ദുബൈ: സ്ഥാപകന്‍ ബിആര്‍ ഷെട്ടിയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ച് അബുദാബിയിലെ എന്‍എംസി ഹെല്‍ത്ത്‌കെയര്‍. ഭാര്യ ഡോ ചന്ദ്രകുമാരി ഷെട്ടിയുമായുള്ള ബന്ധവും സ്ഥാപനം അവസാനിപ്പിച്ചു. എന്‍എംസിയിലെ മെഡിക്കല്‍ ഡയറക്ടറായിരുന്നു ഇവര്‍.

1970കളിലെ മധ്യത്തില്‍ സ്ഥാപിക്കപ്പെട്ട എന്‍എംസിയിലെ ആദ്യത്തെ ജീവനക്കാരിയാണ് ഡോ ചന്ദ്രകുമാരി. പ്രതിമാസം 200,000 ലേറെ ദിര്‍ഹം ശമ്പളാണ് ഇവര്‍ വാങ്ങിക്കൊണ്ടിരുന്നത്. ഷെട്ടിയും ഭാര്യയും ഇപ്പോള്‍ ഇന്ത്യയിലാണ് ഉള്ളത്.

ഷെട്ടിക്ക് കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാന ശമ്പളം നല്‍കിയത് എന്നും മാര്‍ച്ച് മുതല്‍ അദ്ദേഹം സ്ഥാപനത്തില്‍ സജീവമായി ഇല്ലെന്നും എന്‍എംസി ഹെല്‍ത്ത് സിഇഒ മൈക്കല്‍ ഡേവിസ് വ്യക്തമാക്കി. സ്ഥാപനത്തില്‍ നിന്ന് സ്വയം രാജിവയ്ക്കാന്‍ ഡോ ചന്ദ്രകുമാരിയോട് ആവശ്യപ്പെട്ടിരുന്നു എന്നും എന്നാല്‍ ജോലി ചെയ്യാത്ത സാഹചര്യത്തിലാണ് അവരെ നീക്കുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തി. സ്ഥാപകന്റെ ഭാര്യ, ആദ്യത്തെ ജീവനക്കാരി തുടങ്ങിയ കാര്യങ്ങള്‍ ഇക്കാര്യത്തില്‍ ബാധകമല്ലെന്നും ഡേവിസ് കൂട്ടിച്ചേര്‍ത്തു.

യുഎഇയില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ഹെല്‍ത്ത് ഓപറേറ്റിങ് സംവിധാനമാണ് എന്‍എംസി. രണ്ടായിരം ഡോക്ടര്‍മാരും ഇരുപതിനായിരത്തിലധികം ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. വിവിധ ബാങ്കുകളില്‍ ഷെട്ടിക്ക് അമ്പതിനായിരം കോടി രൂപയുടെ കടബാധ്യതയുണ്ട് എന്നാണ് പറയപ്പെടുന്നത്.

മഡി വാട്ടേഴ്‌സ് എന്ന അമേരിക്കന്‍ മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയാണ് എന്‍എംസിയുടെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതോടെ സ്ഥാപനത്തിന്റെ ഓഹരി മൂല്യം 70 ശതമാനത്തോളം ഇടിഞ്ഞു. ഡയറക്ടര്‍ ആന്‍ഡ് നോണ്‍ എക്‌സിക്യൂട്ടീവ് തസ്തികയില്‍ നിന്ന് അദ്ദേഹത്തിന് രാജിവയ്‌ക്കേണ്ടിയും വന്നു.

അബുദബി കൊമേഴ്‌സ്യല്‍ ബാങ്കില്‍ 963 ദശലക്ഷം ഡോളര്‍, ദുബായ് ഇസ്‌ലാമിക് ബാങ്കില്‍ 541 ദശലക്ഷം ഡോളര്‍, അബുദാബി ഇസ്‌ലാമിക് ബാങ്കില്‍ 325 ദശലക്ഷം ഡോളര്‍, സ്റ്റാന്റേഡ് ചാര്‍ട്ടേഡില്‍ 250 ദശലക്ഷം, ബാര്‍ക്ലേസില്‍ 145 ദശലക്ഷം എന്നിങ്ങനെയാണ് എന്‍എംസിയുടെ ബാധ്യതകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ പേരില്‍ അക്കൗണ്ടുണ്ടാക്കി താന്‍ അറിയാതെ തട്ടിപ്പ് ഇടപാടുകള്‍ നടത്തി എന്നാണ് ഷെട്ടി പറയുന്നത്.