തിരുവനന്തപുരം: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സി.ഐ.എ ശ്രമിക്കുന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന കേട്ട് കേരളം മുഴുവന്‍ പൊട്ടിച്ചിരിച്ചെന്ന് മഞ്ഞളാംകുഴി അലി. നിയമസഭയില്‍ തദ്ദേശ, ഗ്രാമവികസ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരകൊറിയ വിഷയമൊക്കെ പോട്ടെയെന്നും ബ്രണ്ണന്‍ കോളജില്‍ പോസ്റ്റര്‍ ഒട്ടിക്കാമെന്നും മഹാരാജാസ് കോളജില്‍ ആയുധങ്ങള്‍ കൊണ്ടുവെക്കാമെന്നുമാണ് ഒരു ദിവസം രാവിലെ ഉണര്‍ന്നയുടന്‍ സി.ഐ.എ തലവന്‍ ചിന്തിച്ചത്. ഈ സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ സി.ഐ.എയുടെ ആവശ്യമില്ലെന്ന് പിണറായി മനസിലാക്കണം. എല്‍.ഡി.എഫിന്റെ കുറേ നേതാക്കളും ഒരു പണിയുമറിയാത്ത കുറേ ഉദ്യോഗസ്ഥരും നാലഞ്ച് ഉപദേശകരും വിചാരിച്ചാല്‍ സര്‍ക്കാര്‍ താനേ തകരും. അങ്ങനെ സര്‍ക്കാര്‍ നിലത്തുവീണാല്‍ യു.ഡി.എഫിനെ പഴിചാരരുതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിന്റെ കാലത്ത് തദ്ദേശ സ്വയംഭരണം മൂന്നു വകുപ്പുകളാക്കിയതാണ് വലിയ പോരായ്മയായി എല്‍.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ ഏതെങ്കിലും എല്‍.ഡി.എഫുകാരായ പഞ്ചായത്ത് പ്രസിഡന്റുമാരോടോ മുനിസിപ്പല്‍ ചെയര്‍മാന്‍മാരോടോ കോര്‍പറേഷന്‍ അധ്യക്ഷന്മാരോടോ ചോദിച്ചാല്‍ അവര്‍ പറയും ഏതായിരുന്നു മികച്ചതെന്ന്. കഴിഞ്ഞവര്‍ഷത്തെ ക്യാരിഓവര്‍ തുക നല്‍കാതെ പഞ്ചായത്തുകളെ പറഞ്ഞുപറ്റിച്ച സര്‍ക്കാരാണിത്. 68 ശതമാനം പദ്ധതി ചെലവഴിച്ചെന്നാണ് അവകാശവാദം. ക്യാരിഓവര്‍ കൊടുത്തിരുന്നെങ്കില്‍ ഇത് 48 ശതമാനത്തില്‍ ഒതുങ്ങുമായിരുന്നു. പഞ്ചായത്തുകളുടെ ഈ വര്‍ഷത്തെ പദ്ധതിരേഖ എവിടെയെന്നറിയില്ല. പ്രസിദ്ധീകരിച്ച പദ്ധതിരേഖ പിന്‍വലിച്ച് പുതിയത് തയാറാക്കേണ്ടിവരുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്. നഗര- ഗ്രാമാസൂത്രണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന ഉപസിമതി പിരിച്ചുവിട്ട് ഉദ്യോഗസ്ഥ കമ്മിറ്റിയാക്കാന്‍ നീക്കം നടക്കുന്നതായി അറിയുന്നു. അത്തരമൊരു നീക്കമുണ്ടെങ്കില്‍ സര്‍ക്കാരത് ഉപേക്ഷിക്കണം.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കേരളം ടൗണുകളായി മാറിക്കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ ഇരുനൂറോളം പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റികളാക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ ഏകീകൃത കെട്ടിട നിര്‍മാണ ചട്ടം എന്ന ആശയം പ്രസക്തമാണ്. മൂന്ന് നിയമം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പറേഷനുകള്‍ക്കും പ്രത്യേകം കെട്ടിട നിര്‍മാണ നിയമമാണ് വരാന്‍ പോകുന്നത്. ഇക്കാര്യത്തില്‍ പ്രായോഗികമായി ചിന്തിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥര്‍ പലതും പറയും. അവര്‍ക്ക് ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാകില്ല.
കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ടും നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. നേരത്തെ ഐ.കെ.എമ്മിന്റെ നേതൃത്വത്തില്‍ സങ്കേതം സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചിരുന്നത്. എന്നാലിപ്പോള്‍ പുതിയൊരു കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇത് കനത്ത സാമ്പത്തിക നഷ്ടത്തിന് ഇടയാക്കും. കെ.എസ്.യു.ഡി.പി പദ്ധതി കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ച് രൂപീകരിക്കപ്പെട്ടതാണ്. ഇത് അടച്ചുപൂട്ടാന്‍ നീക്കമുള്ളതായി സൂചനയുണ്ട്. വീണ്ടും ക്യാബിനറ്റില്‍ വെച്ചുമാത്രമേ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നടപടിയെടുക്കാവൂവെന്നും മഞ്ഞളാംകുഴി അലി ആവശ്യപ്പെട്ടു.