ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് അനുവദിച്ചുകൊണ്ട് തമിഴ്നാട് പാസാക്കിയ നിയമം സ്റ്റേചെയ്യണമെന്ന് ആവശ്യം സുപ്രീംകോടതി തള്ളി. എന്നാല്‍ നിയമത്തിന് എതിരായ ഹര്‍ജികളില്‍ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു.
നിയമം പാസാക്കാനുള്ള സാഹചര്യം വ്യക്തമാക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ട കോടതി, വിഷയത്തില്‍ ആറാഴ്ചക്കകം വിശദീകരണം നല്‍കാനും നിര്‍ദേശിച്ചു.
സര്‍ക്കാര്‍ പാസാക്കിയ നിയമത്തിനെതിരെ ജെല്ലിക്കെട്ട് നിയമവിധേയമാക്കി തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലിനെതിരെ കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡും മൃഗസംരക്ഷണ പ്രവര്‍ത്തകരുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജെല്ലിക്കെട്ട് നിരോധനം സംബന്ധിച്ച കോടതി ഉത്തരവ് ലംഘിക്കാന്‍ ജനങ്ങളെ അനുവദിച്ചതിന്റെ പേരിലും ക്രമസമാധാനം നിലനിര്‍ത്താന്‍ സാധിക്കാത്തതിലും കോടതി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.
ക്രമസമാധാനം നിലനിര്‍ത്തുക എന്നത് പരിഷ്‌കൃത സമൂഹത്തിന്റെ അടിസ്ഥാന ആവശ്യമാണെന്നും ഇത്തരം സംഭവങ്ങള്‍ അനുവദിച്ച് കൊടുക്കാനാകില്ലെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്‍.എഫ് നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
അതിനിടെ ജെല്ലിക്കെട്ടിന് അനുമതി നല്‍കുന്ന 2016ലെ നോട്ടിഫിക്കേഷന്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി അനുമതി നല്‍കി. നോട്ടിഫിക്കേഷന്‍ ചോദ്യം ചെയ്ത് നല്‍കിയ ഹരജികളില്‍ വിധി പറയാനിരിക്കെയാണ് ഈ നടപടി. അതേസമയം തമിഴ്നാടിന് അനുകൂലമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. ജെല്ലിക്കെട്ട് മരണങ്ങളില്‍ തമിഴ്നാട് സര്‍ക്കാരിനെ പിന്തുണച്ച അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി എല്ലാ കായിക വിനോദങ്ങളിലും മരണമുണ്ടാകാറുണ്ടെന്ന് വാദിച്ചു.
മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരില്‍ 2014 ലാണ് സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചത്. എന്നാല്‍ ഈ മാസം ആദ്യം ജെല്ലിക്കെട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധമുണ്ടാകുകയും തുടര്‍ന്ന് സര്‍ക്കാര്‍ ജെല്ലിക്കെട്ട് അനുവദിച്ച് നിയമം പാസാക്കുകയുമായിരുന്നു.