X

മുസ്‌ലിംലീഗിനെതിരെ പരാമര്‍ശം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: താനൂര്‍ സംഘര്‍ഷത്തില്‍ മുസ്‌ലിം ലീഗിനെതിരെ അനാവശ്യ പരാമര്‍ശം നടത്തിയതിന് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ലീഗ് പ്രവര്‍ത്തകര്‍ സ്ത്രീകളെ അപമാനിക്കുന്നുവെന്ന താനൂര്‍ എംഎല്‍എ വി.അബ്ദുറഹിമാന്റെ പരാമര്‍ശമാണ് പ്രതിഷേധത്തിനിടയാക്കിയത്. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. താനൂര്‍ സിപിഎം-ലീഗ് സംഘര്‍ഷത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ മുസ്‌ലിം ലീഗ്് എംഎല്‍എ എന്‍.ഷംസുദ്ദീന് മറുപടിയായാണ് വി.അബ്ദുറഹ്മാന്‍ ലീഗിനെതിരെ ആരോപണമുന്നയിച്ചത്. താനൂരില്‍ പൊലീസ് അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ലീഗ് പ്രവര്‍ത്തകരെ മാത്രം തിരഞ്ഞു പിടിച്ച് ആക്രമിക്കുകയാണെന്നും ഷംസൂദ്ദീന്‍ സഭയില്‍ ഉന്നയിച്ചു. പുരുഷന്മാരില്ലാത്ത വീടുകളില്‍ കയറി വാഹനങ്ങളും മറ്റും തല്ലിതകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വി.അബ്ദുറഹിമാന്‍ നല്‍കിയ സബ്മിഷനില്‍ സ്പീക്കര്‍ അനുമതി നല്‍കിയതോടെയാണ് ലീഗിനെതിരെ ആഞ്ഞടിച്ചത്. സ്ത്രീകളെ ആക്ഷേപിക്കുന്ന പാര്‍ട്ടിയായി ലീഗ് മാറിയെന്നും 16 വയസ്സുള്ള പെണ്‍കുട്ടിയെ പോലും ലീഗ് പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നും തുടങ്ങിയ ആരോപണങ്ങളാണ് അബ്ദുറഹിമാന്‍ ഉന്നയിച്ചത്. ഇതിനെതിരെ പ്രതിപക്ഷം ഒന്നടങ്കം സഭയുടെ നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചു. സിപിഎം സ്പീക്കറെ വാടകക്ക് എടുത്തിരിക്കുകയാണെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടുന്ന അവസരത്തില്‍ മറ്റൊരാളെ സംസാരിക്കാന്‍ അനുവദിച്ചത് സഭയുടെ രീതിയല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു.
ആക്രമണ സംഭവത്തിന് പിന്നില്‍ ചിലരുടെ അസഹിഷ്ണുതയാണെന്നും താനൂരില്‍ പ്രത്യേക പൊലീസ് കണ്‍ട്രോള്‍ റൂം തുറക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതേസയം, പ്രകോപനപരമാണെന്ന് ചൂണ്ടിക്കാട്ടി അബ്ദുറഹിമാന്റെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നീക്കം ചെയ്തു.

chandrika: