റാഞ്ചി: ഉത്തരേന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായി ജാര്‍ഖണ്ഡിലെത്തിയ മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ഉജ്വല വരവേല്‍പ്. ജാര്‍ഖണ്ഡിലെ ദളിത്-മുസ്ലിംലീഗ്-ആദിവാസി മേഖലയായ രംഗയില്‍ മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പുതിയ സ്‌കൂള്‍കെട്ടിടത്തിന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.

വിദ്യാഭ്യാസ വിപ്ലവത്തിലൂടെ അടിസ്ഥാന വര്‍ഗത്തെ ഉദ്ധരിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. കേവലം സഹായങ്ങള്‍ ഉപരിവിപ്ലവമാകുമ്പോള്‍ വൈജ്ഞാനിക മുന്നേറ്റം ക്രിയാത്മകവും സ്ഥായിയുമാകുമെന്നും അതിനാണ് മുന്‍തൂക്കം നല്‍കുന്നതെന്നും ഇ.ടി കൂട്ടിച്ചേര്‍ത്തു.

 

ആദിവാസികളും ദളിതരും മുസ്ലിംകളും തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറമാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചവര്‍ പോലും മേഖലയില്‍ അപൂര്‍വ്വമാണ്. താല്‍ക്കാലിക കെട്ടിടത്തില്‍ ആരംഭിച്ച സ്‌കൂളില്‍ ചേരാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് സെറ്റ് യൂണിഫോമുകള്‍ മുസ്ലിംലീഗ് കേരള സംസ്ഥാന സെക്രട്ടറി ഡോ.സി.പി ബാവഹാജി വിതരണം ചെയ്തു.

ദേവ്ഗര്‍ ജില്ലയിലെ ലഹാര്‍ജോറില്‍ ഇന്നലെ വൈകിട്ട് നടന്ന സമ്മേളനത്തിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സമ്മേളനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. ബാവ ഹാജി ഉള്‍പ്പെടെയുള്ളവര്‍ സംസാരിച്ചു. ബീഹാറിലെ സീമാഞ്ചലിലും ബംഗാളിലെ ഉത്തര്‍ദിനാജ്പൂരിലും പ്രളയം തകര്‍ത്ത കര്‍ഷക ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചും മുസ്ലിംലീഗ് സംഘം സഹായങ്ങള്‍ കൈമാറി അവരുടെ കണ്ണീരൊപ്പി.

ജാര്‍ഖണ്ഡിലെ പാക്കൂര്‍ രംഗയില്‍ മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആയിരക്കണക്കിന് ആദിവാസി-ദളിത്-പിന്നാക്ക വിഭാഗക്കാര്‍ക്ക് ശൈത്യകാല വസ്ത്രവും പുതപ്പും വിദ്യാഭ്യാസ കിറ്റും നല്‍കുന്ന പരിപാടി പൊലീസ് തടഞ്ഞിരുന്നു. നിയമ വിധേയമായ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നിലപാടിന് മേഖലയില്‍ വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്. സംഭവം വാര്‍ത്താ പ്രാധാന്യം നേടിയതോടെ ആയിരങ്ങളാണ് ഇന്നലെ സമ്മേളന നഗരിയിലേക്ക് ഒഴുകിയെത്തിയത്.