വിദഗ്ധ സംഘമാണ് അപ്പീല്‍ തയ്യാറാക്കിയത്. ഗുജറാത്തിലെ കോടതികളില്‍ നിന്ന് നീതി കിട്ടുമോയെന്നതില്‍ കോണ്‍ഗ്രസ് സംശയം പ്രകടിപ്പിക്കുന്നതിനാല്‍ സുപ്രീംകോടതി വരെ നിയമപോരാട്ടം നീളാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് അപ്പീല്‍ തയ്യാറാക്കിയിരിക്കുന്നത്. പരാതിക്കാരനനുകൂലമായി ഗുജറാത്ത് ഹൈക്കോടതി നേരത്തെ സി.ജെ.എം കോടതി നടപടികളില്‍ ഇടപെട്ടത് പാര്‍ട്ടിയുടെ സംശയം ബലപ്പെടുത്തുന്നുണ്ട്. കുറ്റവും, ശിക്ഷയും കോടതി സ്റ്റേ ചെയ്താല്‍ രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീങ്ങും. ഇതിനിടെ പാറ്റ്ന, ഹരിദ്വാര്‍ കോടതികളില്‍ അടക്കം കൂടുതല്‍ മാനനഷ്ടക്കേസുകള്‍ ഫയല്‍ ചെയ്ത് രാഹുലിനെ നിയമക്കുരുക്കിലാക്കാന്‍ ബി.ജെ. പി കരുനീക്കം നടത്തുന്നുണ്ട്. കോടതി നടപടികളോട് രാഹുലിന് പുച്ഛമാണെന്നും, നിയമ വ്യവസ്ഥയെ മാനിക്കുന്നില്ലെന്നുമുള്ള ബി.ജെ.പിയുടെ ആക്ഷേപത്തിന് രാഷ്ട്രീയ മറുപടി നല്‍കാന്‍ കൂടിയാണ് അപ്പീല്‍ നല്‍കാനായി രാഹുല്‍ഗാന്ധി തന്നെ നേരിട്ട് കോടതിയില്‍ ഹാജരാകുന്നത്.

 

webdesk11: