ന്യൂഡല്‍ഹി: പുതിയ ആയിരം രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ന്യൂഡല്‍ഹിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പുതിയ ആയിരത്തിന്റെ നോട്ടുകള്‍ വേഗത്തില്‍ പുറത്തിറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ബാങ്ക് കൗണ്ടറുകളിലൂടെ മാറ്റി വാങ്ങാന്‍ സാധിക്കുന്ന പണത്തിന്റെ പരിധി 4500ല്‍ നിന്ന് കുറക്കാന്‍ കാരണം ദുരുപയോഗം വ്യാപകമായ സാഹചര്യത്തിലാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. രാജ്യത്തെ രണ്ടര ലക്ഷം എടിഎമ്മുകള്‍ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാണ്. ഇതില്‍ 22,500 എടിഎമ്മുകള്‍ പുതിയ നോട്ടുകള്‍ ലോഡ് ചെയ്യാവുന്ന രീതിയില്‍ റീകാലിബറേറ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാന്‍ വിവരങ്ങള്‍ നല്‍കി വിവാഹ ആവശ്യങ്ങള്‍ക്ക് രണ്ടരലക്ഷം രൂപ വരെ പിന്‍വലിക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നതാണെന്ന് സാമ്പത്തിക സെക്രട്ടറി ശക്തികാന്ത ദാസ് പറഞ്ഞു.